ആ നിത്യമേഘം മറഞ്ഞു….

വജ്രം തുളച്ചിരിക്കുന്ന രത്നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ കടന്നു പോന്നു, ഭാഗ്യത്താല്‍ വെറും നൂലായിരുന്നുഞാന്……. ഒരു നിത്യ മേഘം അത് അനന്തവിഹായസ്സിലേക്ക് മറഞ്ഞപ്പോള്‍ ഭൂമിയില്‍ ബാക്കിയായത് പെയ്തിറങ്ങിയ ഇതുപോലൊരുകൂട്ടം കവിതാശീലുകള് മാത്രമല്ല ആ പെരുമ കൂടിയാണ്, അതെ അക്കിത്തം അച്ചുതന് നമ്പൂതിരി ഓര്‍മ്മയിലേക്ക് ചേക്കേറിയിരിക്കുന്നു. വെളിച്ചത്തിന്റെ വര്‍ണരാജികളില്‍ അഭിരമിക്കുന്നവരോട് വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന് പറയാന്‍ അക്കിത്തത്തിനായി
അകത്തളത്തില്‍ നിന്ന് വിപ്ലവത്തിലേക്ക്
നമ്പൂതിരി സമുദായത്തില്‍ നിന്ന അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ഒരു വിപ്ലവകരമായ തുടക്കമായിരുന്നു അക്കിത്തത്തിന്റേത്. വിറ്റി ഭട്ടതിരിപ്പാടിന്റെയും ഇഎംസിന്റെയും സമകാലികനും കൂടാതെ അവരോടൊത്തു പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. വിപ്ലവത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആ കാലത്ത് എഴുതിയ കവിതകളില്‍ തെളിഞ്ഞു നിന്നിരുന്നതും മാറ്റത്തിനുള്ള ആഹ്വാനമായിരുന്നു. അന്നൊരുപക്ഷെ ആരും ചിന്തിച്ചുകാണില്ല കാലം അക്കിത്തിനെ ഒരു ഋഷികവിയാക്കിമാറ്റുമെന്ന്. അന്ന് ഉണ്ണി നമ്പൂതിരി പോലുള്ള സമകാലികങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു ഇദ്ദേഹം. വിറ്റിയും മറ്റും മുന്‍കൈ എടുത്ത് നമ്പൂതിരി സമുദായത്തെ സമുദ്ധരിക്കാനാരംഭിച്ച ആനുകാലികങ്ങളില്‍ ഒന്നായിരുന്നു ഉണ്ണി നമ്പൂതിരി. ഇതുകൂടാതെ മംഗളോദയത്തിലും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം പിന്നീട് വഴിമാറി ഒഴുകുകയായിരുന്നു പിന്നീട്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തീര്‍ത്ത മാറ്റം
കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനത്തില്‍ എഴുതിയതെന്ന് പറയപ്പെട്ട ഒരു കൃതി, പക്ഷെ അത് പുറത്തു വന്നതിനു ശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് വിരുദ്ധനായി അറിയപ്പെടാന്‍ തുടങ്ങി. മലയാള സാഹിത്യത്തില്‍തന്നെ അക്കിത്തത്തിന് സ്വന്തമായൊരു സ്ഥാനം നേടിക്കൊടുത്ത ഈ രചന ഇന്നും കാവ്യലോകത്തൊരു മഹത്തായ സൃഷ്ടിതന്നെയാണ്. പക്ഷെ പിന്നീട് ഭക്തിരസങ്ങളും ആധ്യാത്മികതയും അക്കിത്തം കവിതകളില്‍ കടന്നു വന്നു തുടങ്ങി. ആദ്യം മനുഷ്യത്ത്വപരമായ വികാരങ്ങളിലേക്കും മറ്റുമാണ് ചുവടുമാറിയതെങ്കില് പിന്നീടത് ഭക്തിതന്നെയായി മാറുകയായിരുന്നു. ആ കാലത്താക്കാകാം ‘ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി ചിലവാക്കവെ ഹൃദയത്തിലുലാവുന്നു നിത്യ നിര്‍മ്മല പൗര്‍ണമി ‘ എന്നദ്ദേഹം എഴുതിയത്. അതേകാലത്തുതന്നെ എഴുതപ്പെട്ടതായിന്നു ‘ ഇടിഞ്ഞു പൊളിഞ്ഞ ലോകം’ എന്ന രചന. ഇതില്‍ ലോകത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ വിശ്വാസങ്ങളെയും അച്ചടക്കമില്ലായ്മയും എല്ലാം തുറന്നു കാട്ടുന്നുണ്ട്.
ഭക്തി, ഭാഗവത വിവര്ത്തനത്തിലെത്തിയപ്പോള്
പരിവര്‍ത്തനങ്ങള്‍ കാലം കടത്ത് പൂര്‍ണമായും സാത്വികഭാവത്തിലെത്തിയ ജീവിതസായാഹ്നകാലത്താണ് ഭാഗവതവിവര്ത്തനവും മറ്റു അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഒടുവില്‍ ഈ മാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത് എഴുത്തുകാരനായ സക്കറിയയെ പോലുള്ള പ്രമുഖര്‍. ഹിന്ദു വര്‍ഗീയതയെ താലോലിക്കുന്നതെന്ന ആ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ജ്ഞാനപീഠവും കൂടിയായപ്പോള്‍ വിവാദങ്ങള്‍ മുറുകുകയായിരുന്നു. പക്ഷെ വിമര്ശനമുയര്ത്തിയവര്ക്ക് മറുത്തൊരഭിപ്രയമില്ലാത്തൊരു വസ്തുത അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കേണ്ടതുതന്നെയെന്ന കാര്യത്തിലായിരുന്നു.
കാലമെത്ര ഒഴുകിയാലും അതെത്രയൊക്കെ ഗതിമാറിയാലും മലയാളകവിത ഋഷികവി എന്ന് വാഴ്തിയ ഒരാളേ ഉള്ളു, മലയാളത്തിന്റെ സ്വന്തം അക്കിത്തം