WORLD

ഇന്ത്യക്കാരടക്കമുള്ള എന്‍എച്ച്എസിലെ വിദേശ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും പാരാമെഡിക്കുകളുടേയും വിസ കാലാവധി ഒരുവര്‍ഷത്തേക്ക് സൗജന്യമായി നീട്ടും

ലണ്ടന്‍: കോവിഡ് കൊറോണ ദുരന്തത്തിനിടയില്‍ എന്‍.എച്ച്.എസ് ആശുപത്രികളിലെ ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിനു ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാരാമെഡിക്കുകള്‍ക്കും അല്‍പം ആശ്വാസത്തിനു വകനല്‍കുന്നൊരു പ്രഖ്യാപനമാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നടത്തിയത്. ഒക്ടോബര്‍ 1 നുള്ളില്‍ കാലാവധി കഴിയുന്ന ഈ വിഭാഗക്കാരുടെ എല്ലാ വര്‍ക്ക് വിസകളുടേയും കാലാവധി ഒരുവര്‍ഷത്തേക്കുകൂടി സര്‍ക്കാര്‍ സൗജന്യമായി ദീര്‍ഘിപ്പിച്ചുനല്‍കും. ആശുപത്രികളില്‍ കൊറോണ വൈറസ് ബാധിതരായ രോഗികളെ ശുശ്രൂഷിക്കാന്‍ പെടാപ്പാടുപെടുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമെല്ലാം അതിനിടയില്‍ വിസ കാലാവധി പുതുക്കുന്നതിനുവേണ്ടി സമയം ചിലവഴിക്കേണ്ടതില്ലെന്നതാണ് ഈ പ്രഖ്യാപനം കൊണ്ടുള്ള പ്രധാന പ്രയോജനം. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകളും ഹോം ഓഫീസുമായുള്ള ബന്ധപ്പെടലുകളുമെല്ലാം ഇതോടെ ഒഴിഞ്ഞുകിട്ടും. ഒരുവര്‍ഷത്തേക്കുകൂടി കാലാവധി ഓട്ടോമാറ്റിക്കായും സൗജന്യമായും ദീര്‍ഘിപ്പിച്ചു കിട്ടുമെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള പണച്ചിലവും ഒഴിവാകും.

എന്‍എച്ച്എസില്‍ ജോലിചെയ്യുന്ന ലോകമെങ്ങും നിന്നുള്ള 2800 പേര്‍ക്കോളം ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ഇതില്‍ ആയിരത്തോളം മെഡിക്കല്‍ ജീവനക്കാര്‍ ഇന്ത്യക്കാര്‍ ആകാനാണ് സാധ്യത. കൊറോണ വൈറസിനെ നേരിടാനും യുകെയിലെ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനുമുള്ള എന്‍എച്ച്എസിന്റെ ശ്രമങ്ങളില്‍ ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പദ്ധതി പ്രഖ്യാപന വേളയില്‍ പ്രീതി പട്ടേല്‍ പറഞ്ഞു. ഇതിനുപുറമേ, ട്രെയിനി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എന്‍എച്ച്എസില്‍ എത്രമണിക്കൂര്‍ ജോലി ചെയ്യാമെന്നത് പരിമിതപ്പെടുത്തില്ലെന്നും ആഭ്യന്തര കാര്യാലയം അറിയിച്ചു. അതേസമയം നടപടി സര്‍ക്കാരിന്റെ താല്‍ക്കാലിക ആവശ്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്നും യഥാര്‍ത്ഥത്തില്‍ ആരോഗ്യരംഗത്തെ ജീവനക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടല്ലെന്നുമുള്ള ആരോപണവുമായ് ഇന്‍ഡ്യന്‍ ഡോക്ടര്‍മാരുടെ അസ്സോസിയേഷന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.

കൊറോണ രോഗികളുടെ കുത്തൊഴുക്കുമൂലം കടുത്ത പ്രതിസന്ധിയിലായ യുകെയിലെ എന്‍എച്ച്എസ് ആശുപത്രികള്‍ക്കുതന്നെയാണ് ഹോം സെക്രട്ടറിയുടെ നടപടികൊണ്ട് ഫലത്തില്‍ കൂടുതല്‍ പ്രയോജനം. നിലവില്‍ത്തന്നെ നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും മറ്റ് സ്റ്റാഫുകളുടേയും കുറവുകൊണ്ട് നട്ടംതിരിയുന്ന ആശുപത്രികള്‍ക്ക്, നിലവിലെ സ്റ്റാഫുകളുടെ പ്രതിസന്ധികാലത്തെ പിരിഞ്ഞുപോകല്‍ ഒരുവര്‍ഷത്തേക്ക് നീട്ടാനാകുമെന്നതാണ് ഗുണകരമാകുക. സര്‍ക്കാരിന് ആത്മാര്‍ത്ഥമായ സമീപനമുണ്ടെങ്കില്‍ ഒക്ടോബറിനു പകരം രണ്ടുവര്‍ഷ കാലാവധിയിലുള്ള വിസകളെല്ലാം കുറഞ്ഞത് രണ്ടുവര്‍ഷത്തേങ്കിലും നീട്ടി നല്‍കുകയായിരുന്നു വേണ്ടത്. അതുപോലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തപ്പെടുന്ന ഹെല്ത്ത് ഇന്‍ഷുറന്‍സ് ലെവി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിരന്തരമായ ആവശ്യവും ഹോം ഓഫീസ് പരിഗണിച്ചിട്ടില്ല. ലേബറിന്റെ ഷാഡോ ഇമിഗ്രേഷന്‍ മന്ത്രി ബെല്‍ റിബെയ്‌റോ-അഡിയും സര്‍ക്കാര്‍ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. ”ബ്രിട്ടീഷ് ഇതര എന്‍എച്ച്എസ് ഡോക്ടര്‍മാരില്‍ 29 ശതമാനം പേരും നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് പൂര്‍ണ്ണമായും ഒഴിച്ചുകൂടാനാവാത്തവരാണെന്ന് നിലവിലെ പ്രതിസന്ധി വീണ്ടും കാണിക്കുന്നു. കുടിയേറ്റ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരുടെ വിസകള്‍ നീട്ടുമെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചത് നന്ദിയുടെ ഒരു പ്രധാന പ്രകടനമാണ്.” എന്നാല്‍ മെഡിക്കല്‍ രംഗത്തെ കുടിയേറ്റ ജീവനക്കാര്‍ക്ക് ആവശ്യമായ വിശ്രമവും ലീവും കാലാനുസൃത വരുമാന വര്‍ദ്ധനവും കിട്ടുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നത് ഇതിലും പ്രധാനപ്പെട്ട കാര്യമാണെന്നും ബെല്‍ റിബെയ്‌റൊ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close