Breaking NewsKERALANEWSTop News

ആ ശരറാന്തൽ തിരി താണു.. പൂവച്ചൽ ഖാദർ അന്തരിച്ചു; അനു​ഗ്രഹീത കലാകാരൻ യാത്രയായത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ

തിരുവനന്തപുരം: കവിയും ​ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് കുഴിയന്‍ കോണം മുസ്ലിം ജമാ അത്ത് പള്ളി കബർസ്ഥാനില്‍ നടക്കും.1

1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എഎംഐഇ പാസായി.

സ്കൂളിൽ പഠിക്കുമ്പോൾ കയ്യെഴുത്തുമാസികയിൽ കവിതയെഴുതിയാണ് തുടക്കം. കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരറാന്തല്‍ തിരിതാണു(കായലും കയറും) ചിത്തിര തോണിയില്‍, നാഥാ നീവരും കാലൊച്ച(ചാമരം) ആദ്യസമാഗമ ലജ്ജയില്‍( ഉത്സവം) ഏതൊ ജന്മകല്‍പ്പനയില്‍(പാളങ്ങള്‍) അനുരാഗിണി (ഒരു കുടക്കീഴില്‍) നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ( കാറ്റുവിതച്ചവന്‍) മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങള്‍ക്ക് പൂവച്ചല്‍ തൂലിക ചലിപ്പിച്ചു.

എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ‍ഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു. ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന. മരുമക്കള്‍: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിന്‍ (കേരള യൂണിവേഴ്സിറ്റി).

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close