ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഇത്തവണയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാവില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡമനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലന്ന കാരണമാണ് പരിശോധനക്കെത്തിയ കേന്ദ്ര സംഘം അനുമതി നിഷേധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പുതിയ കെട്ടിടവും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ ഇതിനോടകം ഏര്‍പ്പെടുത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ഇനിയും ആയിട്ടില്ലന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നത്.
അതു കൊണ്ടു തന്നെ ഇത്തവണയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമുണ്ടാവില്ല. എന്നാല്‍ പരിശോധന നടത്തിയ സംഘം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലന്നും ചൂണ്ടിക്കാട്ടുന്ന അപാകതകള്‍ എന്തുതന്നെയായാലും അവ പൂര്‍ണ്ണമായി പരിഹരിക്കുമെന്നും മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.
ആവശ്യമായ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും, ഇവിടേക്ക് റോഡ് പൂര്‍ത്തിയാവാത്തതും, മെഡിക്കല്‍ കോളേജ് പഴയ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നതും പ്രധാന അപാകതകളെയാണ് എംസിഐ ചൂണ്ടിക്കാട്ടിയത്. കൂടാതെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മ്മാണവും പൂര്‍ത്തിയായില്ലന്നതും എംസിഐയുടെ നോട്ടത്തില്‍ കുറവു തന്നെയാണ്. അതേസമയം സെപ്തംബര്‍ 16ന് നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പൂര്‍ത്തിയായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് എംസിഐ അധികൃതരെ ബോധ്യപ്പെടുത്തുവാനാവാത്തതാണ് ഇത്തവണയും അനുമതി നിഷേധിച്ചത് എന്നും ആരോപണമുണ്ട്. 2014-ല്‍ ആരംഭിച്ച മെഡിക്കല്‍ കോളേജില്‍ ഒന്നും രണ്ടും വര്‍ഷങ്ങള്‍ പഠനം സുഗമമായി നടന്നുവെങ്കിലും അക്കാലത്ത് അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രക്ഷോഭമുണ്ടാക്കിയവര്‍ക്ക് ഇപ്പോള്‍ ഭരണ സ്വാതന്ത്ര്യമുണ്ടായിട്ടും എംസിഐയുടെ അനുമതി നേടാന്‍ കഴിയാത്തത് എന്തുകൊണ്ടെന്നാണ് നാട്ടുകാരുടെ ചോദ്യം.