
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആള്‍ക്കൂട്ടവും ഒഴിവാക്കിയാണ് ഇന്ത്യ അതിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് യുഎസിലെ പ്രമുഖ പ്രവാസി കൂട്ടായ്മ. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റികട്ട് എന്നിവിടങ്ങളില്‍ താമസമാക്കിയ ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് (എഫ്ഐഎ) ആണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്. 2020 ഓഗസ്റ്റ് 15 ന് ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ പതാക ഉയരുമ്പോള്‍ അതൊരു ചരിത്രനിമിഷമായിരിക്കുമെന്ന് എഫ്ഐഎ പ്രസ്താവനയില്‍ പറയുന്നു. ന്യൂയോര്‍ക്കിലെ ഇന്ത്യയുടെ കോണ്‍സല്‍ ജനറലായ രണ്‍ദീര്‍ ജയ്സ്വാള്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കുമെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി. 1970ല്‍ സ്ഥാപിതമായ സംഘടനയാണ് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് (എഫ്ഐഎ).
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍, സാമൂഹിക അകലം പാലിക്കല്‍, മുഖംമൂടി ധരിക്കുക, ശരിയായ ശുചിത്വം, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ 10,000 ത്തിലേറെ അതിഥികള്‍ പങ്കെടുക്കാറുള്ള ഡല്‍ഹി ചെങ്കോട്ടയില്‍ വെച്ചു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ഇത്തവണ അതിഥികളുടെ എണ്ണം 1500 പേരായി പരിമിതപ്പെടുത്തി. കൊറോണ പോരാളികളാണ് ഇത്തവണ സ്വാതന്ത്യദിനാഘോഷ പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. കൊറോണ പ്രതിരോധത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പൊലീസുകാര്‍ എന്നിവരുടെ പ്രതിനിധികള്‍ക്കും ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് ക്ഷണമുണ്ട്. മാസ്ക് അണിഞ്ഞും സാമൂഹിക അകലം പാലിച്ചും വേണം അതിഥികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നത്. സാധാരണ 4200 ഓളം എന്‍സിസി കേഡറ്റുകള്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി പങ്കെടുത്തുന്നിടത്ത് ഇത്തവണ അഞ്ഞൂറില്‍ താഴെ കേഡറ്റുകള്‍ മാത്രമാണ് പങ്കെടുക്കുക. എമര്‍ജന്‍സി കോവിഡ് സെന്ററുകളും വേദിയോട് ചേര്‍ന്ന് സജ്ജീകരിക്കും.