
കോട്ടയം ബ്യൂറോ
കോട്ടയം: സാമാജികരുടെ പ്രായാധിക്യവും കോവിഡ് വ്യാപനവും കാരണം പറഞ്ഞ് 27ന് നടക്കാനിരുന്നസംസ്ഥാന നിയമസഭയുടെ ഏകദിന സമ്മേളനം മാറ്റിവയ്ക്കാനുള്ള മന്ത്രിസഭാതീരുമാനം വന്നതോടെ, പ്രതിപക്ഷബഹളത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഇടതുമുന്നണി സര്‍ക്കാരെങ്കില്‍ അതിലുമേറെ ആശ്വാസത്തിലാണ,് തത്വത്തില്‍ പ്രതിപക്ഷത്തു തന്നെയായ കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗം. നയതന്ത്രസ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്നാരോപിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ യുഡിഎഫ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയിരിക്കെ, പ്രമേയം വോട്ടിനിട്ടാല്‍, പ്രതിപക്ഷ വിപ്പ് അനുസരിക്കാനും ലംഘിക്കാനുമാവാത്ത ത്രിശങ്കുവിലായിപ്പോയ ജോസ് കെ.മാണി വിഭാഗത്തില്‍ പെട്ട എംഎല്‍എമാരുടെ ദുരവസ്ഥ മീഡിയമംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിശ്വാസപ്രമേയവും, സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള സൗഹൃദത്തിന്റെ പേരിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേ യുവനേതാക്കളെ അണിനിരത്തി സഭയില്‍ അരങ്ങേറാവുന്ന പ്രതിപക്ഷബഹളവും ഒഴിവാക്കാനാണ് കോവിഡിന്റെ നിഴലില്‍ നിയമസഭ മാറ്റിവയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളായ കെ.മുരളീധരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോണ്‍ഗ്രസ് സംസ്ഥാനധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയപരമായി എല്‍ഡിഎഫിന്റെ ഈ തീരുമാനത്തില്‍ ശ്വാസം നേരേ വീണത് ജോസ് കെ.മാണിക്കും അദ്ദേഹത്തോടൊപ്പം നില്ക്കുന്ന കേരളകോണ്‍ഗ്രസ് വിമതവിഭാഗം എംഎല്‍എമാര്‍ക്കുമാണ് എന്നതാണ് സത്യം.
പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ സഖ്യകക്ഷികള്‍ക്ക് പ്രമേയത്തിന്റെ വോട്ടെടുപ്പിന് വിപ്പ് നല്‍കുമായിരുന്നു.സ്വാഭാവികമായി സഖ്യകക്ഷികളില്‍ പെട്ടവര്‍ക്ക് മുന്നണി നിര്‍ദ്ദേശം ലംഘിക്കാനാവില്ല്. അങ്ങനെവന്നാല്‍ ഭരണപക്ഷത്തിനെതിരായി വോട്ടു ചെയ്യേണ്ടി വരും. ജോസ്കെ.മാണി പക്ഷത്തിന്റെ നിലവിലുള്ള നിലനില്പനുസരിച്ച് അങ്ങനെ ചെയ്താല്‍ അത് ഇടതുപക്ഷത്തിന്റെ അപ്രീതി ക്ഷണിച്ചുവരുത്തലും വിദൂരഭാവിയില്‍ പോലും ഇടതുപക്ഷത്തേക്ക് എന്ന സാധ്യത അവസാനിപ്പിക്കുന്നതുമായിത്തീരും. യുഡിഎഫ് വിപ്പ ലംഘിക്കുകയെന്നുവച്ചാലും, തെരഞ്ഞെടുപ്പു ചട്ടപ്രകാരം രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച എം.എല്‍എമാര്‍ എന്ന നിലയ്ക്ക് റോഷി അഗസ്റ്റിനും ജയരാജിനും യുഡിഎഫിന്റെ ഭാഗമെന്ന നിലയ്ക്ക് സാധ്യമാകുമായിരുന്നില്ല. അങ്ങനെ ചെയ്താല്‍ അതവരുടെ സാമാജികത്വം അസ്ഥിരപ്പെടുത്തലിലേക്ക് നയിച്ചേനെ. ഇവ്വിധം, ജോസ് കെ.മാണിപക്ഷം ആര്‍ക്ക് വോട്ട് ചെയ്യും എന്ന ആശങ്കയില്‍ നില്‍ക്കെയാണ് ആശ്വാസമെന്നോണം നിയമസഭ തന്നെ മാറ്റിവയ്ക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്.