KERALANEWSTrending

ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയിലും ഭൂരിപക്ഷം പേർക്കും താത്പര്യം ഇടത് മുന്നണിയിൽ എത്തണമെന്ന്; എത്രയും വേ​ഗം യുഡിഎഫ് വിടണമെന്ന് നേതാക്കൾ; പ്രേമചന്ദ്രന്റെ സ്വാർത്ഥതാത്പര്യത്തിന് പാർട്ടി താത്പര്യം ബലികൊടുക്കരുതെന്ന വികാരം ശക്തം

തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് വ്യക്തമായ തീരുമാനം എടുക്കാനാകാതെ ആർഎസ്പി. ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോ​ഗത്തിലും ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടത് എത്രയും പെട്ടെന്ന് യുഡിഎഫ് വിടണമെന്നാണ്. ഇടത് മുന്നണി പ്രവേശനം അല്പം താമസിച്ചാലും എത്രയും പെട്ടെന്ന് യുഡിഎഫ് വിടണമെന്നും സ്വതന്ത്രമായി നിന്ന് കാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. കേന്ദ്ര സർക്കാരിനെതിരായ സമരങ്ങളിൽ ദേശീയ തലത്തിൽ ഇടത് മുന്നണിയുടെ ഭാ​ഗമായത് കൊണ്ടുതന്നെ കേരളത്തിലും സഹകരിക്കാനാകും. പിന്നീട്, ഉചിതമായ സമയത്ത് എൽഡിഎഫ് പ്രവേശനം സാധ്യമാക്കാം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ നിന്നും വിട്ടുനിന്ന ഷിബു ബേബിജോണും ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു.

കോൺ​ഗ്രസിലെ തലമുറ മാറ്റം എന്ന പേരിൽ നടപ്പാക്കിയ നേതൃമാറ്റം മുന്നണി സംവിധാനത്തിൽ കൂടുതൽ കുഴപ്പങ്ങൽ സൃഷ്ടിക്കുകയേയുള്ളൂ എന്നാണ് ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. സ്വന്തം ഇമേജ് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് കെ സുധാകരനും വി ഡി സതീശനും നടത്തുന്നത്. രാഷ്ട്രീയം പറയാനും മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകാനും ഇരുവരും താത്പര്യം കാണിക്കുന്നില്ല. സ്ഥാനങ്ങൾ ഏറ്റെടുത്ത ശേഷം പോലും പാർട്ടിയുടെ പരാതികളെ അനുഭാവപൂർവം പരി​ഗണിക്കാൻ ഇരുവരും തയ്യാറായില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഇടത് മുന്നണിയിലേക്ക് തിരികെ പോകുന്നത് എത്രത്തോളം ശുഭകരമാകും എന്ന ആശങ്ക സംസ്ഥാന നേതൃത്വം ഉയർത്തി.

ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകളും ​ഗൗരവമായ കൂടിയാലോചനകളും വേണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം. ജുലൈ 8 ന് വീണ്ടും സംസ്ഥാന കമ്മിറ്റി ചേരാനിരിക്കുകയാണ്. 7 ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നതിന് ശേഷമാകും 8 ന് സംസ്ഥാന കമ്മിറ്റി വീണ്ടും ചേരുക. അന്ന് യുഡിഎഫ് വിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാകുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ.

കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ഷിബു ബേബിജോൺ പങ്കെടുക്കാതിരുന്നതോടെ എൻ കെ പ്രേമചന്ദ്രൻ സമ്മർദ്ദത്തിലാകുകയായിരുന്നു. ഉചിതമായ സമയത്ത് ഇടത് മുന്നണിയിലേക്ക് പോകാം എന്ന് പ്രേമചന്ദ്രന് തന്നെ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ പറയേണ്ടി വന്നു. സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ സാന്നിധ്യത്തിലായിരുന്നു യോ​ഗം. ഷിബു ബേബിജോൺ യോ​ഗത്തിന് എത്താതിരുന്നതോടെ പ്രേമചന്ദ്രൻ അപകടം മണത്തു. ഷിബു ബേബിജോൺ പാർട്ടി പിളർത്തിയാൽ ഭൂരിപക്ഷം അണികളും ഷിബു ബേബിജോണിനൊപ്പം പോകുമെന്ന് പ്രേമചന്ദ്രനും ബോധ്യമുണ്ട്. അതിനാൽ, മുന്നണിമാറ്റം എന്ന പൊതു വികാരത്തിനൊപ്പം ആണ് താനെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ പ്രേമചന്ദ്രന് പറയേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ ഷിബു പങ്കെടുത്തത്.

മുന്നണി മാറ്റം സംബന്ധിച്ച് ആർഎസ്പി നേതൃത്വം നടത്തുന്ന ചർച്ചകളിൽ കൊല്ലം പാർലമെന്റ് സീറ്റ് ചോദിച്ച് വാങ്ങണം എന്ന നിലപാടാണ് പ്രേമചന്ദ്രന്. തനിക്ക് സ്ഥാനമോഹം ഉണ്ടായിട്ടല്ലെന്നും രാജ്യത്ത് പാർട്ടിക്ക് നിലവിലെ സാഹചര്യത്തിൽ ജയിക്കാൻ കഴിയുന്ന ഏക സീറ്റാണ് കൊല്ലം എന്ന ബോധ്യം ഉണ്ടാകണമെന്നും പ്രേമചന്ദ്രൻ പറയുന്നു. ചവറക്കും കൊല്ലത്തിനും കേരളത്തിനും അപ്പുറം കുറച്ച് പേരെങ്കിലും ഇപ്പോഴും ഈ പാർട്ടിക്ക് പിന്നിലുണ്ടെന്നുമാണ് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ കൊല്ലം ലോക്സഭാ സീറ്റ് വിട്ടുകൊടുത്തുള്ള ഒരു ധാരണക്കും തയ്യാരാകരുത് എന്നാണ് പ്രേമചന്ദ്രന്റെ നിലപാട്.

അതേസമയം, ഇടത് മുന്നണിയിലേക്ക് ഇപ്പോഴത്തെ നിലയിൽ കയറിച്ചെന്നാൽ യാതൊരു പരി​ഗണനയും ലഭിക്കില്ലെന്നും പ്രേമചന്ദ്രൻ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ പറഞ്ഞു. അതുകൊണ്ട് താഴെ തട്ട് മുതൽ പാർട്ടി പ്രവർ‌ത്തകരെ ഉണർന്ന് പ്രവർത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത മാസം പതിനഞ്ച് മുതൽ ലോക്കൽ – മണ്ഡലം കമ്മിറ്റികൾ കൂടി പുനസംഘടന നടത്തണമെന്നും പാർട്ടി തീരുമാനിച്ചു. ഓ​ഗസ്റ്റ് ഒമ്പതിന് പാർട്ടി പ്ലീനത്തിന് മുമ്പ് തന്നെ കീഴ്ഘടകങ്ങളുടെ പുനസംഘടന പൂർത്തിയാക്കി പാർട്ടി മെഷീനറിയെ ചലിപ്പിക്കാനാണ് തീരുമാനം.

കൊല്ലം പാർലമെന്റ് മണ്ഡലത്തിന്റെ പേരിൽ ഇടത് മുന്നണി പ്രവേശനത്തിന് സിപിഎമ്മുമായി വിലപേശൽ അപ്രായോ​ഗികമാണെന്ന നിലപാടാണ് ഷിബുവിനും കൂട്ടർക്കും. അതേസമയം, ഇപ്പോൾ ഇടത് മുന്നണിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുകയും സമയമെത്തുമ്പോൾ സീറ്റുകളും സ്ഥാനങ്ങളും സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനം എടുക്കുകയുമാണ് വേണ്ടത് എന്ന വാദമാണ് ഇവർ ഉയർത്തുന്നത്. എന്നാൽ, ഇതിന് വഴങ്ങാനാകില്ലെന്ന് പ്രേമചന്ദ്രനും കൂട്ടരും നിലപാടെടുക്കും.

ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബിജോൺ എത്തണമെന്ന വികാരമാണ് പാർട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും പങ്കുവെക്കുന്നത്. യുഡിഎഫ് വിടണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ആകും മുമ്പ് പാർട്ടിയുടെ നേതൃത്വം ശക്തമായ കരങ്ങളിൽ എത്തണം എന്നതാണ് ഇവർ ആവശ്യപ്പെടുന്നത്. പാർട്ടി സെക്രട്ടറിയാകാനുള്ള നീക്കങ്ങളാണ് ഷിബു ബേബിജോണും നടത്തുന്നത്. എന്നാൽ, ഷിബു ബേബി ജോൺ പാർട്ടി സെക്രട്ടറി ആകാതിരിക്കാനുള്ള നീക്കങ്ങളാണ് എൻ കെ പ്രേമചന്ദ്രൻ നടത്തുന്നത്.

ഷിബു ബേബി ജോൺ ആർഎസ്പി ബി എന്ന പാർട്ടിയുമായി യുഡിഎഫിൽ നിൽക്കുന്ന സമയത്തായിരുന്നു ആർഎസ്പി യുഡിഎഫിലേക്ക് എത്തുന്നത്. ഇതിന് കരുക്കൾ നീക്കിയത് ഷിബു ബേബിജോണും ആയിരുന്നു. എന്നാൽ, പിന്നീട് ആർഎസ്പിയുടെ ഇരു വിഭാ​ഗങ്ങളും ലയിച്ച് ഒറ്റ പാർട്ടി ആകുകയും ചെയ്തു. ഫലത്തിൽ പാർട്ടി ലയനമല്ല, ആർഎസ്പി ബിയെ ഒദ്യോ​ഗിക ആർഎസ്പി വിഴുങ്ങുകയാണ് ഉണ്ടായത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം മാത്രമായി ഷിബു ബേബി ജോൺ ഒതുങ്ങി. എ എ അസീസ് പാർട്ടി സെക്രട്ടറിയും എൻ കെ പ്രേമചന്ദ്രൻ എംപിയുമായി. പാർട്ടിയിലും പാർ‌ലമെന്ററി രം​ഗത്തും അദികാരമില്ലാതെ ഷിബു ബേബി ജോണിനെ പാർട്ടിയിലെ ഒരു വിഭാ​ഗം ഒതുക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഷിബു ബേബിജോണിനെ തോൽപ്പിക്കാൻ മുന്നിൽ നിന്നത് ആർഎസ്പിയിലെ തന്നെ ഒരു വിഭാ​ഗമായിരുന്നു. എൻ കെ പ്രേമചന്ദ്രന്റെ വിശ്വസ്തനും ജില്ലാ പഞ്ചായത്ത് അം​ഗവുമായ സി പി സുധീഷ് കുമാറിനെ ചവറയിൽ മത്സരിപ്പിക്കണം എന്നായിരുന്നു ഒരു വിഭാ​ഗം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ചവറയിലെ 50 വാർഡുകളിൽ മാത്രം സി പി സുധീഷ് കുമാറിന് 12,000 വോട്ടുകളുടെ ലീഡ് നേടാൻ കഴിഞ്ഞിരുന്നു. ഇവിടെയാണ് ഷി ബു ബേബിജോൺ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.

ആർഎസ്പികൾ ഒന്നായ ശേഷം ഷിബു ബേബിജോണിനെ ഒതുക്കാനുള്ള ശ്രമങ്ങൾ എൻ കെ പ്രേമചന്ദ്രനും കൂട്ടരും നടത്തിയെന്ന് ഷിബുവിനൊപ്പം നിൽക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഷിബു ബേബി ജോൺ നിർദ്ദേശിച്ച ആളെ ജില്ലാ സെക്രട്ടറിയായി പോലും നിയമിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ചവറയിലെ കാലുവാരലും. ഇടത് മുന്നണിയിൽ കടുത്ത അവ​ഗണന നേരിട്ട പ്രേമചന്ദ്രനെ യുഡിഎഫിലെത്തിച്ച് സംരക്ഷിച്ച ഷിബു ബേബി ജോണിനെ പ്രേമചന്ദ്രൻ തിരിഞ്ഞ് കൊത്തി എന്ന വികാരമാണ് ഷിബു ബേബി ജോണിനൊപ്പം നിൽക്കുന്നവർക്കുള്ളത്.

പാർട്ടി പ്ലീനം വിളിക്കണം എന്ന നിർദ്ദേശം ഷിബു ബേബിജോൺ മുന്നോട്ട് വെച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഭൂരിപക്ഷവും പ്രേമചന്ദ്രനൊപ്പമാണ്. എന്നാൽ, മണ്ഡലം സെക്രട്ടറിമാരും ജില്ലാ കമ്മിറ്റികളിലും ഭൂരിപക്ഷവും ഷിബുവിനെ പിന്തുണയ്ക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പാർട്ടി സമ്മേളനങ്ങൾ നീളും എന്നത് കൊണ്ടു തന്നെ പുനസംഘടനയും ഈ യോ​ഗത്തിൽ ഉണ്ടാകും. ഇതോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയാകാനും പിന്നീട് ഉചിതമായ സമയത്ത് ഇടത് ചേരിയിലേക്ക് മാറാനുമാണ് ഷിബു ബേബിജോൺ പദ്ധതിയിടുന്നത്.

ഓ​ഗസ്റ്റ് ഒമ്പതിനാണ് ആർഎസ്പി പാർട്ടി പ്ലീനത്തിന് സമാനമായ യോ​ഗം വിളിച്ചിരിക്കുന്നത്. സംസ്ഥാന സമിതി അം​ഗങ്ങളും ജില്ലാ നേതാക്കളും മണ്ഡലം ഭാരവാഹികളും ഉൾപ്പെടെ 500 ഓളം പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുക്കും. എൻ കെ പ്രേമചന്ദ്രൻ ഒഴിയെയുള്ള എല്ലാ സംസ്ഥാന നേതാക്കളും ആർഎസ്പി ഇടത് പാളയത്തിൽ എത്തണമെന്ന നിലപാടിലാണ്. എന്നാൽ, യുഡിഎഫിൽ പാർട്ടി തുടരുന്നതാണ് ​ഗുണകരം എന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. അതേസമയം, പാർട്ടിയുടെ പൊതുതീരുമാനം എന്തായാലും അത് അം​ഗീകരിക്കും എന്നാണ് പ്രേമചന്ദ്രൻ പാർ‌ട്ടി നേതൃയോ​ഗത്തിൽ വ്യക്തമാക്കിയത്. ഇതോടെ പ്ലീനറി സമ്മേളനത്തിന് തുല്യമായ നിലയിൽ യോ​ഗം വിളിക്കുവാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഷിബു ബേബിജോണും സംസ്ഥാന സെക്രട്ടറി എ എ അസീസും ഉൾപ്പെടെയുള്ള പ്രമുഖർ ആർഎസ്പി യുഡിഎഫ് വിടണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, പ്രേമചന്ദ്രന് സിപിഎമ്മിനോടും പിണറായി വിജയനോടും ഒത്തുപോകാനാകില്ലെന്ന സമീപനമാണ്. വ്യക്തി താൽപര്യങ്ങളല്ല, പ്രസ്ഥാനത്തിന്റെ നിലനിൽപ്പാണ് പ്രധാനം എന്ന് ഷിബു ബേബിജോണും അസീസും വ്യക്തമാക്കിയതോടെയാണ് നേതൃയോ​ഗമല്ല പാർട്ടി എന്നും പാർട്ടിയുടെ പൊതു തീരുമാനം എന്തായാലും അം​ഗീകരിക്കും എന്ന നിലപാടിലേക്ക് പ്രേമചന്ദ്രൻ എത്തിയത്.

നിലവിൽ കൊല്ലത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും മാത്രമാണ് മുന്നണിമാറ്റം ആവശ്യപ്പെടുന്നത് എന്നതാണ് പ്രേമചന്ദ്രന് ആത്മവിശ്വാസം നൽകുന്നത്. മറ്റ് ജില്ലകളിലെ ഭാരവാഹികൾ കൂടി പങ്കെടുക്കുന്ന യോ​ഗത്തിൽ ഭൂരിപക്ഷവും തന്റെ നിലപാടിനെ പിന്തുണയ്ക്കും എന്നും പ്രേമചന്ദ്രൻ കരുതുന്നു. മറിച്ച് സംഭവിച്ചാൽ, ഒന്നുകിൽ പ്രേമചന്ദ്രന് പാർട്ടിക്ക് വിധേയപ്പെട്ട് മുന്നണി മാറ്റം അം​ഗീകരിച്ച് ഇടത് മുന്നണിയിലേക്ക് വരേണ്ടി വരും. അതല്ലെങ്കിൽ പാർട്ടി പിളർത്തുകയോ തനിയെ കോൺ​ഗ്രസിലേക്ക് ചേക്കേറുകയോ ചെയ്യേണ്ടി വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close