ഇനി ഡൈവറില്ലാകാറുകളുടെ കാലം

പ്രമുഖ മൊബൈല്‍ ചിപ് നിര്‍മാതാക്കളായ
ക്വാല്‍കോം ഡ്രൈവറില്ലാക്കാറുകള്ക്കു വേണ്ടിയുള്ള കംപ്യൂട്ടിങ് സംവിധാനം
അവതരിപ്പിച്ചു. ഭാവിയില്‍ ഡ്രൈവറില്ലാക്കാറുകള്‍ നിര്‍മിക്കുന്ന
കമ്പനികള്‍ക്ക് സ്വന്തമായി കംപ്യൂട്ടിങ് സംവിധാനം വികസിപ്പിച്ചെടുക്കേണ്ട
സാഹചര്യം ഒഴിവാക്കാനും കാറുകളിലെ സംവിധാനങ്ങള്‍ക്കു പൊതുസ്വഭാവം നല്‍കാനും
സ്നാപ്ഡ്രാഗന്‍ റൈഡ് എന്ന ഈ പുതിയ കംപ്യൂട്ടറിനു സാധിക്കും.
ഡ്രൈവറില്ലാക്കാര്‍ കംപ്യൂട്ടിങ് സംവിധാനങ്ങളില്‍ ഇന്റലും എന്‍വിഡിയയും
മുന്നിട്ടു നില്‍ക്കുമ്പോഴാണ് ഈ കമ്പനികളെയെല്ലാം പിന്നിലാക്കിക്കൊണ്ടു
കംപ്യൂട്ടര്‍ സംവിധാനം തന്നെ ക്വാല്‍കോം അവതരിപ്പിച്ചിരിക്കുന്നത്. ഒരു
കയ്യില്‍ ഒതുങ്ങുന്ന വലുപ്പമുള്ള കംപ്യൂട്ടര്‍ ആണിതെന്നും തുടര്‍ച്ചയായി
പ്രവര്‍ത്തിക്കേണ്ടി വരുന്ന ഇതിനെ തണുപ്പിക്കാന്‍ ഫാനിന്റെയോ കൂളറിന്റെയോ
ആവശ്യമില്ലെന്നും കമ്പനി മേധാവി പാട്രിക് ലിറ്റില്‍ അറിയിച്ചു.
നിലവിലുള്ള ഡ്രൈവറില്ലാക്കാറുകളില് ഉപയോഗിക്കുന്ന സൂപ്പര്‍
കംപ്യൂട്ടറുകള്‍ ഏറെ വലുപ്പമുള്ളതാണ്. വിവിധ കാര്‍ നിര്‍മാതാക്കളുടെ
ആവശ്യമനുസരിച്ചു വ്യക്തിഗതമാക്കാവുന്ന തരത്തിലാണു സ്നാപ്ഡ്രാഗന്‍ റൈഡ്
നിര്‍മിച്ചിരിക്കുന്നത്.