കൊല്ലം: ഇടത് മുന്നണിയുടെ എംഎല്‍എ ആണെങ്കിലും കോവൂര്‍ കുഞ്ഞുമോനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇടത് മുന്നണിക്ക് പുറത്താണ്. മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് നാലാം തവണയും ഇടത് മുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കി കാത്തിരിക്കുകയാണ് അദ്ദേഹവും പാര്‍ട്ടിയും. ജോസ് കെ മാണിയെയും റോഷി അഗസ്റ്റിനെയും എകെജി സെന്ററിന്റെ വാതില്‍ക്കലോളം വന്ന് കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും യാത്രയാക്കിയ ദിവസമാണ് കുഞ്ഞുമോന്‍ നാലാമത്തെ കത്ത് കൈമാറിയത്. ജോസ് കെ മാണി വിഭാഗത്തെ ഘടക കക്ഷിയാക്കുമ്പോള്‍ തങ്ങളെയും പരിഗണിക്കണമെന്നാണ് ആവശ്യം. മൂന്ന് തവണ ആവശ്യം നിരാകരിച്ച മുന്നണി നേതൃത്വവും സിപിഎമ്മും ഇത്തവണ ജോസിനൊപ്പം കുഞ്ഞുമോനെയും ഇടത് മുന്നണി യോഗത്തിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷിയിലാണവര്‍. പാര്‍ട്ടിക്കു പുറത്താണെങ്കിലും പാര്‍ട്ടിയുടെ സ്വന്തം എംഎല്‍ എ തന്നെയാണ് കുഞ്ഞു മോന്‍. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലം സീറ്റ് വിട്ടു നല്‍കാത്ത സിപിഎമ്മിനോട് കലഹിച്ചാണ് ആര്‍എസ്പി ഇടത് മുന്നണി വിട്ടത്. ആര്‍എസ്പി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി എന്‍ കെ പ്രേമചന്ദ്രനെ ചുവപ്പ് മാലയണിച്ച് ഷിബു ബേബി ജോണ്‍ ആര്‍എസ്പിയെ അപ്പാടെ യുഡിഎഫിന്റെ ഭാഗമാക്കി. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരായിരുന്ന കുന്നത്തൂരിലെ കോവൂര്‍ കുഞ്ഞുമോനും ഇരവിപുരത്തെ എ എ അസീസും യുഡിഎഫിന്റെ ഭാഗമായി. എന്നാല്‍ തെരഞ്ഞെടുപ്പിനോട് അടുത്ത സമയത്ത് എംഎല്‍എ സ്ഥാനം രാജിവെച്ച് കുഞ്ഞുമോന്‍ പുറത്ത് വന്ന് സിപിഎമ്മിന്റെ ആശീര്‍വാദത്തോടെ ആര്‍എസ്പി (ലെനിനിസ്റ്റ്) രൂപീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ സീറ്റ് ഇടത് മുന്നണി കുഞ്ഞുമോന് തന്നെ നല്‍കി. ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കുഞ്ഞുമോന്‍ നിയമസഭയിലെത്തി. ആര്‍എസ്പിയ്ക്ക് ഒരു നിയമസഭാംഗം പോലും ഉണ്ടായില്ലെന്നതും ചരിത്രം. അന്ന് മുതല്‍ ഇടത് മുന്നണിയുടെ അംഗത്വം തേടി നടക്കുകയാണ് ആര്‍എസ്പി (ലെനിനിസ്റ്റ് )
നാല് തവണയായി കുന്നത്തൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുകയാണ് കോവൂര്‍ കുഞ്ഞുമോന്‍. ഏതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ അടുപ്പമുണ്ട് കുഞ്ഞുമോനും കുന്നത്തൂരും തമ്മിലുള്ള ബന്ധത്തിന്. അഞ്ചാം മത്സരത്തിന് കുഞ്ഞുമോന് സിപിഎം അവസരം നല്‍കുമോയെന്ന ചര്‍ച്ച രാഷ്ട്രീയ സദസുകളില്‍ സജീവമാണ്. ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഎം കുഞ്ഞുമോന്റെ സ്വീകാര്യതയും വിജയ സാധ്യതയും പരിഗണിക്കുമെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ സംഘടനാപരമായി സജീവമല്ലാത്ത ആര്‍എസ്പിയില്‍ (എല്‍) നിന്ന് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന ചര്‍ച്ചകളുമുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും രാജ്യസഭാംഗവുമായ കെ സോമപ്രസാദിനെ മത്സരിപ്പിക്കമെന്ന ആഗ്രഹം ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്കുമുണ്ട്. സിപിഎമ്മിനു പിടുത്തമില്ലെങ്കിലും കോവൂര്‍ കുഞ്ഞുമോനെ സിപിഐയിലേക്ക് പല തവണ ക്ഷണിച്ച് കഴിഞ്ഞു സിപിഐ നേതൃത്വം. ജില്ലാ നേതൃത്വം പല തവണ ചര്‍ച്ച നടത്തിയെങ്കിലും കുഞ്ഞുമോന്‍ വഴങ്ങിയിരുന്നില്ല. ഏറ്റവുമൊടുവില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ട് കുഞ്ഞുമോനുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ ആര്‍എസ്പിയില്‍ (എല്‍) തുടരാനാണ് താല്‍പ്പര്യമെന്ന നിലപാട് കാനത്തെയും കുഞ്ഞുമോന്‍ അറിയിച്ചതായാണ് സൂചന. തന്റെ പാര്‍ട്ടിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ സിപിഐയുടെ പിന്തുണ അഭ്യര്‍ഥിച്ചാണ് കുഞ്ഞുമോന്‍ മടങ്ങിയത്