TrendingWORLD

ഇനിയുള്ള ജീവിതം കോവിഡിനൊപ്പം, ബ്രിട്ടീഷുകാര്‍ ഒന്നടങ്കം പറയുന്നു

ലണ്ടന്‍: കോവിഡിന് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത കടുത്ത സാഹര്യമുണ്ടായാല്‍ അതിനെ നേരിടാന്‍ ബ്രിട്ടീഷുകാരില്‍ ഭൂരിഭാഗം പേരും ഒരുങ്ങിക്കഴിഞ്ഞുവെന്ന ഞെട്ടിപ്പിക്കുന്ന ഒരു സര്‍വേഫലം പുറത്ത് വന്നു. ഇത് പ്രകാരം തങ്ങള്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനായി പ്രാദേശിക ലോക്ക്ഡൗണുകള്‍, ഹോം സ്‌കൂളിംഗ്, വലിയ ഇവന്റുകള്‍ക്ക് കാണികള്‍ നേരിട്ടെത്തുന്ന അഥവാ ലൈവ് ഓഡിയന്‍സുകളെ ഒഴിവാക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുമെന്നാണ് ഈ സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേരും വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ തങ്ങളുടെ ലോക്കല്‍ ഏരിയയില്‍ നടപ്പിലാക്കുന്നത് സ്വീകരിക്കാന്‍ സന്നദ്ധമാണെന്നാണ് 85 ശതമാനം പേര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കിംഗ്‌സ് കോളജ് ഓഫ് ലണ്ടനാണ് കൊറോണയെ സംബന്ധിച്ച ബ്രിട്ടീഷുകാരുടെ നിര്‍ണായകമായ മുന്നൊരുക്കങ്ങള്‍ വെളിപ്പെടുത്തുന്ന ഈ സര്‍വേ നടത്തിയിരിക്കുന്നത്. മഹാവ്യാധിക്കാലത്തെ ബ്രിട്ടീഷുകാരുടെ മനോഭാവത്തെ വിശകലനം ചെയ്യുന്ന ഒരു സുപ്രധാനമായ സര്‍വേയാണിത്.
കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ മഹാവ്യാധിയെ ദീര്‍ഘകാലത്തേക്ക് സഹിക്കാനും അതിനനുസരിച്ച് ജീവിതം ക്രമീകരിച്ച് മുന്നോട്ട് കൊണ്ടു പോകാനും ഭൂരിഭാഗം പേരും സന്നദ്ധരായിരിക്കുന്നുവെന്നാണ് സര്‍വേ ഫലം വെളിപ്പെടുത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണിന്റെ ആവശ്യകതയെക്കുറിച്ച് ജനത്തിന് കൂടുതലായി ബോധ്യം വന്നുവെന്നാണ് കിംഗ്‌സ് കോളജ് ഓഫ് ലണ്ടനിലെ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ബോബി ഡഫി പറയുന്നത്. നിലവില്‍ സമ്പദ് വ്യവസ്ഥ, സാമൂഹിക ജീവിതം തുടങ്ങിയവയേക്കാള്‍ ജനം ആരോഗ്യത്തിനാണ് മുന്‍ഗണനയേകുന്നതെന്ന് സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നും ബോബി വെളിപ്പെടുത്തുന്നു. പ്രധാനപ്പെട്ട കായിക മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് കാണികള്‍ നേരിട്ടെത്തുന്നത് ഒഴിവാക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടിലധികം പേര്‍ അഥവാ 68 ശതമാനം പേര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 47 ശതമാനം പേരാണ്. എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനെ അനുകൂലിക്കുന്നുവെന്നും അല്ലെങ്കില്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നതിനെ അനുകൂലിക്കുന്നില്ലെന്നുമാണ് 39 ശതമാനം പേര്‍ സര്‍വേയില്‍ പ്രതികരിച്ചിരിക്കുന്നത്. കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതാണ് അല്ലെങ്കില്‍ ഹോം സ്‌കൂളിംഗാണ് നല്ലതെന്നാണ് 49 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടികളെ നിലവിലെ സാഹചര്യത്തില്‍ സ്‌കൂളില്‍ അയക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 56 ശതമാനം പേരാണ്.

Tags
Show More

Related Articles

Back to top button
Close