KERALANEWSTop News

ആർഎസ്പിയിലെ അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയിലേക്ക്; പാർട്ടിയിൽ നിന്നും അവധിയെടുത്ത് ഷിബു ബേബിജോൺ; പാർട്ടിയിലെ ശക്തനായ നേതാവ് കടുത്ത തീരുമാനത്തിനൊരുങ്ങുന്നു എന്നും സൂചന; എൻ കെ പ്രേമചന്ദ്രൻ പാർട്ടിയിൽ ഒറ്റപ്പെടുന്നു

കൊല്ലം: പാർട്ടിയിൽ നിന്നും അവധിയെടുത്ത് ആർഎസ്പി നേതാവ് ഷിബു ബേബിജോൺ. യുഡിഎഫ് വിടണമെന്ന ഷിബു ബേബിജോണിന്റെ ആവശ്യം അം​ഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി. തന്റെ നിലപാടിനോട് അനുഭാവപൂർണമായ നിലപാട് കൈക്കൊണ്ടില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന സൂചനയാണ് ഷിബു ബേബി ജോൺ പാർട്ടി നേതൃത്വത്തിന് നൽകുന്നത്. പാർട്ടിയിൽ തന്റെ തീരുമാനങ്ങൾക്ക് വേണ്ടത്ര വിലകൽപ്പിക്കുന്നില്ലെന്ന പരാതിയും ഷിബു ജോൺ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോൺ പങ്കെടുത്തിരുന്നില്ല.

പാർട്ടി യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്പി കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന നേതൃയോ​ഗത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും തീരുമാനം എടുക്കാതെ പിരിയുകയായിരുന്നു. മലബാർ മേഖലകളിൽ നിന്നുള്ള നേതാക്കൾ യോ​ഗത്തിന് എത്തിയിരുന്നില്ലെന്നും സുപ്രാധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ ഫുൾ ക്വോറത്തിൽ യോ​ഗം ചേരണമെന്നും സംസ്ഥാന സെക്രട്ടറി നിലപാട് എടുത്തതോടെ യോ​ഗം അവസാനിപ്പിച്ചു. ജൂൺ ഒന്നിന് നടക്കുന്ന നേതൃയോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. അതേ സമയം ഷിബു ബേബി ജോണിന്റെ പാർട്ടി പരിപാടികളിൽ നിന്നുള്ള വിട്ടുനിൽക്കൽ പാർട്ടിയിൽ ആധിപത്യം നേടാനുള്ള സമ്മർദ്ദതന്ത്രമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഇടത് മുന്നണിയിൽ തിരിച്ചെടുക്കുമെങ്കിൽ യുഡിഎഫ് വിടണമെന്ന വികാരമാണ് തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ആർഎസ്പി സംസ്ഥാന നേതൃയോ​ഗത്തിൽ ഉയർന്നത്. എന്നാൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന്റെ നിലപാടുകളാണ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആർഎസ്പിയിലെ നേതാക്കൾക്കോ അണികൾക്കോ ഇടത് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമില്ല. പ്രേമചന്ദ്രനെതിരെ പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ പ്രേമചന്ദ്രന് മാത്രമാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതിന് ബുദ്ധിമുട്ടുള്ളത്. എന്നാൽ, ചവറയിൽ .യുഡിഎഫിന്റെ മുഴുവൻ വോട്ടുകളും ലഭിച്ചിരുന്നെങ്കിൽ താൻ വിജയിക്കുമായിരുന്നു എന്ന ഉറച്ച നിലപാടിലാണ് ഷിബു ബേബിജോൺ. തന്നെ കാലുവാരിയത് കോൺ​ഗ്രസ് നേതാക്കളാണ്. ഇത്തരം ചതിയന്മാരുമായി ഒത്തുപോകാൻ കഴിയില്ലെന്ന നിലപാടാണ് ഷിബു ബേബിജോൺ യോ​ഗത്തിൽ കൈക്കൊണ്ടത്.

മുന്നണിമാറ്റം ആർഎസ്പിയുടെ ശക്തി ക്ഷയിപ്പിച്ചു എന്ന വികാരം വളരെ നാളുകളായി പാർട്ടി അണികളിലും നേതാക്കളിലും ശക്തമാണ്. യുഡിഎഫിൽ എത്തിയശേഷം പാർട്ടിക്കുണ്ടായ തകർച്ച പ്രവർത്തകർക്കിടയിൽ സജീവ ചർച്ച‌യായിട്ടുണ്ട്‌. ആർഎസ്‌പിയുടെ ഇടതുപക്ഷ സ്വഭാവം വീണ്ടെടുക്കണമെങ്കിൽ യുഡിഎഫ്‌ ബന്ധം ഉപേക്ഷിക്കണമെന്നാണ്‌ ഭൂരിപക്ഷം പ്രവർത്തകരുടെയും അഭിപ്രായം. ആർഎസ്‌പിയെ പിളർത്തുകയും തളർത്തുകയും ചെയ്‌ത ചരിത്രമാണ്‌ കോൺഗ്രസിനുള്ളതെന്ന്‌ അവർ ചൂണ്ടിക്കാട്ടുന്നു‌. ബേബിജോൺ ജീവിച്ചിരിക്കുമ്പോൾത്തന്നെ 1999ൽ ഷിബു ബേബിജോണിനെ മുന്നിൽനിർത്തി ആർഎസ്‌പിയെ പിളർത്തിയത്‌ കോൺഗ്രസാണ്‌. ബാബുദിവാകരനും ഒപ്പമുണ്ടായിരുന്നു. എന്നാൽ, പിന്നീട്‌ ബാബുദിവാകരൻ ആർഎസ്‌പി എം എന്നപേരിൽ പുതിയ പാർട്ടിയുണ്ടാക്കി. പിന്നീട്‌ 2014ൽ ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കാൻ ചരടുവലിച്ച ചില ആർഎസ്‌പി നേതാക്കൾക്ക്‌ കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടായിരുന്നു. തുടർന്ന്‌ ഷിബു ബേബിജോണിന്റെ പാർടി ഔദ്യോഗിക ആർഎസ്‌പിയിൽ ലയിച്ചു. ആർഎസ്‌പി യുഡിഎഫിൽ എത്തിയശേഷം നടന്ന 2016, 21 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ പരാജയം നേരിട്ടു. ത്രിതല പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം നാമമാത്രമായി ചുരുങ്ങി.

യുഡിഎഫ്‌ വിടണമെന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറി മുതൽ സാധാരണ പ്രവർത്തകർ വരെ ഒരേ അഭിപ്രായമാണ്‌. ഇന്നത്തെ നിലയിൽ യുഡിഎഫിൽ തുടർന്നാൽ പ്രവർത്തകരോടു മറുപടി പറയാൻ നേതാക്കൾ ഏറെ ബുദ്ധിമുട്ടേണ്ടിവരും. യുഡിഎഫ്‌ പടുകുഴിയിൽ നിലംപതിച്ചെന്നും അധഃപതനത്തിനുള്ള മറുപടിയാണ്‌ ജനം തന്നതെന്നും ഷിബു ബേബിജോൺ വിമർശിച്ചിരുന്നു. എന്നാൽ, നിലവിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് എൻ കെ പ്രേമചന്ദ്രന്. തോറ്റത് ആർഎസ്പി മാത്രമല്ലെന്നും യുഡിഎഫിനാകെ തിരിച്ചടി ഉണ്ടായെന്നും ഇനിയും ജനപിന്തുണ വീണ്ടെടുക്കാൻ കഴിയും എന്നുമാണ് പ്രേമചന്ദ്രന്റെ നിലപാട്.

തെരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന നേതൃയോ​ഗത്തിൽ തന്നെ മുന്നണി വിടണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം നേതാക്കളും കൈക്കൊണ്ടത്.എന്നാൽ, പ്രേമചന്ദ്രൻ വ്യത്യസ്ത നിലപാടെടുത്തു. ഒരുവേള, സിപിഎം പരസ്യമായി ക്ഷണിച്ചാൽ ആലോചിക്കാം എന്ന അഭിപ്രായം അദ്ദേഹം പങ്കുവെച്ചെങ്കിലും അത് നിലവിലെ സാഹചര്യത്തിൽ അപ്രായോ​ഗികമാണെന്ന് ഷിബു തുറന്നടിച്ചു. പ്രേമചന്ദ്രന്റെ നിലപാട് മാത്രമാണ് ആർഎസ്പിക്ക് മുന്നണി മാറ്റത്തിൽ നിലവിൽ തടസ്സമായി നിൽക്കുന്നത്. ഏക എംപി എന്ന നിലയിൽ ഔദ്യോ​ഗിക ആർഎസ്പിയായി പ്രേമചന്ദ്രന് തുടരാനാകും. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ പ്രേമചന്ദ്രനോളം ജനകീയനായ മറ്റൊരാളെ മത്സരിപ്പിക്കാൻ യുഡിഎഫിന് നിലവിൽ ഇല്ലാത്തിടത്തോളം ആ സീറ്റിൽ മത്സരിക്കുകയും ചെയ്യാം. ഇതാണ് പ്രേമചന്ദ്രന് കരുത്താകുന്നത്.

അതേസമയം, ആർഎസ്പിയെ ഒപ്പം കൂട്ടാൻ സിപിഎന്നും കരുനീക്കം ആരംഭിച്ചു. ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ളയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിലെ മുതിർന്ന സിപിഎം നേതാവിന്റെ മുൻകൈയ്യിലാണ് ആശയവിനിമയം നടക്കുന്നത്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ആർഎസ്പി എത്തിയാൽ, ബോർഡ് – കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് ആർഎസ്പി പ്രതിനിധികളെ കൂടി പരി​ഗണിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് തിരികെ നൽകുന്നതും ആലോചിക്കാമെന്ന നിലപാടിലാണ് സിപിഎം. പ്രേമചന്ദ്രൻ യുഡിഎഫിൽ ഉറച്ച് നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ, ഷിബു ബേബിജോണിന് കൊല്ലം പാർലമെന്റ് സീറ്റ് നൽകാൻ സിപിഎം തയ്യാറാകും. പ്രേമചന്ദ്രനെ എതിർക്കാൻ ഷിബു ബേബിജോണിനെക്കാൾ നല്ല സ്ഥാനാർത്ഥി വേറെയില്ലെന്നാണ് ജില്ലയിലെ സിപിഎം നേതാക്കളും പറയുന്നത്.

എൽഡിഎഫ് വിട്ടതിന് ശേഷം നിയമസഭയിലേക്ക് ഒരു അംഗത്തെ പോലും ജയിപ്പിക്കാൻ കഴിയാതെ പോയ പാർട്ടിയാണ് ആർഎസ്പി. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോൾ 2 അംഗങ്ങളെ വിജയിപ്പിക്കാൻ സാധിച്ചിരുന്നു. അന്ന് യുഡിഎഫിൻറെ ഭാഗമായി ആർഎസ്പി ബി ഒരു സീറ്റിലും വിജയിച്ചു. എന്നാൽ 2014 ൽ എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തുകയും ഇരുപാർട്ടികളും ഒന്നാവുകയും ചെയ്തെങ്കിലും 2016 ലെയും 2021 ലേയും തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ ആർഎസ്പിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും പാർട്ടി മത്സരിച്ച അഞ്ച് സീറ്റിലും ദയനീയമായി പരാജയപ്പെട്ടു. ചവറ, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ, ഇരവിപുരും സീറ്റുകളിലായിരുന്നു ആർഎസ്പി ഇത്തവണ മത്സരിച്ചത്. ഇതിൽ ശക്തമായ ഒരു മത്സരമെങ്കിലും കാഴ്ചവെക്കാൻ സാധിച്ചത് ചവറയിൽ ഷിബു ബേബി ജോണിന് മാത്രമാണ്. ബാക്കിയെല്ലാ സീറ്റിലും ആർഎസ്പി സ്ഥാനാർത്ഥികൾ ദയനീയമായി പരാജയപ്പെട്ടു.

ആർഎസ്പിക്ക് സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. എന്നാൽ, ഇടത് മുന്നണിയിലെ സിപിഎമ്മിനും സിപിഐക്കും ജില്ലയിൽ മൃ​ഗീയ ഭൂരിപക്ഷമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇടത് മുന്നണി ആധിപത്യം പുലർത്തുന്ന ജില്ലയാണ് കൊല്ലം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേ നാളുകളായി പാർട്ടിയിലേക്ക് പുതുമുഖങ്ങൾ എത്തുന്നുമില്ല. ഇങ്ങനെ പോയാൽ പാർട്ടി പതിയെ അസ്തമിക്കും എന്ന സന്ദേശമാണ് താഴെ തട്ടിലെ പ്രവർത്തകർ നേതൃത്വത്തിന് നൽകുന്നത്.

ജില്ലയിലെ കശുവണ്ടി മേഖലയിലെ തൊഴിലാളികളും ടൈറ്റാനിയം, ഐആർഇ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുമാണ് പാർട്ടിയുടെ ശക്തി. അധികാരത്തിന്റെ പിൻബലമില്ലാതെ ഈ തൊഴിലാളികളെ സംരക്ഷിച്ച് നിർത്താൻ ആർഎസ്പിക്ക് കഴിയില്ല. പല കശുവണ്ടി ഫാക്ടറികളിലും സിഐടിയുവിനും എഐടിയുസിക്കും ഒപ്പം ശക്തമായ സംഘടനയാണ് ആർഎസ്പി ട്രേഡ് യൂണിയനായ യുടിയുസി. ടൈറ്റാനിയത്തിലും ഐആർഇയിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ, തൊഴിലാളികൾക്ക് പല കാര്യങ്ങളും ചെയ്ത് കൊടുക്കണമെങ്കിൽ അധികാരം ആവശ്യമാണ്. ഇല്ലാത്ത പക്ഷം അവർ മറ്റ് ഇടത് യൂണിയനുകളിലേക്ക് ചേക്കേറും. ഇതാണ് ആർഎസ്പി നേതൃത്വത്തെ ഉത്കണ്ഠയിലാഴ്ത്തുന്നത്.

കൊല്ലം ജില്ലയിൽ ആർഎസ്പിയുടെ മാത്രമല്ല, യുഡിഎഫിന്റെ ആകെ കരുത്തുറ്റ മുഖമായിരുന്നു ഷിബു ബേബിജോൺ. സാധാരണ കോൺ​ഗ്രസ് പ്രവർത്തകരിൽ വലിയൊരു വിഭാ​ഗവും ഷിബു ബേബിജോണിന്റെ ആരാധകരായിരുന്നു. ഇതിൽ ജില്ലയിലെ കോൺ​ഗ്രസ് നേതാക്കളും അസംതൃപ്തരായിരുന്നു. തങ്ങളെക്കാൾ ജനകീയനായ യുഡിഎഫ് നേതാവിന് ഇക്കുറി ചവറയിൽ പണികൊടുത്തത് കോൺ​ഗ്രസ് നേതാക്കളാണെന്ന് ആർഎസ്പിയും ഷിബു ബേബിജോണും ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇനി യുഡിഎഫിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലാണ് ഷിബു ബേബിജോണും കൂട്ടരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close