
ബ്വോണസ് ഐറിസ്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലയണല്‍ മെസ്സിയുടെയും സംഘവും ഗ്രൗണ്ടിലെത്തിയത് വിജയക്കൊടി പാറിക്കാന്‍ തന്നെയായിരുന്നു. അര്‍ജന്റീനയുടെ ഖത്തര്‍ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വിജയത്തോടെ തുടക്കം. സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ഇക്വഡോറിനെ തോല്പിച്ചു. പെനാല്‍റ്റിയിലൂടെ നായകന് മെസ്സിയാണ് വിജയഗോള്‍ നേടിയത്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.40നായിരുന്നു പോരാട്ടം.കഴിഞ്ഞ വര്‍ഷം യുറുഗ്വായ്യെ സൗഹൃദ മത്സരത്തില്‍ നേരിട്ടപ്പോള്‍ അവര്‍ക്ക് 2-2ന് സമനിലയായിരുന്നു ഫലം. അര്‍ജന്റീനക്കാരനായ ഗുസ്താവോ അല്‍ഫാരോയുടെ കീഴില്‍ എതിര് ടീം മൈതാനത്തെത്തി ലോകകപ്പ് യോഗ്യത സ്വപ്നങ്ങള്‍ക്ക് മികച്ച തുടക്കമിടാന്‍ ലക്ഷ്യമിട്ടായിരുന്നു ഇക്വഡോറിന്റെ വരവ്.
4-3-2-1 ഫോര്‍മേഷനിലാണ് അര്‍ജന്റീനയെ ലയണല്‍ സ്കളോനി കളത്തിലിറക്കിയത്. അസുഖമായതിനെ തുടര്‍ന്ന് പൗളോ ഡിബാല പുറത്തിരുന്നു.റഷ്യന്‍ ലോകകപ്പിലേക്കുള്ള വഴിയില്‍ പ്രതീക്ഷികള്‍ അസ്തമിച്ച അര്‍ജന്റീനയ്ക്ക് ഇക്വഡോറിനെതിരെ മെസി നേടിയ അത്ഭുത വിജയമാണ് മോസ്കോയിലെത്തിച്ചത്. ഇത്തവണ വീണ്ടും ഇക്വഡോര്‍ നേര്‍ക്കുന്നേര്‍ എത്തിയപ്പോള്‍ അത്തരത്തിലൊരു സമ്മര്ദ്ദമില്ലായിരുന്നെങ്കിലും ജയത്തില്‍ കുറഞ്ഞതൊന്നും മെസിയും സംഘവും പ്രതീക്ഷിച്ചിരുന്നില്ല. 33 കാരനായ മെസിയുടെ അവസാന ലോകകപ്പാണ്. ഇതിഹാസ താരത്തിന്റെ അക്കൗണ്ടില്‍ ഒരു ലോകകപ്പിന്റെ അഭാവം വലിയ നഷ്ടം തന്നെയാണെന്ന് അര്‍ജന്റീനയ്ക്കുമാറിയാം. അതിനാല്‍ മുന്നോട്ടുള്ള ഓരോ നീക്കവും ശ്രദ്ധയോടെയും പോരാട്ട വീര്യത്തോടെയായിരുന്നു.
മെസിക്കൊപ്പം പരിചയസമ്പന്നര്‍ അധികം ഇത്തവണ ടീമിലുണ്ടായിരുന്നില്ല. പരുക്കുമൂലം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ മാര്‍ക്കസ് റോഹോ കളിച്ചില്ല. സെര്‍ജിയോ അഗ്യൂറോയെയും പരുക്കാണ് വലച്ചത്. ടോട്ടനം താരം എറിക് ലമേലയെയും അത്ലറ്റികോ മാഡ്രിഡ് മുന്നേറ്റ താരം എയ്ഞ്ചല്‍ ഡി കൊറിയ എന്നിവര്‍ക്കും ലയണല്‍ സ്കലോനിയുടെ ടീമില്‍ ഇടം ലഭിച്ചിട്ടില്ല.മാര്‍ച്ചില്‍ നടക്കാനിരുന്ന യോഗ്യത റൗണ്ട് മത്സരങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് മാറ്റിവച്ചത്. പത്ത് ടീമുകളാണ് റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ ഹോം-എവേ മത്സരങ്ങളില്‍ ഏറ്റുമുട്ടുന്നത്. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ നേരിട്ട് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ ഇന്രര്കോന്റിനന്റല് പ്ലേ ഓഫ് കളിക്കേണ്ടി വരും.