KERALANEWSTop News

ഇടതിന് ഇവള്‍ കണ്ണിലെ കരടാണെങ്കില്‍ ഞങ്ങള്‍ക്ക് ഇവള്‍ കണ്ണിലുണ്ണി;കെ കെ രമയുടെ വിജയം സിപിഎമ്മിന്റെ കസേരയില്‍ ഇളക്കം സൃഷ്ടിക്കുന്നു;അധികാരം കൈയ്യിലുണ്ടെങ്കില്‍ സിപിഎമ്മിന് എന്തും സാധിക്കും;രമയുടെ പേരിലുള്ള കേസ് രാഷ്ട്രിയവിജയത്തിന്റെ പകപോക്കലോ

വടകര : അക്രമരാഷ്ട്രിയത്തിന്റെ ഭാരം ചുമന്ന് ഇടത് രാശഷ്ട്രിയ മുന്നണി ഒരിക്കല്‍ കൂടി തുടര്‍ഭരണത്തിന്റെ പടി വാതിലില്‍ എത്തിനില്‍ക്കുകയാണ്.നിയമസഭാതെരഞ്ഞെടുപ്പിലെ 140 സീറ്റുകളില്‍ 99 എണ്ണവും തങ്ങള്‍ സ്വന്തമാക്കി എന്നു പറയുമ്പോഴും,അഴിമതിയിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും അവര്‍ നേടിയ ഭൂരിപക്ഷത്തെക്കാള്‍ എന്തുകൊണ്ടും തിളക്കമുള്ളതാണ് കോണ്‍ഗ്രസ് നേടിയെടുത്ത ആ 41 സീറ്റുകള്‍.എന്തിനേറെ പറയുന്നു ലഭിച്ച 41 സീറ്റില്‍ വടകരയിലെ വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരം പകരുന്നത് കൂടിയാണ്.

ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയെ എംഎല്‍എയായി കാണാന്‍ സിപിഎമ്മിന് കഴിയില്ലായിരിക്കും.ഇല്ലായിരിക്കും എന്നല്ല ഇല്ലെന്നു തന്നെ പറയണം.അതുകൊണ്ടാണല്ലോ രമയുടെ എംഎല്‍എ സ്ഥാനം അയോഗ്യമാക്കാനുള്ള സാധ്യതകള്‍ തേടി സിപിഎം അന്വേഷണങ്ങള്‍ തുടങ്ങിയിരിക്കുന്നത്.കള്ളക്കേസുകള്‍ തങ്ങള്‍ക്ക് പുതിയതല്ലെന്നും അധികാരം കൈയ്യിലുണ്ടെങ്കില്‍ ഏത് പഴയ കേസും പൊക്കിക്കൊണ്ടുവരാമെന്നും സിപിഎം ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.രമയുടെ വിജയം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്സാപ് സന്ദേശം പ്രചരിപ്പിച്ചെന്ന കേസില്‍ നിയുക്ത എംഎല്‍എ കെ.കെ.രമയ്ക്കെതിരെ ചോമ്പാല്‍ പൊലീസ് കേസെടുത്തു കഴിഞ്ഞു.തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ചന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ ചില ഗ്രൂപ്പുകള്‍ വഴി സന്ദേശം പ്രചരിപ്പിച്ചെന്ന എല്‍ഡിഎഫ് ഇലക്ഷന്‍ ഏജന്റ് സി.വിനോദിന്റെ പരാതി പ്രകാരമാണിത്. മുന്‍ എല്‍ജെഡി നേതാവും റൂറല്‍ ബാങ്ക് ജീവനക്കാരനുമായ കലാജിത്ത് മടപ്പള്ളി, ഒഞ്ചിയം പഞ്ചായത്ത് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന മഠത്തില്‍ സുധീര്‍, അഴിയൂര്‍ ബ്രദേഴ്സ് വാട്സാപ് ഗ്രൂപ്പ് അഡ്മിന്‍ യാസിര്‍ എന്നിവരും കേസില്‍ പ്രതികളാണ്.

എതിര്‍സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. ഇതിന് തെളിവ് കണ്ടെത്താനുള്ള പൊലീസ് അന്വേഷണത്തിന് ചൂട് കൂട്ടാന്‍ ഈ വിഷയത്തില്‍ മനയത്ത് ചന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ വടകരയും നിയമപോരാട്ടത്തിലേക്ക് പോകും.വിടി ബല്‍റാം, ശബരിനാഥന്‍, കെ എം ഷാജി, അനില്‍ അക്കര തുടങ്ങി സിപിഎമ്മിന്റെ കടുത്ത എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്ന കടുത്ത വാശി ആദ്യം മുതല്‍ തന്നെ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നു.എന്നാല്‍ അപ്രത്യക്ഷിതമായി രമയും പിടി തോമസും ജയിച്ചതോടെ അവരുടെ കണക്കു കൂട്ടലുകള്‍ എല്ലാം പിഴയ്ക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് വിജയം കണ്ടു.ഇനി ഒറ്റ ലക്ഷ്യം,ഒറ്റ മാര്‍ഗ്ഗം.എങ്ങനെയും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുക.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെ കെ രമ എന്ന സ്ഥാനാര്‍ത്ഥി സിപിഎമ്മിന് ഒരു ഭീഷണിയായിരുന്നു.നിയമസഭയില്‍ ടിപി ചന്ദ്രശേഖരന്റെ ശബ്ദമാകും താന്‍ ഉയര്‍ത്തുകയെന്നും മുഖ്യമന്ത്രിയിയെ മിസ്റ്റര്‍ മുഖ്യമന്ത്രി എന്ന് വിളിക്കുമെന്നും ആയിരുന്നു സ്ഥാനാര്‍ത്ഥി ആയതിന് ശേഷം രമ പറഞ്ഞിരുന്നത്.ഇതോടെ നിയമസഭയില്‍ സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് മലയാളി മനസ്സില്‍ കാണുകയും ചെയ്തു. അക്രമ രാഷ്ട്രീയത്തിന്റെ ഇറയായ രമയ്ക്ക് പിന്നില്‍ കേരളം അണിനിരക്കുമെന്ന സാഹചര്യവും ഉണ്ടായി. ഇതിനിടെയാണ് കേസെടുക്കലും മറ്റും.നിയമസഭയില്‍ ടിപിയുടെ ശബ്ദം ഉയരുമെന്ന് കെകെ രമ വിശദീകരിച്ചു കഴിഞ്ഞു. ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നവര്‍ക്ക് രാഷ്ട്രീയ മറുപടിയായിരുന്നു വടകരയിലെ രമയുടെ ജയം.

ജന മനസ്സ് അറിയാവുന്ന ജനപ്രതിനിധിയാണ് അവര്‍. ഇടതു ഭരണം തുടരുന്നതിനാല്‍ പ്രതിപക്ഷത്താണ് രമ. എങ്ങനേയും രമയെ തോല്‍പ്പിക്കാന്‍ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കി. എന്നിട്ടും രമ ജയിച്ചു. ഇനി ലക്ഷ്യം ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണ്. പറഞ്ഞ വാക്കുകള്‍ എല്ലാം പാലിക്കുമെന്ന് രമ പറയുന്നു.തിരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനമായ ജില്ലാ ആശുപത്രിയുടെ വികസന പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ നിയുക്ത എംഎല്‍എ കെ.കെ.രമ എത്തിയത് ഇതിന്റെ ഭാഗമാണ്. ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് അവര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് വടകരയില്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഉണ്ടോ എന്ന സംശവും രമയ്ക്കുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഇതെല്ലാം തുടങ്ങുകയും ചെയ്തു.ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ സിപിഎമ്മിന് മറുപടി പറയേണ്ടി വരിക കൊല്ലപ്പെട്ട ചന്ദ്രശേഖരനോടായിരിക്കുമെന്ന കെ.കെ. രമയുടെ ഒമ്പത് വര്‍ഷത്തോളമായുള്ള വാക്കുകളാണ് 15-ാം നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ അന്വര്‍ഥമാവുന്നത്. ജയിച്ചത് താനല്ലെന്നും ടി.പി. ചന്ദ്രശേഖരനാണെന്നുമുള്ള കെ.കെ. രമയുടെ പ്രതികരണം അങ്ങനെ വന്നതാണ്. ടി.പിയെന്ന വാക്കുകള്‍ പോലും കേള്‍ക്കുന്നത് അലോസരമാവുന്ന സിപിഎമ്മിന് രമയുടെ എംഎല്‍എ സ്ഥാനം വലിയ തിരിച്ചടി തന്നെയാണ് നല്‍കിയിരിക്കുന്നത്.

2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം. വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതര്‍ ടി.പിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടി.പി. പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്.2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടി.പി. 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു. വിമതനേതാവായ ടി.പിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അന്‍പത്തൊന്ന് വെട്ടേറ്റ ടി.പി. ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close