INSIGHT

ഇടിഞ്ഞു വീണ മണലില്‍ അകപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍- ഭാഗം രണ്ട്

സിന്ദൂരി വിജയന്‍

തൊട്ടതെല്ലാം പൊന്നല്ല, പൊല്ലാപ്പാകുന്ന അവസ്ഥയിലൂടെയാണ് ഇന്ന് കേരളസര്‍ക്കാര്‍ കടന്നുപോകുന്നത്. അത്രയേറെ വിവാദങ്ങളാണ് ഇന്ന് കേരളത്തില്‍ ഉയര്‍ന്നു വരുന്നത്. മാലപ്പടക്കത്തിന് തീ പിടിച്ചപോലെ അഴിമതിക്കഥകള്‍. ഏറ്റവും പുതിയത് പമ്പാ ത്രിവേണി മണല്‍ വാരല്‍. പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തിയ വന്‍ അഴിമതിയാണ് ഈ മണല്‍ വാരല്‍ എന്ന ആരോപണം ശക്തമായപ്പോള്‍ മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ന് സര്‍ക്കാര്‍. ഇത്രകണ്ട് ഭയക്കാന്‍ എന്തായിരുന്നു ആഴിമതി. അഴിമതിയാണോയെന്നുള്ള സംശയം ബലപ്പെടുന്നത് ആ പേര് ഉയര്‍ന്നപ്പോള്‍ ആണ്, വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷന്‍. പ്രവര്‍ത്തനമേഖലയുടെ പലഘട്ടത്തിലും വിവാദങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അവരിലേക്ക് ഈ സബ്കോണ്‍ട്രാക്ട് എത്തിയതും യുദ്ധകാലടിസ്ഥാനത്തില്‍ അത് നടപ്പിലാക്കാന്‍ ഉന്നതര്‍ നേരിട്ടിറങ്ങിയതും അവിചാരിതമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടല്ലേ. നേരത്തെ രണ്ടുവര്‍ഷം കിട്ടിയിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ മഴക്കാലമെത്തിയതോടെ പെട്ടെന്ന് ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് മണല്‍ നീക്കത്തിന് ഉത്തരവിട്ടത് ദൂരൂഹമാണെന്നാണ് ആരോപണം ഉയരുന്നത്.അഴിമതിയുടെ ആദ്യഘട്ടമായി ഇതിനെ കണക്കാക്കാം.

കൈയൊഴിഞ്ഞ് ക്ലെ ആന്‍ഡ് സിറാമിക്സ്
മണ്ണും ചെളിയും വാരന്‍ മാത്രമാണ് സൗജന്യമായി ഈ കരാര്‍ കൊടുത്തതെന്ന് ആരോപണം ഉയര്‍ന്ന നാള്‍ മുതല്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സര്‍ക്കാരിന്റെ വായടച്ചുകൊണ്ടാണ് വാരിയ മണ്ണ് കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ കരാറില്‍ നിന്നും ഒഴിയുകയാണെന്ന് ക്ലെ ആന്റ് സെറാമിക്സ് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ആ കരാറും പിന്നീട് ഇങ്ങോട്ട് സ്വീകരിക്കേണ്ടിയിരുന്ന നടപടിക്രമങ്ങളും എല്ലാം ഇന്നും ഒരു പുകമറയ്ക്കുള്ളിലാണ്. വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട അനുമതികള്‍ ഇല്ലാതെയാണ് ഈ മണല്‍ വാരലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത് എന്നതുതന്നെ പറയേണ്ടിവരും. പമ്പയില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാന്‍ അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡ്, പണി തുടങ്ങും മുന്‍പ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും അനുമതി വാങ്ങണമെന്നു നിര്‍ദേശം നല്‍കിയിരുന്നതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ അഴിമതിയുടെ ആഴം കൂടി. ഇതു ലംഘിച്ചാണ് മണല്‍ വനത്തിനു പുറത്തേയ്ക്കു കൊണ്ടുപോകാന്‍ ആസൂത്രിത ശ്രമം നടന്നത്. മണല്‍ വാരുന്നതിനെപ്പറ്റി ഉത്തരവില്‍ ഒരിടത്തും പരാമര്‍ശമില്ല. കേരള ക്ലേ കമ്പനിയുടെ അപേക്ഷയില്‍ മാര്‍ച്ച് ആറിനാണ് ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെളി നീക്കാന്‍ അനുമതി നല്‍കിയത്. പ്രളയത്തെത്തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണ്, മാലിന്യം, പ്ലാസ്റ്റിക്, തുണി എന്നിവ നീക്കം ചെയ്യാനായിരുന്നു അനുമതി. ഇവ നീക്കം ചെയ്തശേഷം സ്നാന ഘട്ടത്തിന്റെ ഇരുകരകളിലും ഒരു കിലോമീറ്റര്‍ നീളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

ഹരിതട്രൈബ്യൂണല്‍ ഇടപെടുന്നു

വനത്തിന് അരികിലൂടെ പോകുന്നതും വനത്തിനുള്ളിലൂടെ കടന്നുപോകുന്നതും വനംവകുപ്പിന്റെ അധികാരപരിധിയില്‍ പെടുന്നില്ല എന്നു പറഞ്ഞ് വനം വകുപ്പിനെ ഭീഷണിപ്പെടുത്താം, പക്ഷെ ആ ഭീഷണി വിലപൊവാന്ന ഒരിടമുണ്ട്. അങ്ങ് കേന്ദ്രത്തില്‍ നിന്നും വരുന്ന ഹരിതകേന്ദ്രം. ഹരിതട്രൈബ്യൂണല്‍. മണല്‍ നീക്ക പ്രശ്‌നം വിവാദമായതോടെ പ്രശ്‌നത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടുവെന്നാണ് ഹരിത ട്രൈബ്യൂണല്‍ ചോദിച്ചത്. മണല്‍ നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതിയെയും ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ചു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ റീജിയണല്‍ ഓഫിസില്‍ നിന്നുള്ള സീനിയര്‍ ഉദ്യോഗസ്ഥന്‍, വനം മേധാവി നിയോഗിക്കുന്ന സിസിഎഫില്‍ കുറഞ്ഞ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന്‍, പത്തനംതിട്ട കലക്ടര്‍ , മൈനിങ് ആന്‍ഡ് ജിയോളജി സിനീയര്‍ ഉദ്യോഗസ്ഥന്‍, പത്തനംതിട്ട ഡിഎഎഫ്ഒ, ദുരന്ത നിവാരണ മെംബര്‍ സെക്രട്ടറി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. എത്ര അളവില്‍ മണല്‍ നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പഠനം നടന്നോ എന്ന് കമ്മിറ്റി പരിശോധിക്കണം. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഇതൊടെ ഏകദേശം കാര്യങ്ങള്‍ക്കൊരു തീരുമാനമായി.ഹരിത ട്രൈബ്യൂണല്‍ ഇടപെടല്‍ വന്നതോടെ പമ്പ-ത്രിവേണി മണല്‍ നീക്ക പ്രശ്‌നം സര്‍ക്കാരിനു മുന്നില്‍ പുതിയ തലവേദനയായി. ആ തലവേദനയ്ക്കുള്ള മരുന്ന് അന്വേഷണത്തിന് കരാര്‍ ആര്‍ക്ക് കൊടുക്കാം എന്നതായി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. എന്തായാലും 2 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശം.

അഴിമതി വാരല്‍ മണല്‍ വാരലിന് വഴിമാറിയപ്പോള്‍
മുഖം രക്ഷിക്കാന്‍ മണല്‍ വാരിയെ മതിയാകു. വെള്ളാപ്പള്ളി കണ്‍സ്ട്രക്ഷനും ക്ലെ ആന്‍ഡ് സെറാമിക്സും കൈയൊഴിഞ്ഞതുപോലെ വിട്ടുപോകാന്‍ കഴിയാത്തതിനാല്‍ മാത്രം പമ്പയിലെ മണ്ണല്‍ വാരാന്‍ സര്‍ക്കാര്‍ തന്നെ തീരുമാനിച്ചു. ഒരു നദിയില്‍ നിന്നും മണ്ണ് വാരി നീക്കേണ്ടത് ഒരു സര്‍ക്കാരിന്റെ അടിയന്തര ആവിശ്യം ആകുന്നത് ഒരു പക്ഷെ ഇത് ആദ്യമാകും. എന്തായാലും വാരല്‍ വേഗത്തിലാക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പമ്പയില്‍ നേരിട്ടെത്തി. ഈ സന്ദര്‍ശനത്തില്‍ പോലുമുണ്ട് ചില മുഖം രക്ഷിക്കലുകള്‍. യഥാര്‍ത്ഥത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഈ സന്ദര്‍ശനം തന്നെ നടപടിക്രമങ്ങളില്‍ ആദ്യം വരേണ്ടതായിരുന്നു. അല്‍പ്പം ക്രമം തെറ്റിയാലും സാരമില്ല നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഹരിത്രട്രിബ്യൂണലിനെ കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇതിനെ കണ്ടാല്‍ മതി.

ഇപ്പോള്‍ പമ്പയില്‍ എന്താണ് നടക്കുന്നത്

വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാന്‍ ത്രിവേണിയില്‍ നിന്ന് 75,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്യുകയാണ് ഇപ്പോള്‍ പത്തനംതിട്ട കളക്ടര്‍ പി ബി നൂഹിന്റെ നേതൃത്വത്തിലുള്ള സംഘം. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലകിന്റെ സന്ദര്‍ശത്തെ തുടര്‍ന്നാണ് തീരുമാനം വേഗത്തിലാക്കിയത്. ത്രിവേണിയില്‍ നിന്നുള്ള മണല്‍ നീക്കം സജീവമായി മുന്നോട്ടു പോകുമ്പോള്‍ ഇതുവരെ 5366ലധികം ലോഡ് മണല്‍ നീക്കം ചെയ്തു കഴിഞ്ഞു. ഇത് 22,820 ഘനമീറ്റര്‍ മീറ്റര്‍ ഉണ്ടാകും. 20 ദിവസത്തിനുള്ളില്‍ 75,000 ഘനമീറ്റര്‍ നീക്കം ചെയ്യാമെന്നാണ് കണക്കുകൂട്ടല്‍. 1,28,000 ഘനമീറ്റര്‍ മണലും ചെളിയുമാണ് ഇവിടെ നിന്നു നീക്കാനുള്ളത്. 25 മണ്ണുമാന്തികളും 40 ടിപ്പര്‍ ലോറികളും ഉപയോഗിച്ചാണ് മണല്‍ നീക്കുന്നത്. ഇത് ചക്കുപാലം വനമേഖലയില്‍ നിക്ഷേപിക്കുകയാണ്. വന്‍തോതില്‍ മഴയുടെ തടസ്സമുണ്ടായില്ലെങ്കില്‍ 20 ദിവസത്തിനുള്ളില്‍ 75,000 ഘന മീറ്ററില്‍ കൂടുതല്‍ മണല്‍ നീക്കാനാകുമെന്നാണ് ജില്ലാ കലക്ടര്‍ പി.ബി.നൂഹിന്റെ അഭിപ്രായം.നദിയില്‍ നിന്നും കോരി മാറ്റുന്ന മണല്‍ ചക്കുപാലം ഭാഗത്തെ വനത്തില്‍ മൂന്നു സ്ഥലത്തായി ദിവസം ശരാശരി 725 ലോഡ് മണല്‍ എന്ന കണക്കില്‍ ഇവിടെ നിക്ഷേപിക്കുന്നു. ചക്കുപാലം ഒന്ന്,രണ്ട് മേഖലകള്‍, കെഎസ്ആര്‍ടിസിക്ക് പിന്‍വശം എന്നിവിടങ്ങളാണ് ഇതിനായി ഒഴിച്ചിട്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ മണല്‍ ശേഖരിക്കുന്നത് ചക്കുപാലം ഒന്ന് മേഖലയിലാണ്. അടിക്കാടുകള്‍ തെളിച്ച് തീര്‍ഥാടന കാലത്ത് 1000 വണ്ടികള്‍ പാര്‍ക്കു ചെയ്തുവന്ന സ്ഥലമാണിത്. ചാക്കലയം – പമ്പാ റോഡിന്റെ ഒരു വശത്ത് തുടങ്ങി കക്കിയാറിന്റെ തീരം വരെ നീളുന്ന വനമേഖല. റോഡിനേക്കാള്‍ താഴ്ന്നു കിടക്കുന്ന സ്ഥലമാണിത്. 2018ലെ മഹാപ്രളയത്തിനു ശേഷം ത്രിവേണിയില്‍ നിന്ന് കുറെ മണല്‍ നീക്കി ഇവിടെ ഇട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ മണല്‍ കൊണ്ടിടുന്നത്. ഓരോ ലോഡ് ഇറക്കി കഴിയുമ്പോള്‍ അവിടം നിരപ്പാക്കി ഉറപ്പിക്കുന്നു. ഈ ഭാഗത്തെ വലിയ മരങ്ങളുടെ പകുതി ഭാഗം വരെ മണ്ണിന് അടിയിലായി. ഇതു മരങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അവ ഉണങ്ങി പോകാന്‍ സാധ്യതയുണ്ടെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം.

അഴിമതി ആരോപണത്തെ മണ്ണിട്ട് മൂടി മുഖം രക്ഷിക്കാനുള്ള സര്‍്ക്കാര്‍ ശ്രമം ഒരു പക്ഷെ വിജയിക്കാം. എന്നാല്‍ ഇവിടെ തകര്‍ന്നത് കേരള ജനതയ്ക്ക് ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിശ്വസ്യതയാണ്. അവര്‍ അറിയുന്ന നാലാമത്തെ ആരോപണമാണ് ഇത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരു കമ്പനിക്കുവേണ്ടി കേരള സര്‍ക്കാര്‍ വാദിച്ച സ്പ്രിങ്ലര്‍ വിവാദം, സിപിഎം സഹയാത്രികന്റെ കമ്പനിയെ എല്ലാ മാനദണ്ഡവും കാറ്റില്‍പറത്തി ബെവ്ക്യു ആപ് തയാറാക്കാന്‍ നിയോഗിച്ച തീരുമാനം, ഇപ്പോള്‍ പമ്പയില്‍ അടിഞ്ഞുകൂടിയ കോടികള്‍ വിലമതിക്കുന്ന മണല്‍ കണ്ണൂരിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തി സ്വകാര്യ വ്യക്തികള്‍ക്കു സൗജന്യമായി നല്‍കാനുള്ള നീക്കം. ഇതൊന്നും കാണാതിരിക്കാനോ മനസ്സിലാക്കാതിരിക്കാനോ വിഡ്ഡികളല്ല കേരള സമൂഹം. അഴിമതി ആരോപണം കേരളത്തില്‍ പുതുമയല്ല, എന്നാല്‍ കേരള ജനത ഇത്രകണ്ട ബുദ്ധിമുട്ടുന്ന, അവരുടെ ആവശ്യങ്ങള്‍ മാറ്റിവെച്ച് സര്‍്ക്കാരിന്റെ വാക്കിനൊപ്പം നിന്ന സാഹചര്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.കുട്ടികളുടെ കുടുക്കയിലെ ചില്ലിക്കാശ് പോലും ദുരിതാശ്വാസനിധിയിലേക്ക് മടികൂടാതെ മലയാളികള്‍ സംഭാവന ചെയ്തു. മുണ്ട് മുറുക്കിയുടുത്ത് അവര്‍ നില്‍ക്കുമ്പോള്‍ അവരെ കാണാതെ മറ്റു ചിലര്‍ക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പുന്നത് കാലം മറക്കില്ല,.പൊറുക്കില്ല.

Tags
Show More

Related Articles

Back to top button
Close