KERALATop News

ഇടത്തേക്കുമല്ല, വലത്തേക്കുമല്ല; ജോസ് കെ. മാണി പോകുന്നത് ബിജെപിയിലേക്കോ

കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്തേക്ക് വന്ന കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോകില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കാനിരിക്കെ ബിജെപിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് ഒടുവിലത്തെ വിവരം. ജോസ് കെ മാണി വിഭാഗം വരുമ്പോള്‍ വരട്ടെ എന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്. ഇടതു മുന്നണിയില്‍ ജോസ് കെ മാണി പോയാല്‍ ഇത് രാഷ്ട്രീയ ബുദ്ധി ശൂന്യതയാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതു കൊണ്ടു തന്നെ ഇത്തരം മണ്ടത്തരത്തിനു ജോസ് തയാറാകില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി അങ്ങോട്ട് പോയി ഒരു ചര്‍ച്ചയും വേണ്ടെന്നാണ് കെ സുരേന്ദ്രന്‍ അനുകൂലികളുടെ നിലപാട്. പത്തു വര്‍ഷത്തിലേറെയായി എംപി സ്ഥാനത്ത് തുടരുന്ന ജോസ് കെ മാണിയ്ക്കു ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. രണ്ട് എംപിമാരുള്ള കേരള കോണ്‍ഗ്രസ് എമ്മിനുവേണ്ടി ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ഒരു ബിഷപ്പ് തന്നെ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ണായകമായ നീക്കം ഉണ്ടാകുമെന്ന് ഉറപ്പാണ്. ബിജെപി കേന്ദ്ര നേതൃത്വം 25 സീറ്റ് വരെ കേരള നിയമസഭയിലേയ്ക്കുള്ള മത്സരത്തില്‍ ജോസ് കെ മാണിയ്ക്കു വാഗ്ദാനം ചെയ്തതായി ജോസ് കെ മാണി വിഭാഗത്തിലെ പ്രമുഖ നേതാവ് പറഞ്ഞു.

ജോസ് കെ മാണി വിഭാഗം ഇടത്തേയ്ക്ക് തന്നെയാണ് ആദ്യം മുതല്‍ തന്നെ ലഭിക്കുന്ന സൂചനകള്‍. യുഡിഎഫില്‍ നിന്നു പുറത്തിറങ്ങിയെന്ന് ഉറപ്പായപ്പോള്‍ തന്നെ ജോസ് കെ മാണി വിഭാഗത്തിനു പച്ചപരവതാനി വിരിച്ചാണ് സിപിഎമ്മും ഇടതു മുന്നണിയും നിന്നിരുന്നത്. സിപിഐ ഉടക്കിടുമെന്നതായിരുന്നു ആദ്യം മുതല്‍ ഉയര്‍ന്നിരുന്ന ഭയം. ഇതെല്ലാം അസ്ഥാനത്താക്കി ജോസ് കെ മാണിയ്ക്കെതിരെ മൃദുസമീപനമാണ് ആദ്യം മുതല്‍ തന്നെ സിപിഐ സ്വീകരിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി പാലാ ലോട്ടറിയടിച്ച മാണി സി കാപ്പനും എന്‍സിപി നേതൃത്വവുമാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ വരവിനെ ഏറെ ആശങ്കയോടെ ഇടതു മുന്നണിയില്‍ നോക്കി കാണുന്നത്. കേരള കോണ്‍ഗ്രസ് എത്തിയാല്‍ മുന്നണി വിടുമെന്നും, കോണ്‍ഗ്രസില്‍ ചേരുമെന്നും പോലും മാണി സി കാപ്പനും എന്‍സിപിയിലെ ഒരു വിഭാഗവും പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പാലാ വിട്ടൊരു കളിക്കുമില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു മുന്നണിയുമായി പ്രാദേശിക നീക്കുപോക്കിനാണ് ജോസ് കെ മാണി വിഭാഗം ശ്രമിക്കുന്നത് എന്നാണ് സൂചന. ബിജെപിയെയും ഇടതു മുന്നണിയെയും ഒരു പോലെ ഒപ്പം നിര്‍ത്തി പരമാവധി സീറ്റ് നേടി കരുത്ത് തെളിയിക്കുകയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് തന്ത്രപരമായ മൗലം പാലിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. തിങ്കളാഴ്ച നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെങ്കിലും, ഇത് ഒരു മുന്നണി പ്രവേശനം സംബന്ധിച്ചാകില്ലെന്ന് ഉറപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മാത്രമേ കേരള കോണ്‍ഗ്രസ് സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകൂ. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പരമാവധി ഒറ്റയ്ക്കു മത്സരിക്കുന്നതിനും, പ്രാദേശിക നീക്കുപോക്കിനുമാണ് കേരള കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close