KERALATrending

ഇതാണ് കാവ്യനീതി, കൊടുത്താല്‍ കൊല്ലത്തും കിട്ടും: ഇടതുപക്ഷത്തോട് കെ.ബാബു

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവും പരിഹാസവുമായി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബു. പ്രതിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലം ഓര്‍മിപ്പിച്ചുകൊണ്ടുള്ള കെ.ബാബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കൊടുത്താല്‍ കൊല്ലത്തും കൂലി വരമ്പത്തും കിട്ടുമെന്ന് കെ.ബാബു പറഞ്ഞു. പിതൃതുല്യന്‍ എന്നും അച്ഛന്റെ പ്രായമുള്ള ആളാണെന്നും പറഞ്ഞ വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇടതുപക്ഷവും പിണറായിയും നീചമായ പ്രചരണവും സമരവും നടത്തിയത് മറക്കാനും പൊറുക്കാനും സമയമായിട്ടില്ലെന്ന് കെ.ബാബു പറഞ്ഞു.

കെ.ബാബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രതിയുടെ മൊഴി പ്രതിപക്ഷത്തിന് വേദവാക്യമാണെന്നും മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കുവാന്‍ ധൈര്യപ്പെടാത്ത രീതിയാണെന്നുമുള്ള ശ്രീ കോടിയേരി ബാലകൃഷ്ണന്റെ നിലപാട് പുച്ഛിച്ചു തള്ളാന്‍ തോന്നുന്നു.പിതൃതുല്യന്‍ എന്നും അച്ഛന്റെ പ്രായമുള്ള ആളാണെന്നും പറഞ്ഞ വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇടതുപക്ഷവും പിണറായിയും നീചമായ പ്രചരണവും സമരവും നടത്തിയത് മറക്കാനും പൊറുക്കാനും സമയമായിട്ടില്ല. ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും വന്നാല്‍ തങ്ങളുടെ ബാറുകള്‍ തുറക്കാന്‍ സാധിക്കില്ല എന്നുള്ള ഭയപ്പാടിന്റെ അടിസ്ഥാനത്തില്‍ ചില ബാര്‍ ഉടമകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടി വലിയൊരു തുക ഈ വിവാദ സ്ത്രീക്ക് കൊടുക്കുകയും നുണ പറയാന്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ശ്രീ ഉമ്മന്‍ചാണ്ടിക്കെതിരെ അസത്യം പറയിപ്പിച്ചത്.ഇപ്പോള്‍ സ്വര്‍ണക്കടത്തുകാരി പറയുന്നു 2017ല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ യുഎഇ കോണ്‍സല്‍ ജനറലിനോട് ഒപ്പം അവരും ഉണ്ടായിരുന്നു എന്നും തുടര്‍ന്ന് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരള സര്‍ക്കാരുമായുള്ള ആശയവിനിമയം ശിവശങ്കറിയിലൂടെ ആയിരിക്കുമെന്നും വിവാദ കള്ളക്കടത്തുകാരി വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നുമാത്രമല്ല തനിക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം നല്‍കിയ കാര്യം മുഖ്യമന്ത്രിയുടെ അറിവോടു കൂടി ആണെന്നും അവര്‍ വെളിപ്പെടുത്തിയിരിക്കുന്നു. പലപ്രാവശ്യം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്നും അവര്‍ വെളിപ്പെടുത്തി.വിവാദ സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രചരണം നടത്തുന്നതിനും പ്രക്ഷോഭണം നടത്തുന്നതിനും നേതൃത്വം കൊടുത്ത ഇന്നത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, സ്വര്‍ണ്ണക്കടത്തുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പലപ്രാവശ്യം രാജിവെക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.ഇതാണ് കാവ്യനീതി. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും കൂലി വരമ്പത്ത് കിട്ടുമെന്നും ഇപ്പോഴെങ്കിലും ഇടതുപക്ഷം തിരിച്ചറിയുന്നത് നല്ലതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close