KERALANEWS

ഇടുക്കിയിലെ മിടുക്കനാര് ? ജോസോ ജോസഫോയെന്ന് വോട്ടെണ്ണുമ്പോള്‍ അറിയാം !

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കിയുടെ മനസ് ആര്‍ക്കൊപ്പമെന്നറിയാന്‍ രണ്ടു നാള്‍ ശേഷിക്കെ തീവ്രപ്രചാരണമാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ ജില്ലയില്‍ ഏറെ നിര്‍ണായകമാക്കുന്നത്. ജോസ് കെ മാണി പക്ഷത്തിനാണോ, ജോസഫ് വിഭാഗത്തിനാണോ അണികളുടെ പിന്തുണ എന്നതു ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. മറ്റു മുന്നണികളേക്കാള്‍ മുന്‍പ് പ്രചാരണം തുടങ്ങിയ എല്‍.ഡി.എഫ് അവസാനം വരെ മേല്‍ക്കൈ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്.

ഹൈറേഞ്ച് മേഖലയില്‍ സിപിഎം ജോസ് കെ മാണി വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കിയിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളിലും അവര്‍ വിജയം പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇക്കുറിയും ജില്ല കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ചിലയിടങ്ങളില്‍ വിമത ശല്യം വെല്ലുവിളിയാകുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയം ആവര്‍ത്തിക്കാമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. സ്വന്തം മണ്ഡലം സ്ഥിചെയ്യുന്ന ജില്ലയില്‍ യുഡിഎഫിന്റെ വിജയം ഉറപ്പിക്കേണ്ടത് പി ജെ ജോസഫിന്റെ അഭിമാന പ്രശ്‌നമാണ്. പരസ്യ വെല്ലുവിളികളും ഇരുകൂട്ടരും നേരത്തെ തന്നെ നടത്തിയിരുന്നു.

ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലവില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഇതു തുടരുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ. ജില്ലാ പഞ്ചായത്തില്‍ സീറ്റുകള്‍ക്കായി ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ അതൊക്കെ പരിഹരിച്ചെന്നാണ് ഇരുവിഭാഗത്തിന്റെയും അവകാശ വാദം. തൊടുപുഴ നഗരസഭ ഇക്കുറിയും നിലനിര്‍ത്തണമെന്നാണ് യുഡിഎഫിന്റെ ലക്ഷ്യം.

1453 ബൂത്തുകളിലായി 8,95105 പേര്‍ക്കാണ് ഇടുക്കിയില്‍ ഇക്കുറി വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും പരമാവധി വോട്ടര്‍മാരെ സുരക്ഷിതമായി പോളിങ് സ്റ്റേഷനിലേക്ക് എത്തിക്കാനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close