KERALANEWSTop News

ഇടപ്പള്ളിയിൽ യുവാവിനെ കമ്പിവടി കൊണ്ട് അടിച്ചുകൊന്നു; മണിക്കൂറുകൾക്കകം പ്രതികളെ പിടിച്ച് പോലീസ്; പോലീസുകാരൻ ഉൾപ്പടെ 4 പേർ അറസ്റ്റിൽ

കൊച്ചി: ഇടപ്പള്ളിയിൽ യുവാവിനെ കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ നാൽവർ സംഘം അറസ്റ്റിൽ. പോണേക്കര പീലിയാട് ഭാഗത്തുവച്ചാണ് അക്രമം നടന്നത്. ഇടപ്പള്ളി നോർത്ത് സ്വദേശി സ്വദേശി ഓട്ടോ ഡ്രൈവർ കണ്ണൻ എന്നു വിളിക്കുന്ന കൃഷ്ണകുമാറിനെയാണ്(32) ഇന്നു പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക വിഷയത്തെ സംബന്ധിച്ച തർക്കമാണ് മരണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

നെട്ടൂർ സ്വദേശി ഓലിപ്പറമ്പ് ഒ.എച്ച്. അൻസാൽ(38), മുപ്പത്തടം സ്വദേശികളായ തോപ്പിൽ ഒ.എച്ച്. അൻസാൽ(25), തോപ്പിൽ ടി.എൻ. ഉബൈദ്, എടപ്പള്ളി നോർത്ത് സ്വദേശി ബ്ലായിപ്പറമ്പ് ഫൈസൽ(40), എറണാകുളം എആർ ക്യാംപിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈമേലിൽ ബിജോയ് ജോസഫ്(35) എന്നിവരാണ് അറസ്റ്റിലായത്.

പീലിയാടുള്ള പുഴക്കരയിൽ പൊലീസുകാരൻ ഉൾപ്പെടെയുള്ള സംഘം മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. പുഴക്കരയിൽനിന്നു ബഹളവും കരച്ചിലും കേട്ട പ്രദേശവാസികളാണു വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.

കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പു വടി പൊലീസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തി. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പൊലീസുകാരൻ പ്രതിയായ സംഭവമായിട്ടും മണിക്കൂറുകൾക്കകം പ്രതികളെ എല്ലാം പിടികൂടാനായത് കൊച്ചി സിറ്റി പൊലീസിന് അഭിമാനമായി. കസ്റ്റഡിയിലായ പൊലീസുകാരൻ ബിജോയ്ക്കെതിരെ നേരത്തെ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയത് ഉൾപ്പെടെ പല സംഭവങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close