KERALANEWSTop News

ഇടുക്കിക്ക് പാലാക്കാരൻ മന്ത്രി; റോഷി അഗസ്റ്റിൻ, കെ.എം.മാണി വളർത്തിയ യുവനേതാവ്

ഇടുക്കി: ഇടുക്കി ഹൈറേഞ്ചിനു റോഷി അഗസ്റ്റിനിലൂടെ മന്ത്രിപദവി ലഭിക്കുമെന്നുറപ്പ്. ആദരണീയനായ കെ.എം.മാണിയുടെ അരുമശിഷ്യനും പാർട്ടിയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും മാണിഗ്രൂപ്പിനൊപ്പം അടിയുറച്ച് നിന്ന റോഷി അഗസ്റ്റിനു മന്ത്രിപദം അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്.1969 ൽ കോട്ടയം ജില്ലയിലെ പാലാ രാമപുരത്ത് അഗസ്റ്റിൻ തോമസിന്റെയും ലീലാമ്മയുടെയും മകനായി ജനനം.സ്കൂൾ തലം തൊട്ടെ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയായ റോഷി ഇടക്കോളി ഗവൺമെൻറ് ഹൈസ്ക്കൂൾ പാർലമെന്റ് നേതാവായി തിരഞ്ഞെടുക്കപെട്ടു.

കേരളാ കോൺഗ്രസ് (എം) ന്റെ വിദ്യാർത്ഥി വിഭാഗമായ കേരളാ വിദ്യാർത്ഥി കോൺഗ്രസിന്റെ പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായി കേരളാകോൺഗ്രസിൽ ചുവടുറപ്പിച്ച റോഷി വിദ്യാർത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങീ പദവികളും വഹിച്ചിട്ടുണ്ട്. കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ 1995 ൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 43 ദിവസം നീണ്ടു നിന്ന കാൽനട ജാഥ വിമോചന പദയാത്ര നടത്തി ശ്രദ്ധേയനായിരുന്നു. 2001 ൽ വിമോചന യാത്ര എന്ന പേരിൽ അഴിമതി വിരുദ്ധ ജാഥ നടത്തി പാർട്ടിയിൽ കരുത്തനും ശ്രദ്ധേയനുമായി.

1996 -ൽ 26-ാം വയസിൽ പേരാമ്പ്രയിൽ കന്നിയങ്കത്തിനിറങ്ങിയ റോഷി സിപിഎം ലെ എൻ.കെ.രാധയോട് 2400 വോട്ടിനു പരാജയപെട്ട റോഷി രണ്ടാം അങ്കത്തിൽ 2001 ൽ ഇടുക്കിയിൽ നിന്നും എം.എസ് ജോസഫിനെ 13719 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി. തുടർന്നു 2006ലും, 2011 ലും സിപിഎം ലെ സിവി വർഗീസിനെയും 2016ൽ ജനാധിപത്യ കേരളാകോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെയും പരാജയപ്പെടുത്തി.2021 ലെ വിജയം തുടർച്ചയായി അഞ്ചാം തവണയും ഇടുക്കിയിൽ നിന്നും റോഷിയെ നിയമസഭയിൽ എത്തിച്ചു. നിയമ ബിരുദധാരിയായ റോഷി 2015 ൽ സംഗീത് ലൂയിസ് സംവിധാനം ചെയ്ത ഇലഞ്ഞിക്കാവ് പി.ഒ എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ഭാര്യ: റാണി തോമസ്, നേഴ്‌സാണ് മൂന്ന് കുട്ടികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close