INDIANEWSTop NewsTrending

ഇക്കുറി എംഎൽഎയാകാൻ എത്തുന്നത് കുടിലിൽ താമസിക്കുന്ന രാഷ്ട്രീയ നേതാവ്; വീട് നന്നാക്കാൻ ലഭിച്ച പണം മറ്റൊരു കുടുംബത്തിന് വീട് കെട്ടാൻ നൽകി; ഇന്ത്യൻ ഇടതു പക്ഷത്തിന്റെ പ്രതീക്ഷയായി ഈ കമ്മ്യൂണിസ്റ്റ് നേതാവ് മാറുന്നത് ഇങ്ങനെ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകുമ്പോഴാണ് മറ്റൊരു ജോലിക്കും പോകാത്ത രാഷ്ട്രീയക്കാർ എത്രത്തോളം സമ്പന്നരാണെന്ന് ബോധ്യമാകുന്നത്. കോടിക്കണക്കിന് ബാങ്ക് ബാലൻസും ഏക്കർ കണക്കിന് ഭൂമിയും കിലോ കണക്കിന് സ്വർണവും സമ്പാദ്യമുള്ള ഇന്ത്യൻ രാഷ്ട്രീയക്കാരെ നമുക്കറിയാം. എന്നാൽ, ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് തമിഴ്‌നാട്ടിലെ തിരുത്തുറൈപോണ്ടിയിൽ നിന്ന് ജനവിധി തേടുന്ന സിപിഐയുടെ മാരിമുത്തു. കടുവകുടി ഗ്രാമത്തിലെ ഒരു ചെറിയ കുടിലിലാണ് മാരിമുത്തു താമസിക്കുന്നത്. ഗജാ ചുഴലിക്കാറ്റിൽ അദ്ദേഹത്തിന്റെ കുടിലിന്റെ മേൽക്കൂര തകർന്നിരുന്നു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആഡംബര കാറുകളും മാളികകളും കോടികളുടെ ആസ്തി എന്നിവ പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികൾക്കിടയിലാണ് 49 കാരനായ കെ മരിമുത്തു നല്ലൊരു വീട് പോലുമില്ലാതെ വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. 1994 മുതൽ മരിമുത്തു രാഷ്ട്രീയത്തിലുണ്ട്. തൊഴിലാളിവർഗത്തെ അധികാരത്തിൽ എത്തിക്കാനുള്ള സിപിഐയുടെ ഭാഗമാണ് സംവരണ മണ്ഡലമായ തിരുതുരൈപൂണ്ടിയിൽ നിന്നും മാരിമുത്തു ജനവിധി തേടുന്നത്.

മാരിമുത്തുവിന്റെ ഭാര്യ ജയസുധയും അമ്മയും കർഷക തൊഴിലാളികളാണ്. മകനെ പാർട്ടി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം എത്രമാത്രം വലുതാണെന്ന് ഈ അമ്മയ്ക്ക് തിട്ടമില്ല. ‘അദ്ദേഹം എപ്പോഴും പൊതുപ്രവർത്തനത്തിന്റെ തിരക്കിൽ ആയിരിക്കും. ജനങ്ങൾക്കും അതുകൊണ്ട് വളരെ സ്‌നേഹമാണ്. കടുവക്കുടി ഗ്രാമവാസികൾ അദ്ദേഹം മത്സരിക്കുന്നത് അറിഞ്ഞ് ആവേശത്തിലാണ്’- ഭാര്യ ജയസുധ പറയുന്നു. മാരിമുത്തുവിന് നാല് സഹോദരിമാർ കൂടിയുണ്ട്.

‘രണ്ട് മക്കളെ വളർത്താൻ അദ്ദേഹം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാലും പാർട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കും. അതിനുള്ള പ്രതിഫലമാണ് ഈ സീറ്റ്. ജയിച്ചു കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്’-‘ സഹോദരി സെൽവി പറയുന്നു.

വീട് നന്നാക്കാനായി ഒരു എൻജിഒ 50,000രൂപ നൽകിയിരുന്നതായി മാരിമുത്തു പറയുന്നു. എന്നാൽ ഈ പണം ഗ്രാമത്തിൽ പൂർണമായി തകർന്ന വീട് ശരിയാക്കാനായി നൽകുകയായിരുന്നു. ഭാവിയിൽ താൻ നല്ലൊരു വീട് വയ്ക്കുമെന്നും മാരിമുത്തു കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ഡലമാണ് തിരുത്തുറൈപോണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിഎംകെയാണ് ഇവിടെ ജയിച്ചത്. ഇത്തവണ സ്റ്റാലിനും സംഘവും തങ്ങൾക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിന് കരുത്ത് പകരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close