KERALANEWSTrending

ആർഎസ്എസ് പ്രവർത്തകർ സഹായിച്ചില്ലെന്ന് ബിജെപി സ്ഥാനാർത്ഥികൾ; സംഘപരിവാർ പ്രസ്ഥാനങ്ങളിൽ പലതും പുലർത്തിയത് ഞെട്ടിക്കുന്ന നിസം​ഗത; കൂടെ നിന്ന ബിഡിജെഎസും കഴിയുന്നത്ര പണി തന്നു; ബിജെപി സ്ഥാനാർത്ഥികളുടെ ആരോപണങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ ബിജെപിയിൽ രൂക്ഷമായ ചേരിപ്പോര് സംഘപരിവാർ സംഘടനകളിലേക്കും പടരുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് സഹായിച്ചില്ലെന്ന പരാതിയാണ് സ്ഥാനാർത്ഥികൾ വ്യാപകമായി ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർഎസ്എസ് നിയോ​ഗിച്ച സംയോജകർ തികഞ്ഞ പരാജയമായിരുന്നെന്നും തെക്കൻ ജില്ലകളിലെ സ്ഥാനാർത്ഥികളുടെ ഓൺലൈൻ മീറ്റിം​ഗിൽ വിമർശനം ഉയർന്നു.

സംഘം നിയോഗിച്ച പലർക്കും രാഷ്ട്രീയത്തെ കുറിച്ച് ബോധ്യമില്ലായിരുന്നുവെന്നും പല നിർദേശങ്ങളും അപ്രായോഗികമായിരുന്നുവെന്നും സ്ഥാനാർത്ഥികൾ വ്യക്തമാക്കി. പല സംഘ്പരിവാർ പ്രസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് പുലർത്തിയ നിസം​ഗത ഞെട്ടിക്കുന്നതായിരുന്നു എന്നും പരാതി ഉയർന്നു. സഖ്യകക്ഷിയായ ബിഡിജെസ് കാലുവാരിയെന്നും നേതാക്കൾ ആരോപിച്ചു.

ബിഡിജെഎസ് ഭാരവാഹി മന്ത്രി തോമസ് ഐസക്ുമായി രഹസ്യ ചർച്ച നടത്തി വോട്ട് മറിച്ചത് വൈപ്പിനിൽ നിന്നുള്ള സ്ഥാനാർത്ഥി എടുത്തു പറഞ്ഞു. കഴിഞ്ഞ തവണ എസ്എൻഡിപി യോഗവും, യോഗ ക്ഷേമ സഭയും കെപിഎംഎസും പിന്തുണ നൽകിയിരുന്നുവെങ്കിൽ ഇത്തവണ അതുണ്ടായില്ലെന്നും യോഗം വിലയിരുത്തി. മുഴുവൻ സമയ പ്രവർത്തനത്തിനായി ഇറങ്ങിയിരിക്കുന്നവർക്ക് പാർട്ടി അലവൻസ് അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പറയുന്ന കാര്യങ്ങൾ പത്രങ്ങളിൽ വരുമെന്നതിനാൽ ചിലർ അഭിപ്രായങ്ങൾ എഴുതി അറിയിക്കാമെന്നും പറഞ്ഞു. ജില്ലാ നേതൃത്വത്തിൽ നിന്നും കാര്യമായ സഹകരണം ലഭിച്ചില്ലെന്ന പരാതിയും എറണാകുളത്ത് നിന്നും ഉയർന്നു.
നാല് സ്ഥാനാർഥികൾ ഒഴികെ മറ്റെല്ലാവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നു.

ജില്ലാ അവലോകന യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തെക്കുറിച്ചുയരുന്ന രൂക്ഷ വിമർശനങ്ങൾ മാധ്യമങ്ങൾ വഴി ചോരുന്നത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന ആശങ്കയെത്തുടർന്നാണ് പരാതികൾ എഴുതി നൽകാൻ ധാരണയായത്. സംസ്ഥാനത്തെ 31 ലക്ഷം പേർ ബിജെപിയിൽ പ്രാഥമിക അംഗത്വം എടുത്തിട്ടുണ്ടെങ്കിൽ പോലും തെരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് വെറും 23.5 ലക്ഷം വോട്ടുകൾ മാത്രമാണെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. നേതൃത്വത്തോടുള്ള പ്രവർത്തകരുടെ അതൃപ്തി കൂടി പ്രതിഫലിച്ച തെരഞ്ഞടുപ്പാണ് കഴിഞ്ഞത്. വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നേതൃത്വത്തിന്റെ പരാജയമാണ് ദയനീയ തോൽവി സൂചിപ്പിക്കുന്നതെന്ന് പാർട്ടിയ്ക്ക് അകത്ത് നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close