KERALANEWSTop News

ഇടതുമുന്നണിയോട് ഇടഞ്ഞ് കേരളാ കോണ്‍ഗ്രസ് ബി, മുന്നണി വിടണമെന്ന ആവശ്യവുമായി നേതാക്കള്‍ ബാലകൃഷ്ണപിള്ളയെ കണ്ടു

തിരുവനന്തപുരം: ഇടതുമുന്നണി വിടണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് ബി നേതാക്കള്‍ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ തഴഞ്ഞതും ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലെ പൊലീസ് പരിശോധനയിലും അതൃപ്തരായ നേതാക്കളാണ് പുതിയ നീക്കത്തിന് പിന്നില്‍. ഇത്രയും അവഗണന നേരിട്ട് ഇനിയും മുന്നണിയില്‍ തുടരേണ്ടെന്നാണ് പത്തുജില്ലാ കമ്മിറ്റികളുടെ തീരുമാനം. ജില്ലാ അധ്യക്ഷന്‍മാര്‍ ഇക്കാര്യം പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ നേരില്‍ കണ്ട് അറിയിച്ചിട്ടുണ്ട്.

യുഡിഎഫ് വിട്ട് വന്ന തങ്ങള്‍ക്ക് ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ കേരളാ കോണ്‍ഗ്രസ് ബി നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ഗണേഷിന്റെ പിഎയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ എംഎല്‍എയുടെ ഓഫീസിലെ റെയ്ഡുമൊക്കെയാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഗൗരിയമ്മയുടെ ജെഎസ്എസിന് ലഭിക്കുന്ന പരിഗണന പോലും കേരള കോണ്‍ഗ്രസ് ബിക്ക് ലഭിക്കുന്നില്ല. എല്‍ഡിഎഫില്‍ നിന്ന് അപമാനം മാത്രമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നും നേതാക്കള്‍ പറയുന്നു. പൊലീസ് റെയ്ഡ് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന വിലയിരുത്തലും ഇവര്‍ക്കുണ്ട്.

മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ പ്രാധാന്യം നല്‍കിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അവഗണിച്ചെന്നും ജില്ലാ കമ്മിറ്റികള്‍ കുറ്റപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് നടന്നത്. തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ചില്ല. മാത്രമല്ല, ലഭിച്ച സീറ്റുകളില്‍ റിബലുകളെ നിര്‍ത്തിയത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ്. ഈ അവഹേളനം സഹിച്ച് കേരളാ കോണ്‍ഗ്രസ് ബി ഇടതുമുന്നണിയില്‍ തുടരണോ എന്നും നേതൃത്വം ആലോചിക്കണം. സമാന നിലപാടുകളാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ളത്. അതുകൊണ്ടു തന്നെ അടിയന്തര സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഇടതു ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളുടെ ആവശ്യം.

അതേസമയം, കേരള കോണ്‍ഗ്രസ് ബി ഇടതു മുന്നണി വിട്ടാല്‍തന്നെ യുഡിഎഫ് പ്രവേശനം സാധ്യമാകാനിടയില്ലെന്നാണ് വിലയിരുത്തല്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ കുടുക്കിയത് കെബി ഗണേഷ്‌കുമാറിന്റെ ഗൂഢാലോചനയാണെന്ന കേരള കോണ്‍ഗ്രസ് ബി മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് നേതാക്കള്‍ ബാലകൃഷ്ണപിള്ളയ്ക്ക് എതിരാണ്. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല ഘടകകക്ഷികളില്‍ നിന്നുപോലും എതിര്‍പ്പുവരുമെന്നാണ് വിലയിരുത്തല്‍. മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍ ഗണേഷ് കുമാറിനെതിരെ രംഗത്തുവന്നിരുന്നു. ഗണേഷിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ഷിബു ബേബി ജോണ്‍. നേരത്തെ കേരളാ കോണ്‍ഗ്രസ് ബിയെ മുന്നണിയിലെത്തിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close