SPORTSTop News

ഇത് ബൗളര്‍മാരുടെയും കളി

വസന്ത് കുമാര്‍

ബാറ്റ്സ്മാന്‍മാരുടെ കളി എന്നാണ് ആധുനിക ക്രിക്കറ്റിന്റെ വിശേഷണം. പ്രത്യേകിച്ച് ട്വന്റി20 ക്രിക്കറ്റിന് ഈ വിശേഷണം കൂടുതല്‍ യോജിക്കും. എന്നാല്‍, ഇന്ത്യയ്ക്ക് ചില മികച്ച ബൗളര്‍മാരെ സമ്മാനിച്ചിട്ടുള്ളത് ഐപിഎല്‍ ആണെന്നതും മറക്കാന്‍ കഴിയില്ല. ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചഹലും നവദീപ് സെയ്നിയുമൊക്കെ ഉദാഹരണങ്ങള്‍. ആ നിരയിലേക്കുള്ള ഏറ്റവും പുതിയ കണ്ടെത്തലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തമിഴ്നാട്ടുകാരന്‍ പേസ് ബൗളര്‍ ടി. നടരാജന്‍. പേസര്‍മാരെ ഏറ്റവും നന്നായി ഉപയോഗിക്കുന്ന ഐപിഎല്‍ ടീമുകളിലൊന്നാണ് സണ്‍റൈസേഴ്സ്. സന്ദീപ് ശര്‍മയെയും സിദ്ധാര്‍ഥ കൗളിനെയും പോലുള്ള ശരാശരിക്കാരെ ഏറ്റവും മികച്ച രീതിയില്‍ വിനിയോഗിച്ച സണ്‍റൈസേഴ്സ് ഇത്തവണ നടരാജനിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ഖലീല്‍ അഹമ്മദും നടരാജനും ഉള്‍പ്പെട്ട ഇടങ്കയ്യന്‍ പേസ് ദ്വയം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്നതാണ് നടരാജന്റെ പ്രധാന മികവ്. നിരന്തരം യോര്‍ക്കറുകള്‍ എറിഞ്ഞ് ബാറ്റ്സ്മാന്‍മാരെ നിയന്ത്രിച്ചു നിര്‍ത്താനുള്ള ശേഷി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ നടരാജന്‍ തെളിയിക്കുകയും ചെയ്തു. ഋഷഭ് പന്തിനെയും ഷിമ്രോണ്‍ ഹെറ്റ്മെയറെയും മാര്‍ക്കസ് സ്റ്റോയ്നിസിനെയും പോലുള്ള ഹെവി ഹിറ്റര്‍മാര്‍ക്കു പോലും നടരാജന്റെ യോര്‍ക്കറുകള്‍ക്കു മുന്നില്‍ മറുപടിയുണ്ടായില്ല. ഒന്നും രണ്ടുമല്ല, 12 യോര്‍ക്കറുകളാണ് തന്റെ നാലോവറില്‍ നടരാജന്‍ എറിഞ്ഞത്. ഡെയ്ല്‍ സ്റ്റെയ്നെപ്പോലുള്ള ലോകോത്തര ബൗളര്‍മാര്‍ക്കു പോലും സ്ഥിരത പുലര്‍ത്താനാവാത്ത മേഖലയിലാണ് തമിഴ്നാട്ടില്‍ നിന്നൊരു ചെറുപ്പക്കാരന്‍ മികവ് തെളിയിക്കുന്നത്. ഐപിഎല്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ പതിവുപോലെ ബാറ്റ്സ്മാന്‍മാരുടെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ പലതും കണ്ടു. സഞ്ജു സാംസണിനു പിന്നാലെ ഇഷാന്‍ കിഷന്‍ കൂടി ഒരു അവിസ്മരണീയ ഇന്നിങ്സ് പുറത്തെടുത്തതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനുള്ള അവകാശവാദം ഒന്നുകൂടി ദുര്‍ബലമായി. ഇതിനിടെ രാഹുല്‍ തെവാത്തിയയുടെയും കരണ്‍ പൊള്ളാര്‍ഡിന്റെയും ഓരോ ഉജ്ജ്വല ഇന്നിങ്സുകള്‍ക്കും ഐപിഎല്‍ സാക്ഷ്യം വഹിച്ചു. അപ്പോഴും ശ്രദ്ധേയ പ്രകടനങ്ങളുമായി ചില ബൗളര്‍മാരും കരുത്തു കാട്ടി. മുംബൈ ഇന്ത്യന്‍സിനെ സൂപ്പര്‍ ഓവറില്‍ വെറും ഏഴ് റണ്‍സിലേക്ക് ഒതുക്കിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ നവദീപ് സെയ്നിയാണ് അവരിലൊരാള്‍. തുടര്‍ച്ചയായി 140 കിലോമീറ്ററിനു മേല്‍ വേഗത്തില്‍ പന്തെറിയുന്ന സെയ്നി സ്വന്തം ടീമംഗമായ ഉമേഷ് യാദവിനെയൊക്കെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. ടെസ്റ്റ് സ്പെഷ്യലിസ്റ്റെന്ന ഉമേഷിന്റെയും ഇഷാന്ത് ശര്‍മയുടെയുമൊക്കെ വിശേഷണങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനങ്ങള്‍.

റഷീദ് ഖാന്‍

ലോകത്തെ ഏറ്റവും മികച്ച ടി20 സ്പിന്നര്‍ എന്നു വിളിക്കാവുന്ന റഷീദ് ഖാന്റെ പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന അഫ്ഗാനിസ്ഥാന്‍ താരം തന്റെ യഥാര്‍ത്ഥ ക്ലാസ് പുറത്തെടുത്തു കഴിഞ്ഞു. എന്നാല്‍, ഇംഗ്ലണ്ടിന്റെ പുതുമുറ സൂപ്പര്‍സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ക്കും ഇന്ത്യന്‍ പേസ് ബൗളിങ് കുന്തമുന ജസ്പ്രീത് ബുംറയ്ക്കും ഇനിയും പൂര്‍ണ മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. സണ്‍റൈസേഴ്സിന്റെ യുവ ബൗളിങ് നിരയെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കാന്‍ ഭുവനേശ്വര്‍ കുമാറിനു സാധിക്കുന്നു. അണ്ടര്‍-19 ലോകകപ്പിലൂടെ ശ്രദ്ധേയനായ രവി ബിഷ്ണോയിയാണ് ഈ ഐപിഎല്ലിന്റെ കണ്ടെത്തല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ബൗളര്‍. മുംബൈ ഇന്ത്യന്‍സിന്റെ രാഹുല്‍ ചഹറിനൊപ്പം ബിഷ്ണോയിയുടെയും ലെഗ് സ്പിന്‍ ശരാശരിക്കു മുകളില്‍ നില്‍ക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് നടന്ന അണ്ടര്‍-19 ലോകകപ്പിലൂടെ ശ്രദ്ധേയനാവുകയും പിന്നീട് പരുക്കിന്റെ പിടിയിലായി ഏറെക്കാലം ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്ത കമലേഷ് നാഗര്‍കോടിയും ഇത്തവണ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പഴയ സഹതാരം ശിവം മാവിക്കൊപ്പം കമലേഷ് കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ആക്രമണനിരയില്‍ സുശക്ത സാന്നിധ്യമാണ്. ക്രിക്കറ്റില്‍ നിന്നു നേരേ ടെന്നീസ് ലോകത്തേക്കു പോയാല്‍, കോവിഡ് കാലത്തെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റും പുരോഗമിക്കുകയാണ്. റൊളാങ് ഗാരോസിലെ ഫ്രഞ്ച് ഓപ്പണ്‍ വേദിയില്‍ കളിമണ്‍ കോര്‍ട്ടുകള്‍ക്ക് ചൂടുപിടിച്ചു തുടങ്ങി. ഇതിനിടെ കണങ്കാലിനേറ്റ പരുക്ക് കാരണം സെറീന വില്യംസ് ആദ്യ റൗണ്ടിനു ശേഷം ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറുകയും ചെയ്തു. സഹോദരി വീനസ് വില്യം ആദ്യ റൗണ്ടില്‍ അന കരോലിനയോടും തോറ്റും പുറത്തായി. പുരുഷ വിഭാഗത്തില്‍ പതിമൂന്നാം കിരീടവും റെക്കോഡും ലക്ഷ്യമിടുന്ന റാഫേല്‍ നദാല്‍ കുതിപ്പു തുടരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരം കാണികള്‍ക്കു മാത്രമാണ് മത്സരവേദിയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. മത്സരച്ചൂട് കൂടുമ്പോഴും കാലാവസ്ഥ തണുത്തിരിക്കുന്നത് മത്സരങ്ങള്‍ക്കു പ്രതിബന്ധമാകുന്നുണ്ട്. പല മത്സരങ്ങളും പ്രതികൂല കാലാവസ്ഥ കാരണം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യവും ഉണ്ടായി.

ഫുട്ബോളില്‍ ഇന്ത്യ ഇനിയും സജീവമാകാനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഐഎസ്എഎല്ലില്‍ ട്രാന്‍സ്ഫര്‍ വിപണി സജീവമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അഭിമാന താരമായിരുന്ന സന്ദേശ് ജിംഘാന്‍ ക്ലബ് വിട്ടത് ആരാധകര്‍ക്കു നിരാശയായി. എന്നാല്‍, അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി കളിച്ച മലയാളി താരം കെ.പി. രാഹുല്‍ മൂന്നു വര്‍ഷം കൂടി ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. എടികെ മോഹന്‍ ബഗാനിലേക്കാണ് ജിംഘന്റെ കൂടുമാറ്റം. ഇതിനിടെ, ബഗാനു പിന്നാലെ കോല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും ഐഎസ്എല്ലില്‍ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ശ്രീ സീസണിന്റെ ഉടമസ്ഥതയിലാണ് ഈസ്റ്റ് ബംഗാള്‍ ഇപ്പോള്‍. ഇതോടെ അടുത്ത സീസണില്‍ 11 ടീമുകള്‍ കളിക്കുമെന്ന് ഉറപ്പായി. നേരത്തെ, എടികെ കോല്‍ക്കത്തയുമായി ലയിച്ചതോടെയാണ് ബഗാന്റെ ഐഎസ്എല്‍ പ്രവേശനം സാധ്യമായത്. നവംബറിലാണ് ഏഴാം സീസണിലെ മത്സരങ്ങള്‍ തുടങ്ങുക. ഗോവയിലെ മൂന്നു വേദികളിലേക്കു ചുരുക്കിയിരിക്കുന്ന മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. കരുത്തരായ ആഴ്സനലിനെതിരേ ലിവര്‍പൂള്‍ ആവേശകരമായ വിജയം നേടി. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു നിലവിലുള്ള ചാംപ്യന്‍മാരുടെ വിജയം. സീസണില്‍ തുടരെ മൂന്നാം ജയവുമായി അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ലെസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്, ആഴ്സനല്‍ അഞ്ചാമതും. മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ലെസ്റ്റര്‍ നേടിയ വിജയമാണ് കഴിഞ്ഞ ആഴ്ച ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഫുട്ബോള്‍ മത്സരം. പെപ് ഗാര്‍ഡിയോളയുടെ പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണ് ഈ മത്സരം സമ്മാനിച്ചത്. സ്‌കോര്‍ നില 5-2. ജയ്മി വാര്‍ഡിയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. സെര്‍ജിയോ അഗ്വെറോയും ഗബ്രിയേല്‍ ജീസസും ഇല്ലാതെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാനിറങ്ങിയത്.

ലൂയി സുവാരസ്

സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വിട്ട ഉറുഗ്വെയന്‍ സൂപ്പര്‍ താരം ലൂയി സുവാരസ് തന്റെ പുതിയ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലും കരുത്ത് തെളിയിച്ചു. അത്ലറ്റിക്കോ ജെഴ്സിയില്‍ സുവാരസ് അരങ്ങേറിയത് മത്സരത്തിന്റെ എഴുപത്തൊന്നാം മിനിറ്റില്‍. എന്നാല്‍, തിരിച്ചു കയറും മുന്‍പേ രണ്ടു ഗോള്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഗ്രാനഡയെ ഒന്നിനെതിരേ ആറു ഗോളിനാണ് ഈ മത്സരത്തില്‍ അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ ബാഴ്സലോണയുടെ ശക്തമായ തിരിച്ചുവരവും കണ്ടു. വിയ്യാറയലിനെതിരേ എതിരില്ലാത്ത നാലു ഗോള്‍ വിജയമാണ് സുവാരസിന്റെ പഴയ ടീം കുറിച്ചത്. പതിനേഴുകാരന്‍ അന്‍സു ഫാറ്റിയുടെ ഇരട്ട ഗോള്‍ ആയിരുന്ന മത്സരത്തിന്റെ സവിശേഷത. ക്യാപ്റ്റന്‍ ലയണല്‍ മെസിയും നേടി ഒരു പെനല്‍റ്റി ഗോള്‍. ഫ്രഞ്ച് ലീഗില്‍ മറ്റൊരു അര്‍ജന്റീനക്കാരന്‍ മൗറോ ഇക്കാര്‍ദി നേടിയ ഇരട്ട ഗോള്‍ പിഎസ്ജിയെ ജയത്തിലെത്തിച്ചു. റീസിനെതിരായ മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ മങ്ങിപ്പോയപ്പോഴാണ് ഇക്കാര്‍ദി രക്ഷകനായത്. ഇറ്റാലിയന്‍ ലീഗിലാകട്ടെ, പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിന്റെ രക്ഷകനാകുന്നതും കഴിഞ്ഞ ദിവസം കണ്ടു. എഎസ് റോമയുമായുള്ള മത്സരത്തില്‍ പത്തു പേരുമായി കളിച്ച യുവന്റസിനെ ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളാണ് തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. കേരളത്തിന്റെ കായിക മേഖലയിലേക്കു വരുമ്പോള്‍ നമുക്ക് ഇപ്പോഴും ചര്‍ച്ച ചെയ്യാനുള്ളത് അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ചാണ്. ഇതിലേക്ക് ഒരു ചുവട് കൂടി വച്ചു കൊണ്ട് നാലു സ്റ്റേഡിയങ്ങള്‍ കൂടി സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി. തൃശൂര്‍ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം, കണ്ണൂര്‍ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. കിഫ്ബി അംഗീകരിച്ച 43 കായിക സമുച്ചയങ്ങളില്‍ 26 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close