INSIGHTTrending

‘ഇദ്ദേഹം ധീരനായ പഴയ കമ്മ്യൂണിസ്റ്റ് നേതാവാണ്; കൊളാട്ട് ചന്ദ്രശേഖരൻ എന്നല്ല, തോമസ് സഖറിയാസ് എന്നാണ് യഥാർത്ഥ പേര്’; ജ്യോതി ബസുവിനൊപ്പം അറസ്റ്റിലായി നാടുകടത്താൻ കൊണ്ടുപോകവെ സോവിയറ്റ് യൂണിയനിലേക്ക് രക്ഷപെട്ട മോസ്കോ ചന്ദ്രന്റെ കഥ

കോട്ടയം: മോസ്കോ ദാസന്റെ മരണത്തോടെയാണ് കേരളത്തിൽ സോവിയറ്റ് യൂണിയനും മോസ്കോ റേഡിയോയും വീണ്ടും ചർച്ചകളിൽ നിറയുന്നത്. മോസ്കോ ദാസന് മുന്നേ സോവിയറ്റ് യൂണിയനിൽ നിന്നും മലയാളം വാർത്തകൾ വായിച്ചിരുന്നത് മറ്റൊരു കോട്ടയം കാരനായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനം പുത്തൻപുരയ്ക്കൽ കുടുംബാംഗമായ തോമസ് സഖറിയാസാണ് കൊളാട്ട് ചന്ദ്രശേഖരൻ എന്ന പേരിൽ മോസ്കോ റേഡിയോയിൽ വാർത്തകൾ വായിച്ചിരുന്നത്.

കോട്ടയം ജില്ലയിലെ ചിങ്ങവനം പുത്തൻപുരയ്ക്കൽ കുടുംബാംഗമായ തോമസ്, കൽക്കത്ത വാന നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യാഗസ്ഥനായി 1940കളുടെ അവസാനം ബംഗാളിലെത്തി. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ അദ്ദേഹം ജ്യോതി ബസുവിനൊപ്പം അറസ്റ്റിലായി , ഭീകരമായ മർദ്ദനത്തിനിരയായി. പക്ഷേ,ആന്തമാനിലേക്ക് നാടുകടത്താൻ കൊണ്ടുപോകുന്നതിനിടയിൽ ഗോവയിൽ വച്ച് രക്ഷപെട്ടു.
അവിടെ നിന്ന് രാഷ്ട്രീയാഭയവും ചികിത്സയും തേടി 1951 -ൽ റഷ്യയിലെത്തി, ‘കൊളാട്ട് ചന്ദ്രശേഖരനാ’യി ജോസഫ് സ്റ്റാലിനെ കണ്ട അദ്ദേഹത്തെ, ചികിത്സയ്ക്കായി ഒരു സാനറ്റോറിയത്തിൽ പ്രവേശിപ്പിച്ചു. കുറച്ചു കാലത്തിനു ശേഷം, ഇന്ത്യയിലെ പാർട്ടി പ്രവർത്തനത്തിനുള്ള ഫണ്ടുമായി വിയന്ന വഴി നാട്ടിലേക്കയച്ചു. 1955-ൽ മോസ്‌കോയിൽ തിരിച്ചെത്തിയ അദേഹം അവിടെ സ്ഥിര താമസമാക്കി. റേഡിയോയുടെ മലയാളം പ്രക്ഷേപണത്തിന്റെ ചുമതലക്കാരനായി.

ഇന്ത്യയിൽ നിന്നു വരുന്ന സമുന്നതരായ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്കും ആതിഥ്യമരുളിയ മോസ്കോ ചന്ദ്രന്റെ സുഹൃത്തുക്കളിൽ സോവിയറ്റ് യൂണിയനിലെ ഗഗന സഞ്ചാരികൾ വരെ ഉണ്ടായിരുന്നു. മധ്യ മോസ്കോയിലെ പാർക് കുൽട്ടൂറിയിൽ മോസ്ക്വ നദിയുടെ തീരത്തെ മൂന്നാം നില അപാർട്മെന്റിൽ റഷ്യൻ മലയാളികളുടെ വളർച്ചത്തച്ഛനായ ‘മോസ്കോ ചന്ദ്രൻ കൈകൊടുത്ത് ഇരുത്തിയവരിൽ ഇംഎംഎസ് മുതൽ സി.അച്യുത മേനോനും എസ്.എ.ഡാങ്കെയും ബസവ പുന്നയ്യയും ജ്യോതി ബസുവും പി.കെ.വാസുദേവൻ നായരും നൃപൻ ചക്രവർത്തിയും ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും തകഴിയും ഒ.എൻ.വി.കുറുപ്പുംവരെയുള്ള പ്രശസ്തരുണ്ട്. പിന്നെ, എത്രയേറെ ഇന്ത്യൻ വിദ്യാർഥികൾ. ബഹിരാകാശ സഞ്ചാരിയും എൻജിനീയറും പിന്നീട് രാഷ്ട്രീയപ്രവർത്തകയുമെല്ലാമായ വലന്റീന തെരഷ്കോവയും ചന്ദ്രന്റെ അടുത്ത സുഹൃത്തായിരുന്നു. ബാഹ്യാകാശത്തേക്കു പോയ ആദ്യ വനിത, ഈ വീട്ടിൽ വന്ന് ചന്ദ്രനും എല്ലയ്ക്കുമൊപ്പം കളിതമാശ പറഞ്ഞ് ഇരിക്കുമായിരുന്നു.

റേഡിയോ മോസ്കോയുടെ മലയാളം പ്രക്ഷേപണം എല്ലാ ദിവസവും വൈകിട്ട് 5 മുതൽ 5.30 വരെയും രാത്രി 7 മുതൽ 7.30 വരെയും ആയിരുന്നു. ആദ്യ പരിപാടി എഴുതി അവതരിപ്പിച്ചത് കൊളാട്ട് ചന്ദ്രശേഖരനും (മോസ്കോ ചന്ദ്രൻ) നാരായണിക്കുട്ടി ഉണ്ണികൃഷ്ണനും. സാനറ്റോറിയത്തിൽ വച്ച് കണ്ട റഷ്യക്കാരി ഇളയെ ആണ് മോസ്കോ ചന്ദ്രൻ ജീവിതസഖിയായി ഒപ്പം കൂട്ടിയത്. പൗരസ്ത്യ സാഹിത്യ വിഭാഗം എഡിറ്ററായ അവർ എ.കെ.ജിയുടെ ആത്മകഥ ഇംഗ്ലീഷിൽ നിന്ന് റഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മകൾ കരീന കേരളത്തിലെ മുന്നണി ഭരണത്തെ മുൻ നിർത്തി, ഇന്ത്യയിലെ കൂട്ടുകക്ഷി ഭരണ സമ്പ്രദായത്തെക്കുറിച്ച് ഗവേഷണം നടത്തി.

അപസർപ്പക കഥകളെ വെല്ലുന്ന മോസ്കോ ചന്ദ്രൻ എന്ന കൊളാട്ട് ചന്ദ്രശേഖരന്റെ യഥാർത്ഥ ജീവിത കഥ മറ്റുള്ളവർ അറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷം, തികച്ചും നാടകീയമായിട്ടാണ്.1983ഫെബ്രുവരി 13 ന് മോസ്കോയിൽ ഹൃദയസ്തംഭനം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹവാസ്കോയി സെമിത്തേരിയിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്ത സംസ്ക്കാരച്ചടങ്ങിൽ, അന്ന് മോസ്ക്കോ സന്ദർശനത്തിനെത്തിയ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുമുണ്ടായിരുന്നു. അദ്ദേഹം നടത്തിയ ചരമോപചാരപ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു :”ഇദ്ദേഹം ധീരനായ പഴയ കമ്മ്യൂണിസ്റ്റ് നേതാവാണ് – കൊളാട്ട് ചന്ദ്രശേഖരൻ എന്നല്ല, പി.തോമസ് സഖറിയാസ് എന്നാണ് യഥാർത്ഥ പേര്.”

മോസ്കോ റേഡിയോ മലയാള പ്രക്ഷേപണം ആരംഭിച്ചത് 1950കളുടെ ആദ്യമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള അവികസിത രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ചൈനയിലും രാഷ്ട്രീയ പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു,മലയാളം ഉൾപ്പെടെ ആറ് പുതിയ ഭാഷകളിലെ റേഡിയോ പ്രക്ഷേപണം. അതുവരെ, അമേരിക്ക ലക്ഷ്യമാക്കിയായിരുന്നു സോവിയറ്റ് യൂണിയന്റെ വിദേശ റേഡിയോ പ്രക്ഷേപണങ്ങൾ .ഈ നയംമാറ്റത്തോടെ, വോയ്സ് ഓഫ് അമേരിക്കയുടെ റേഡിയോ തരംഗങ്ങൾ തടസ്സപ്പെടുത്തുന്നത് അവർ ഉപേക്ഷിച്ചു. ചൈനയുടെ ഔദ്യോഗിക റേഡിയോയുടെ പ്രക്ഷേപണം മറ്റു സ്ഥലങ്ങളിൽ കിട്ടാതിരിക്കാൻ ജാമറുകൾ സ്ഥാപിച്ചു. ലാറ്റിൻ അമേരിക്കൻ ,ആഫ്രിക്കൻ രാജ്യങ്ങളിലെ റേഡിയോ പ്രക്ഷേപണവും യു.എസ്.എസ്.ആർ ഇക്കാലത്ത് ശക്തിപ്പെടുത്തി. ഷോട്ട് വേവിൽ വാർത്താ ബുള്ളറ്റിനുകളും ആരംഭിച്ചു.

മോസ്കോ റേഡിയോയുടെ മലയാളം പ്രക്ഷേപണത്തിൽ അക്കാലത്ത് സോവിയറ്റ് യൂണിയൻ സന്ദർശിച്ച കേരളത്തിലെ മിക്ക എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ പ്രചാരണമായിരുന്നു , ലക്ഷ്യമെങ്കിലും, വൈവിദ്ധ്യ പൂർണ്ണമായ പരിപാടികളുണ്ടായിരുന്നു : അവ വൈകീട്ട് 5.30നായിരുന്നു. എല്ലാ ആഴ്ചയും ശ്രോതാക്കളുടെ കത്തുകൾ, കാർഷിക, സാഹിത്യ പരിപാടികൾ, കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള പരിപാടികൾ, സംഗീത കച്ചേരികൾ .’സോവിയറ്റ് പനോരമ’ എന്ന പേരിൽ സോവിയറ്റ് യൂണിയനെയും, ഇന്തോ- സോവിയറ്റ് സഹകരണത്തെയും കുറിച്ചുള്ള പരിപാടികൾ.എല്ലാ ദിവസവും രാത്രി 7 മുതൽ 7.30 വരെ ലോക വാർത്തകളും അവലോകനങ്ങളും . കേരളത്തിലെ ധാരാളം പേർ, പ്രത്യേകിച്ച് സി.പി.ഐ അനുഭാവികൾ, ഈ പ്രക്ഷേപണം കൃത്യനിഷ്ഠയോടെ കേൾക്കുകയും കത്തുകൾ അയയ്ക്കുകയും ചെയ്തിരുന്നു. സോവിയറ്റ് യൂണിയൻ തകരും വരെ, മോസ്കോ റേഡിയോയുടെ മലയാളം പ്രക്ഷേപണം ഉണ്ടായിരുന്നു.

സോവിയറ്റ് സാംസ്കാരിക കേന്ദ്രത്തിൽ പ്രവർത്തിച്ച , ‘സോവിയറ്റ് റിവ്യൂ’ ജോയിന്റ് എഡിറ്ററായിരുന്ന ഗോപാലകൃഷ്ണനും ഭാര്യ ഓമനയും ഈ റേഡിയോ പ്രക്ഷേപണവുമായി സഹകരിച്ചിരുന്നു. മലയാളം പഠിച്ച ചില റഷ്യൻ അവതാരകരുമുണ്ടായിരുന്നു.180 റഷ്യൻ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗോപാലകൃഷ്ണൻ -ഓമന ദമ്പതിമാർ ഉൾപ്പെടെയുള്ളവരാണ് മോസ്കോ ചന്ദ്രന്റെ മരണശേഷം മലയാള പ്രക്ഷേപണം തുടർന്നത്. പില്ക്കാലത്ത് ‘ജനയുഗ’ത്തിന്റെ പത്രാധിപരായ എം.എസ്.രാജേന്ദ്രൻ ദീർഘകാലം മോസ്കോയിൽ പ്രവർത്തിച്ചിരുന്നു. മലയാള പ്രക്ഷേപണത്തിൽ അദ്ദേഹത്തിന്റെ ക്രിയാത്മകമായ സംഭാവനകളുമുണ്ട്.

അക്കാലത്ത് മോസ്കോയിൽ വിദ്യാർത്ഥികളായിരുന്ന തിരുവനന്തപുരം സ്വദേശികളായ ദേവദത്തൻ, ദേവേശൻ എന്നീ സഹോദരൻമാരും മോസ്കോ റേഡിയോക്കുവേണ്ടി പരിപാടികൾ തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. ‘സോവിയറ്റ് നാട്’,’സ്പുട്നിക്’ തുടങ്ങിയ റഷ്യൻ പ്രസിദ്ധീകരണങ്ങൾ പോലെ, മോസ്കോയിൽ നിന്നുള്ള മലയാളം പ്രക്ഷേപണവും ചിലർക്കെങ്കിലും ഇന്ന് ഗൃഹാതുരമായൊരു സ്മരണയാണ്.

https://mediamangalam.com/archives/60827

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close