KERALANEWSTop News

ഇത്തരത്തിലൊരു തീരുമാനം സ്വീകരിക്കുന്നത് തെറ്റ് തന്നെയാണ്; സത്യപ്രതിജ്ഞാ ചടങ്ങ് വിർച്വലായി നടത്തണമെന്നും നടി പാർവതി തിരുവോത്ത്

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വിപുലമായി നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് നടി പാർവതി തിരുവോത്ത്. സർക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്നായിരുന്നു പാർവതിയുടെ പ്രതികരണം. കോവിഡ് സാചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പാർവതിയും ട്വിറ്ററിലൂടെ വിമർശനം അറിയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് വിർച്വലായി നടത്തണമെന്നും താരം ആവശ്യപ്പെടുന്നു,.

‘കൊവിഡ് മുൻനിര പോരാളികൾക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന സർക്കാർ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവർത്തിച്ചിരിക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്,’ പാർവതിയുടെ ട്വീറ്റിൽ പറയുന്നു.

മെയ് 20ന് നടക്കുന്ന ചടങ്ങിലേക്ക് വരുന്ന 500 പേരുടെ ജനക്കൂട്ടം അത്രയ്‌ക്കൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊവിഡ് കേസുകൾ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മറ്റു വഴികൾ ഉണ്ടായിരിക്കേ, ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് തികച്ചും തെറ്റായ നീക്കമാണെന്നും പാർവതി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങ് വിർച്വലായി നടത്താൻ തയ്യാറാകണമെന്നും പാർവതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ‘ഒരു വിർച്വൽ സമ്മേളനം നടത്തി മാതൃകയാകാൻ അവസരമുണ്ടായിരിക്കേ അതിനു നിൽക്കാതെ ഇത്തരത്തിലൊരു തീരുമാനം സ്വീകരിക്കുന്നത് തെറ്റ് തന്നെയാണ്. പൊതുച്ചടങ്ങ് ഒഴിവാക്കണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങ് വിർച്വലായി നടത്തണം,’ പാർവതി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങ് പൊതുച്ചടങ്ങായി നടത്തരുതെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ 500 പേരെ പങ്കെടുപ്പിക്കുന്ന ചടങ്ങായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. 50000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണെന്നും കൊവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും കൂട്ടിച്ചേർത്തു. 40000 പേർ കഴിഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 140 എം.എൽ.എമാരും ചടങ്ങിൽ പങ്കെടുക്കും. പ്രവേശനം പാസുള്ളവർക്ക് മാത്രം നിജപ്പെടുത്തും.

ചടങ്ങിൽ പങ്കെടുക്കാൻ 48 മണിക്കൂർ മുൻപെടുത്ത കൊവിഡ് പരിശോധനാഫലം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായാധിപർ, ചീഫ് സെക്രട്ടറി, സെക്രട്ടറിമാർ, മാധ്യമപ്രവർത്തകർ എന്നിവർ ഉൾപ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൊതുജനങ്ങൾ എല്ലാ പരിപാടികളും ഒഴിവാക്കി വീടുകളിൽ തന്നെ കഴിയുന്ന ഘട്ടത്തിൽ സർക്കാർ ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് നടത്തുന്നത് ധാർമികമല്ലെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. ചടങ്ങ് രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന് മാത്രമല്ല, രോഗപ്രതിരോധ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെയും താൽപര്യത്തെയും ഇത് മോശമായി ബാധിക്കുമെന്നും അഭിപ്രായങ്ങളുയർന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close