INDIANEWSTop News

ആ ശബ്ദം നിലച്ചു, നിത്യഹരിതഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു


നിത്യഹരിതഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശഡോക്ടര്‍മാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്‌മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും വീട്ടില്‍ത്തന്നെ ചികിത്സ തേടുകയാണെന്നും ആരാധകരോട് പറഞ്ഞത്. പക്ഷേ പിന്നീട് നില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഒരു വേളയില്‍ നില വളരെ മെച്ചപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു.

ഇന്ത്യന്‍ കലാലോകം മുഴുവന്‍ പ്രാര്‍ത്ഥനകളോടെ എസ്പിബിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍. ചിരഞ്ജീവി, ഇസൈജ്ഞാനി ഇളയരാജ, ഗായകരായ ഹരിഹരന്‍, കെ എസ് ചിത്ര, സുജാത, യുവതാരങ്ങളായ കാര്‍ത്തി, അരുണ്‍ വിജയ്, സംവിധായകരായ ഭാരതിരാജ, എ ആര്‍ മുരുഗദോസ്, കാര്‍ത്തിക് സുബ്ബരാജ് അങ്ങനെ നിരവധിപ്പേര്‍ വ്യാഴാഴ്ച വൈകിട്ട് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥനയുമായി എത്തി. എല്ലാവരും എസ്പിബിയുടെ പാട്ടുകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി. അനശ്വരഗായകന്‍ എത്രയും പെട്ടെന്ന് തിരികെയെത്തട്ടെയെന്ന് ഓരോരുത്തരും കണ്ണീരോടെ പറഞ്ഞു. പ്രാര്‍ഥനകളൊന്നും ഫലിച്ചില്ല. ആസ്വാദകരുടെ ചുണ്ടില്‍ മൂളാന്‍ പാട്ടുകളുടെ ഒരു സാഗരം തന്നെ ബാക്കി വച്ച് മറഞ്ഞു, എസ് പി ബി.
ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗതരീതിയില്‍ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്റെ പുഴയായി ആസ്വാദകരുടെ ചെവികളില്‍ വന്നു വീണു. ഇന്ത്യന്‍ സംഗീതലോകം ഒരിക്കലും മറക്കില്ല എസ് പി ബി എന്ന മൂന്നക്ഷരത്തെ.

സിനിമാ പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരില്‍. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു.
1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്‌മണ്യം ജനിച്ചത്. ചെറുപ്പകാലത്ത് നിരവധി സംഗീതമത്സരങ്ങളില്‍ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു.

എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം.
ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി അദ്ദേഹം.

മികച്ച ഗായകനുളള ദേശീയ അവാര്‍ഡുകള്‍

ശങ്കരാഭരണം (1979-തെലുങ്ക്)
ഏക് ദൂജേ കേലിയേ (1981-ഹിന്ദി)
സാഗര സംഗമം (1983-തെലുങ്ക്)
രുദ്രവീണ (1988-തെലുങ്ക്)
സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995-കന്നഡ)
മിന്‍സാര കനവ് (1996-തമിഴ്)

യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്‌നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിംഫെയര്‍ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.
നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു അദ്ദേഹം. കെ.ബാലചന്ദറിന്റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. തിരുടാ തിരുടാ, കാതലന്‍ അടക്കം തമിഴില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് തന്നെ. തമിഴ്, തെലുങ്ക് ടിവി പരമ്പരകളിലും അഭിനയിച്ചു അദ്ദേഹം. നിരവധി ബഹുമതികളും ആ സുന്ദരശബ്ദത്തിനെത്തേടിയെത്തി. 2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

കുടുംബം, ഭാര്യ- സാവിത്രി. മക്കള്‍ – പല്ലവി, എസ്.പി.ബി ചരണ്‍. ചരണ്‍ ഗായകനും നടനും സിനിമാ നിര്‍മ്മാതാവുമാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close