Breaking NewsKERALANEWSTop News

ആർഎസ്പിയുടെ സ്വാഭാവിക മരണം ലക്ഷ്യമിട്ട് ഇടത് മുന്നണി നേതൃത്വം; യുഡിഎഫ് വിടുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടും മുന്നണിയിലേക്ക് ക്ഷണമില്ല; പാർട്ടിയിലെ കൊഴിഞ്ഞുപോക്കും ശക്തം

കൊല്ലം: യുഡിഎഫ് വിട്ട് ഇടതു മുന്നണിയുടെ ഭാ​ഗമാകാൻ തയ്യാറെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിട്ടും ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തയ്യാറാകാതെ സിപിഎമ്മും സിപിഐയും. തകർന്നടിഞ്ഞ ആർഎസ്പിയെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. ആർഎസ്പി എൽഡിഎഫിലേക്ക് വരുന്നതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ​ഗുണവുമില്ലെന്ന് സിപിഐയും വിലയിരുത്തുന്നു. മാത്രമല്ല, വിവിധ ഭാ​ഗങ്ങളിൽ നിന്നും ആർഎസ്പി പ്രവർത്തകർ സിപിഎമ്മിലും സിപിഐയിലും ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധരായി വരുന്നുണ്ട്. ഇത്തരത്തിൽ ആർക്കും നിലവിലെ ഇടത് മുന്നണിയിലെ ഏത് ഘടക കക്ഷികളിലേക്കും എത്താമെന്നും എന്നാൽ, പുതിയ ഒരു പാർട്ടിയേയും മുന്നണിയിലേക്ക് ക്ഷണിക്കേണ്ട എന്നുമാണ് സിപിഎം നിലപാട്.

കഴിഞ്ഞ പത്തു വർഷത്തിനിടെ ആർഎസ്പിയു‌ടെ അടിത്തറ തകരുകയല്ലാതെ ശക്തിപ്പെട്ടിട്ടില്ല എന്നാണ് ഇടത് മുന്നണി വിലയിരുത്തുന്നത്. വെന്റിലേറ്ററിൽ കിടക്കുന്ന ഒരു പാർട്ടിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുകയാണ് നല്ലത്. ആർഎസ്പിയിൽ നിൽക്കുന്ന പ്രവർത്തകർക്കോ നേതാക്കൾക്കോ സിപിഎമ്മിലോ സിപിഐയിലോ മുന്നണിയിലെ മറ്റേത് പാർട്ടിയിലേക്കോ വരാം. വരുന്നവരുടെ കഴിവിനനുസരിച്ച് അർഹമായ പരി​ഗണന നൽകും. ഇതിനപ്പുറം ആർഎസ്പിയുടെ കാര്യത്തിൽ മറ്റൊന്നും ചെയ്യാനാകില്ല എന്ന നിലപാടിലാണ് സിപിഎം.

ആർഎസ്പിയെ ഇപ്പോൾ മുന്നണിയിലെടുക്കുന്നതിനോട് സിപിഐക്കും യോജിപ്പില്ല. തെരഞ്ഞെടുപ്പ് മുഖത്തെത്തി നിൽക്കുന്ന സമയത്താണ് ആർഎസ്പി ഇ‌ടത് മുന്നണി വിട്ട് യുഡിഎഫിന്റെ ഭാ​ഗമാകുന്നത്. അന്ന് സമവായ ചർച്ചകൾക്ക് സിപിഐ ശ്രമിച്ചിരുന്നെങ്കിലും ആർഎസ്പി നേതാക്കൾ സിപിഐ നേതൃത്വവുമായി സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ല. സമയം ഒരുപാട് വൈകിപ്പോയി എന്നായിരുന്നു അന്ന് ആർഎസ്പി നേതാക്കൾ സിപിഐ നേതൃത്വത്തോട് പറഞ്ഞത്. ആർഎസ്പി ഇല്ലാതെ തുടർച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വലമായ വിജയം നേടാൻ ഇ‌ടത് മുന്നണിക്ക് കഴിഞ്ഞിരുന്നു. ഇടത് മുന്നണിയുടെ ശക്തികേന്ദ്രമായ കൊല്ലം ജില്ലയിൽ മാത്രമാണ് നിലവിൽ ആർഎസ്പിക്ക് കുറച്ചെങ്കിലും പ്രവർത്തകർ ഉള്ളത്. മറ്റ് ജില്ലകളിൽ പ്രവർത്തിക്കുന്ന ഒറ്റപ്പെട്ട ആർഎസ്പി പ്രവർത്തകരിൽ പലരും സിപിഎമ്മിലേക്കോ സിപിഐയിലേക്കോ ചേക്കേറുന്ന പ്രവണതയും നിലവിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ആർഎസ്പിയിൽ കൊഴിഞ്ഞുപോക്ക് ശക്തമായത്. കഴിഞ്ഞ നിയമസഭയിലും ഈ നിയമസഭയിലും ആർഎസ്പിക്ക് പ്രതിനിധികൾ ഉണ്ടായിരുന്നില്ല. വളരെ നീണ്ടകാലം അധികാരത്തിന് പുറത്ത് നിൽക്കേണ്ടി വന്നതോടെയാണ് പ്രവർത്തകർ പാർട്ടി വിടാൻ തുടങ്ങിയത്. ഇതിന് പിന്നാലെ പാർട്ടിയിലെ നേതാക്കളും മുന്നണി മാറ്റം എന്ന ആവശ്യം ഉയർത്തി രം​ഗത്തെത്തി. കൊഴിഞ്ഞു പോക്ക് തടയുന്നതിനായാണ് ​ഗത്യന്തരമില്ലാതെ ആർഎസ്പി സംസ്ഥാന സെക്രട്ടറിക്ക് തന്നെ മുന്നണിമാറ്റം ഉണ്ടാകും എന്ന് പരസ്യമായി പറയേണ്ടി വന്നത്.

ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ഷിബു ബേബിജോണുമായി ചില സിപിഎം നേതാക്കൾ നേരത്തേ ചർച്ച നടത്തിയിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ കൊല്ലം എംപി പ്രേമചന്ദ്രനോട് സിപിഎമ്മിന് ഇപ്പോഴും താത്പര്യമില്ല. അതുകൊണ്ടുതന്നെ അത്തരം ചർച്ചകൾ പിന്നീട് മുന്നോട്ടുപോയില്ല. ഇതിന് പിന്നാലെ ആർഎസ്പിയിലെ കൊഴിഞ്ഞുപോക്ക് വീണ്ടും ശക്തമായിരിക്കുകയാണ്.

അതിനിടെ, ചവറയിൽ കോൺ​ഗ്രസുമായുള്ള ആർഎസ്പി പ്രവർത്തകരുടെ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും ആർഎസ്പി പ്രവർത്തകർ പങ്കെടുത്തിരുന്നില്ല. മരംമുറി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു യുഡിഎഫിന്റെ നേതൃത്വത്തിൽ നീണ്ടകരയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ, യുഡിഎഫ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് ആർഎസ്പി തീരുമാനിക്കുകയായിരുന്നു.

യു.ഡി.എഫ്. നടത്തുന്ന എല്ലാ പരിപാടികളും ആർ.എസ്.പി. ബഹിഷ്കരിക്കുന്നു എന്നാണ് കോൺ​ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇത് മുന്നണി വിടുന്നതിന് മുന്നോടിയാണോ എന്ന് വ്യക്തമല്ലെന്നും കോൺ​ഗ്രസ് നേതാക്കൾ പറയുന്നു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറയിൽ ആർഎസ്പി സ്ഥാനാർത്ഥി പരാജയപ്പെട്ടതോടെയാണ് അവർക്ക് പിണക്കം തുടങ്ങിയതെന്നും കോൺ​ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ചവറയിൽ നിയമസഭാതിരഞ്ഞെടുപ്പുമുതൽ തുടങ്ങിയ പ്രശ്നങ്ങളാണ് പരിഹാരമില്ലാതെ തുടരുന്നത്. ചവറ നിയോജകമണ്ഡലം ചെയർമാനെച്ചൊല്ലി ഉടലെടുത്ത തർക്കവും ഇനിയും രമ്യതയിലെത്തിയിട്ടില്ല. നീണ്ടകരയിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ സമരം ഡി.സി.സി. സെക്രട്ടറി ചക്കനാൽ സനൽകുമാറാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, ചവറ മണ്ഡലത്തിലെ പ്രധാന ഘടകകക്ഷിയും മണ്ഡലത്തിൽ മത്സരിക്കുന്ന പാർട്ടിയുമായ ആർഎസ്പിയുടെ പ്രാദേശിക നേതാക്കളാരും പരിപാടിയിൽ പങ്കെടുത്തില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close