Breaking NewsKERALANEWSTop News

ഇടത് പ്രവേശം തടയാൻ പ്രേമചന്ദ്രൻ നടത്തിയ നീക്കം പൊളിച്ച് ഷിബു ബേബിജോണും അസീസും; ഓ​ഗസ്റ്റ് ഒമ്പതിന് ആർഎസ്പി വിളിച്ച് ചേർക്കുന്നത് പാർട്ടി പ്ലീനത്തിന് സമാനമായ യോ​ഗം; തുലാസിൽ ആടുന്നത് കൊല്ലം എംപിയുടെ രാഷ്ട്രീയ ഭാവി

തിരുവനന്തപുരം: ഓ​ഗസ്റ്റ് ഒമ്പതിന് ആർഎസ്പി വിളിച്ച് ചേർക്കുക പാർട്ടി പ്ലീനത്തിന് സമാനമായ യോ​ഗം. സംസ്ഥാന സമിതി അം​ഗങ്ങളും ജില്ലാ നേതാക്കളും മണ്ഡലം ഭാരവാഹികളും ഉൾപ്പെടെ 500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന യോ​ഗം വിളിക്കാൻ തീരുമാനിച്ചത് എൻ കെ പ്രേമചന്ദ്രന്റെ കടുംപിടുത്തം കാരണമെന്നാണ് ലഭിക്കുന്ന വിവരം. എൻ കെ പ്രേമചന്ദ്രൻ ഒഴിയെയുള്ള എല്ലാ സംസ്ഥാന നേതാക്കളും ആർഎസ്പി ഇടത് പാളയത്തിൽ എത്തണമെന്ന നിലപാടിലാണ്. എന്നാൽ, യുഡിഎഫിൽ പാർട്ടി തുടരുന്നതാണ് ​ഗുണകരം എന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. അതേസമയം, പാർട്ടിയുടെ പൊതുതീരുമാനം എന്തായാലും അത് അം​ഗീകരിക്കും എന്നാണ് പ്രേമചന്ദ്രൻ പാർ‌ട്ടി നേതൃയോ​ഗത്തിൽ വ്യക്തമാക്കിയത്. ഇതോടെ പ്ലീനറി സമ്മേളനത്തിന് തുല്യമായ നിലയിൽ യോ​ഗം വിളിക്കുവാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഷിബു ബേബിജോണും സംസ്ഥാന സെക്രട്ടറി എ എ അസീസും ഉൾപ്പെടെയുള്ള പ്രമുഖർ ആർഎസ്പി യുഡിഎഫ് വിടണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, പ്രേമചന്ദ്രന് സിപിഎമ്മിനോടും പിണറായി വിജയനോടും ഒത്തുപോകാനാകില്ലെന്ന സമീപനമാണ്. വ്യക്തി താൽപര്യങ്ങളല്ല, പ്രസ്ഥാനത്തിന്റെ നിലനിൽപ്പാണ് പ്രധാനം എന്ന് ഷിബു ബേബിജോണും അസീസും വ്യക്തമാക്കിയതോടെയാണ് നേതൃയോ​ഗമല്ല പാർട്ടി എന്നും പാർട്ടിയുടെ പൊതു തീരുമാനം എന്തായാലും അം​ഗീകരിക്കും എന്ന നിലപാടിലേക്ക് പ്രേമചന്ദ്രൻ എത്തിയത്.

നിലവിൽ കൊല്ലത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും മാത്രമാണ് മുന്നണിമാറ്റം ആവശ്യപ്പെടുന്നത് എന്നതാണ് പ്രേമചന്ദ്രന് ആത്മവിശ്വാസം നൽകുന്നത്. മറ്റ് ജില്ലകളിലെ ഭാരവാഹികൾ കൂടി പങ്കെടുക്കുന്ന യോ​ഗത്തിൽ ഭൂരിപക്ഷവും തന്റെ നിലപാടിനെ പിന്തുണയ്ക്കും എന്നും പ്രേമചന്ദ്രൻ കരുതുന്നു. മറിച്ച് സംഭവിച്ചാൽ, ഒന്നുകിൽ പ്രേമചന്ദ്രന് പാർട്ടിക്ക് വിധേയപ്പെട്ട് മുന്നണി മാറ്റം അം​ഗീകരിച്ച് ഇടത് മുന്നണിയിലേക്ക് വരേണ്ടി വരും. അതല്ലെങ്കിൽ പാർട്ടി പിളർത്തുകയോ തനിയെ കോൺ​ഗ്രസിലേക്ക് ചേക്കേറുകയോ ചെയ്യേണ്ടി വരും.

മുന്നണിമാറ്റത്തെ കുറിച്ച് വ്യക്‌തമായ സൂചനകൾ നൽകി ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസും കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഉചിതമായ സമയത്ത് മുന്നണിമാറ്റം ഉണ്ടാവുമെന്ന് വ്യക്തമാക്കിയ എ അസീസ്, തോൽവിയുടെ കാരണം യുഡിഎഫിന്റെ സംഘടനാ ദൗർബല്യം ആണെന്നും തോല്‍വിയുടെ പേരില്‍ ഉടനെ മുന്നണി മാറാനില്ല എന്നും വ്യക്തമാക്കിയിരുന്നു. തീരുമാനമെടുക്കാനായി ഓ​ഗസ്റ്റ് ഒന്‍പതിന് പാര്‍ട്ടി നേതൃയോ​ഗം ചേരുമെന്നും അസീസ് അറിയിച്ചു.

തിരഞ്ഞെടുപ് തോൽവിക്ക് പിന്നാലെ ആർഎസ്പിയിൽ മുന്നണി മാറ്റത്തിനായുള്ള മുറവിളി ഉച്ചത്തിൽ തന്നെ ഉയരുകയാണ്. പരസ്യമായി തന്നെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ച കോവൂർ കുഞ്ഞുമോനെ എന്നാൽ ഷിബു ബേബി ജോൺ ആക്ഷേപിച്ചിരുന്നു. പാർട്ടിയിൽ വലിയൊരു വിഭാ​ഗം ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന അഭിപ്രായം ഉയർത്തുന്നതാണ് പാർട്ടിയിലെ തർക്കങ്ങൾക്ക് വഴിയൊരുക്കുന്നത്.

കൊല്ലം ജില്ലയിലെ പ്രമുഖ നേതാക്കൾ എല്ലാം പാർട്ടി ഇടത് മുന്നണിക്കൊപ്പം ചേരണം എന്ന നിലപാടാണ്. ചവറയിലെ തോൽവിക്ക് ശേഷം ഷിബു ബേബിജോണിനും കോൺ​ഗ്രസിനോട് പ്രകടമായ അകൽച്ചയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് നടന്ന യുഡിഎഫ് യോ​ഗത്തിൽ നിന്നും ഷിബു ബേബിജോൺ വിട്ടുനിന്നത്. അതേസമയം, യുഡിഎഫ് വിട്ടുപോകുന്നതിനോട് കൊല്ലം എംപി കൂടിയായ പ്രേമചന്ദ്രന് താത്പര്യമില്ല. ഇത് നേതൃത്വത്തിലും വലിയ അഭിപ്രായ ഭിന്നതക്കാണ് വഴിയൊരുക്കിയത്.

ആർഎസ്പി ഇടത് മുന്നണിയിലേക്ക് തിരിച്ചെത്തുന്നതിൽ കൊല്ലം ജില്ലയിലെ സിപിഎമ്മിനും സിപിഐ നേതൃത്വത്തിനും എതിരഭിപ്രായമില്ല. നിലവിൽ നിയമസഭാം​ഗങ്ങൾ ഒന്നും ആർഎസ്പിക്ക് ഇല്ലാത്തതിനാൽ മന്ത്രിപദവി നൽകേണ്ടതുമില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് കൂടുതൽ ദുർബലമാകും എന്ന ഒറ്റ അജണ്ടയിലൂന്നി ആർഎസ്പിയുടെ മുന്നണ മാറ്റത്തിന് പച്ചക്കൊടി കാട്ടാം എന്നാണ് കൊല്ലം ജില്ലയിലെ ഇടത് മുന്നണി നേതൃത്വ വ്യക്തമാക്കുന്നത്. നിരവധി നേതാക്കളാണ് പാർട്ടി യുഡിഎഫ് ബന്ധം അവസാനിപ്പിക്കണം എന്ന നിലപാട് രേഖാമൂലം ആർഎസ്പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ചേർന്ന സംസ്ഥാന നേതൃയോ​ഗം ഈ വിഷയം ചർച്ചക്കെടുത്തെങ്കിലും തീരുമാനമെടുക്കാതെ മാറ്റി വെക്കുകയായിരുന്നു. ആർഎസ്പിയെ തകർക്കാൻ കോൺഗ്രസ്സ് ആദ്യം മുതലേ ശ്രമിച്ചിരുന്നു എന്നും ആരോപണമുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന നേതൃയോ​ഗത്തിൽ തന്നെ മുന്നണി വിടണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം നേതാക്കളും കൈക്കൊണ്ടത്.എന്നാൽ, പ്രേമചന്ദ്രൻ വ്യത്യസ്ത നിലപാടെടുത്തു. ഒരുവേള, സിപിഎം പരസ്യമായി ക്ഷണിച്ചാൽ ആലോചിക്കാം എന്ന അഭിപ്രായം അദ്ദേഹം പങ്കുവെച്ചെങ്കിലും അത് നിലവിലെ സാഹചര്യത്തിൽ അപ്രായോ​ഗികമാണെന്ന് ഷിബു തുറന്നടിച്ചു. പ്രേമചന്ദ്രന്റെ നിലപാട് മാത്രമാണ് ആർഎസ്പിക്ക് മുന്നണി മാറ്റത്തിൽ നിലവിൽ തടസ്സമായി നിൽക്കുന്നത്. ഏക എംപി എന്ന നിലയിൽ ഔദ്യോ​ഗിക ആർഎസ്പിയായി പ്രേമചന്ദ്രന് തുടരാനാകും. കൊല്ലത്ത് യുഡിഎഫിൽ പ്രേമചന്ദ്രനോളം ജനസമ്മതി നേടിയ ഒരു നേതാവ് ഇല്ലാത്തതും പ്രേമചന്ദ്രന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്.

അതേസമയം, ആർഎസ്പിയെ ഒപ്പം കൂട്ടാൻ സിപിഎന്നും കരുനീക്കം ആരംഭിച്ചു. ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ളയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിലെ മുതിർന്ന സിപിഎം നേതാവിന്റെ മുൻകൈയ്യിലാണ് ആശയവിനിമയം നടക്കുന്നത്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ആർഎസ്പി എത്തിയാൽ, ബോർഡ് – കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് ആർഎസ്പി പ്രതിനിധികളെ കൂടി പരി​ഗണിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് തിരികെ നൽകുന്നതും ആലോചിക്കാമെന്ന നിലപാടിലാണ് സിപിഎം. പ്രേമചന്ദ്രൻ യുഡിഎഫിൽ ഉറച്ച് നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ, ഷിബു ബേബിജോണിന് കൊല്ലം പാർലമെന്റ് സീറ്റ് നൽകാൻ സിപിഎം തയ്യാറാകും. പ്രേമചന്ദ്രനെ എതിർക്കാൻ ഷിബു ബേബിജോണിനെക്കാൾ നല്ല സ്ഥാനാർത്ഥി വേറെയില്ലെന്നാണ് ജില്ലയിലെ സിപിഎം നേതാക്കളും പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close