Movies

ഇന്ത്യന്‍ സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പിറന്നാള്‍ നിറവില്‍

28 വര്‍ഷം മുന്‍പ് അതായത് 1992 ജൂണ്‍ 25ന് ആണ് ഇന്ത്യന്‍ സിനിമയിലേക്കും സിനിമാ പ്രേമികളുടെ മനസ്സിലേക്കും കോയി നാ കോയി ചാഹിയെ എന്ന് പാടി വെളുത്തു കൊലുന്നനെയുള്ള ആ ഡല്‍ഹിക്കാരന്‍ പയ്യന്‍ ബൈക്ക് ഓടിച്ചു കയറി വന്നത്.28 വര്‍ഷത്തിന് ഇപ്പുറം ഇന്നയാള്‍ ഷാരൂഖ് ഖാന്‍ എന്ന പേരില്‍ നിന്ന് SRK എന്ന മൂന്നക്ഷരത്തിലേക്കു മാറി ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായി നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നര്‍ ആയ നടന്മാരില്‍ രണ്ടാം സ്ഥാനം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരം ഇതൊക്കെ ആണ് ഇന്ന് SRK. The most successful actor in the world. 2015ല്‍ CNN, BBC എന്നീ ചാനലുകള്‍ ഷാരുഖിനെ വിശേഷിപ്പിച്ചത് ലോക സിനിമയിലെ ഏറ്റവും പ്രശസ്തനെന്നാണ്. ഏകദേശം 400 കോടി ജനങ്ങള്‍ക്കറിയാവുന്ന നടന്‍. അതായത് ലോക ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ വരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി. ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിനെക്കാളും, ജാക്കിചാനെക്കാളുമാണ് ഷാരുഖിന്റെ ആരാധകര്‍.ഇന്ന് ഈ അതുല്യ പ്രതിഭയുടെ ജന്മദിനമാണ്.

ഒരു സുപ്രഭാതത്തില്‍ നേടിയെടുത്തതല്ല അദ്ദേഹം .ഡല്‍ഹിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഷാരുഖ് ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ ആയതു സ്വപ്രയത്‌നത്തിലൂടെയാണ്. പിതാവിന്റെ മരണ ശേഷം കുടുംബം പോറ്റാനായി മുംബൈയിലേക്ക് വണ്ടികയറി. ഷാരൂഖ് അവിടെ ഒരു തിയറ്ററിന്റെ ടിക്കറ്റ് കളക്ടറായി ജോലി നോക്കി. 50 രൂപ ആയിരുന്നു ആദ്യ ശമ്പളം. പിന്നെ ഒരു സീരിയല്‍ നടിയുടെ ഡ്രൈവറായി ജോലി നോക്കി. ഒരിക്കല്‍ ഒരു നടന്‍ സമയത്തു ലൊക്കേഷനില്‍ എത്തിച്ചേരാതെ ഇരുന്നതിനെ തുടര്‍ന്ന് സംവിധായകന്‍ ഷാരൂഖിനെ അഭിനയിക്കാന്‍ ക്ഷണിക്കുന്നു. അങ്ങനെ ലോക സിനിമയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായ SRK യുടെ അഭിനയ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.80കളുടെ മധ്യത്തില്‍ തന്നെ ഇന്ത്യന്‍ ടെലിവിഷനില്‍ വരികയും,80കളുടെ അവസാനത്തില്‍ നല്ല പ്രചാരത്തിലാവുകയും ചെയ്ത ആ കാലഘട്ടത്തില്‍ ആയിരുന്നു ഷാറുഖ് തന്റെ അഭിനയ ജീവിതവും ആരംഭിച്ചത്. 1988ല്‍ ദില്‍ ദരിയ എന്ന സീരിയലിലും അദ്ദേഹം അഭിനയിച്ചു. പക്ഷെ പ്രൊഡക്ഷന്‍ താമസം കാരണം അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്നത് 1988ല്‍ തന്നെ ഫൗജി എന്ന സീരിയല്‍ ആണ്. തുടര്‍ന്ന് 1989-1990 സര്‍ക്കസ്, 1991 ഇഡിയറ്റ് എന്നീ പരമ്പരകള്‍ ഷാരൂഖിനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി. 1989ല്‍ തന്നെ ഷാ റുഖിന്റേതായി ഒരു ഇംഗ്ലീഷ് ടെലീ ഫിലിം കൂടി പുറത്തിറങ്ങി. ബുക്കര്‍ ജേതാവ് അരുന്ധതി റോയ് തിരക്കഥ എഴുതിയ ‘IN WHICH ANNIE GIVES IT THOSE ONES’ എന്ന ടെലിഫിലിം ആയിരുന്നു അത്.അദ്ദേഹത്തിന്റെ അഭിനയത്തെ എല്ലാവരും താരതമ്യം ചെയ്തത് ഇതിഹാസ നടന്‍ ദിലീപ് കുമാറുമായിരുന്നു. ഷാരൂഖിന്റെ ബോളിവുഡ് പ്രവേശനം ആ സമയത്തുണ്ടാകുമെന്നു പലരും കണക്കു കൂട്ടിയെങ്കിലും അദ്ദേഹത്തിന് അതിനോട് താല്പര്യം ഇല്ലായിരുന്നു. പക്ഷെ 1991 ഷാരൂഖിന്റെ ജീവിതത്തിലെ നിര്‍ണായകമായ വര്‍ഷമായിരുന്നു. 1991ല്‍ അമ്മയുടെ മരണ ശേഷം ഡിപ്രഷനില്‍ ആയ മൂത്ത സഹോദരിയോടൊപ്പം ഖാന്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റി. അതെ വര്‍ഷം തന്നെ ഗൗരി ചിബ്ബര്‍ എന്ന ഹിന്ദു പെണ്‍കുട്ടിയെ ഖാന്‍ തന്റെ ജീവിത സഖിയാക്കി. 1991ല്‍ തെന്നെ ഹേമ മാലിനിയുടെ ആദ്യ സംവിധാന സംരംഭം ആയിരുന്ന ദില്‍ ആഷിയാന എന്ന ചിത്രത്തിലേക്ക് ഖാന്‍ കരാര്‍ ഒപ്പ് വച്ചു.’ദില്‍ ആഷിയാന’ ആയിരുന്നു ഷാരൂഖിന്റെ ആദ്യ സിനിമ. 1992 ജൂണില്‍ പുറത്തിറങ്ങിയ ദീവാന ആണ് ഷാരൂഖിന്റെ റിലീസാകുന്ന ആദ്യ സിനിമ. ദീവാനയില്‍ സിനിമയുടെ രണ്ടാം പകുതിയില്‍ ”കോയിനാ കോയി ചാഹിയെ” എന്ന ഗാനം പാടി ബൈക്ക് ഓടിച്ചു വന്ന ഷാ റുഖ് ഓടിക്കയറിയത് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്ക് ആണ്. ആ സിനിമക്ക് ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി SRK.പിന്നീട് കണ്ടത് യാതൊരു വിധ സിനിമ പാരമ്പര്യവും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു ഡല്‍ഹിക്കാരന്‍ പയ്യന്‍ ബോളിവുഡിന്റെ ശ്രദ്ധാ കേന്ദ്രം ആകുന്നതാണ്.

1992ല്‍ ഷാരൂഖിന്റേതായി പുറത്തിറങ്ങിയത് 4 സിനിമകള്‍ ആണ്. നായകന്‍ ആയിരുന്നു എങ്കിലും മറ്റു ചില നായക നടന്മാരുടെ കൂടെ സാനിധ്യവും ഇവയിലൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തലവര മാറ്റിയ വര്‍ഷം ആയിരുന്നു 1993. 1993ല്‍ പുറത്തിറങ്ങിയ 5 ചിത്രങ്ങളില്‍ ഒന്നില്‍ ഗസ്റ്റ് റോള്‍ 2എണ്ണം വില്ലന്‍ എന്ന രീതിയില്‍ ഉള്ള വേഷങ്ങള്‍.ബോളിവുഡിന്റെ പതിവ് ചേരുവയായ അച്ഛന്റെ ശത്രുവിനോടുള്ള പ്രതികാരം പറഞ്ഞ കഥ അബ്ബാസ് മസ്താന്‍മാര്‍ ഷാരുഖിനെ വച്ച് എടുത്തപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം ഒന്ന് കൊണ്ട് മാത്രം ബാസിഗര്‍ എന്ന സിനിമ ഏറ്റവും മികച്ചതായി മാറുകയായിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി പയ്യന്‍. ബാസിഗറിന് പിന്നാലെ വന്നത് യാഷ് ചോപ്രയുടെ ‘ഡര്‍’ എന്ന ചിത്രം. കിരണ്‍ എന്ന പെണ്‍കുട്ടിയെ ഭ്രാന്തമായി സ്നേഹിക്കുന്ന രാഹുല്‍ എന്ന കഥാപാത്രം നായകനായ സണ്ണി ഡിയോളിനെപോലും നിഷ്പ്രഭമാക്കി കളഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ചെയ്ത ആ രണ്ട് സൈക്കിക് വേഷങ്ങള്‍ (ബാസിഗര്‍, ഡര്‍) അദ്ദേഹത്തിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തു. ഖാനെ ആ വര്‍ഷത്തെ ഏറ്റവും മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നോമിനെറ്റ് ചെയ്യപ്പെടുകയുണ്ടായി.പക്ഷെ തൊട്ടടുത്ത വര്‍ഷം 1994ല്‍ ഇറങ്ങിയ അന്‍ജാം എന്ന ചിത്രത്തിലെ വിജയ് അഗ്നിഹോത്രി ഇന്നും കടുത്ത SRK ഫാന്‍സിനു പോലും വെറുപ്പുണ്ടാക്കുന്ന വില്ലന്‍ വേഷം ആയിരുന്നു. ആ ചിത്രത്തിലൂടെ അദ്ദേഹം ഏറ്റവും മികച്ച വില്ലനുള്ള അവാര്‍ഡും, ‘കഭി ഹാ കഭി നാ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. 3 വര്‍ഷം വിവിധ കാറ്റഗറിയില്‍ 4 അവാര്‍ഡുകള്‍ ഇന്ത്യയില്‍ മറ്റൊരു നടനും ഇല്ലാത്ത റെക്കോര്‍ഡ് ആണത്.

1995 ല്‍ ആദ്യമായി ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന സിനിമ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ’ യിലെ നായകന്‍ രാജ് മല്‍ഹോത്ര ആവാന്‍ ആദ്യം ആദിത്യ ചോപ്ര മനസ്സില്‍ ഉറപ്പിച്ചത് സാക്ഷാല്‍ ടോം ക്രൂസിനെ. അനുപമ ചോപ്ര എഴുതിയ KING OF BOLLYWOOD എന്ന ബുക്കിലും ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്.പിന്നെ നിശ്ചയിച്ചത് സെയ്ഫ് അലി ഖാനെ പക്ഷെ ഇവ രണ്ടും നടക്കാതെ വന്നപ്പോള്‍ യാഷ് ചോപ്ര നിര്‍ദ്ദേശിച്ചത് അനുസരിച്ചു രാജ് മല്‍ഹോത്ര എന്ന കഥാപാത്രമാകുവാന്‍ SRKക്ക് നറുക്ക് വീഴുന്നു ഫലം ബോളിവുഡിലെ ഏറ്റവും മികച്ച പ്രണയ ജോടികള്‍, നിത്യ ഹരിത പ്രണയ സിനിമ ഇവയെല്ലാം ആണ് നമുക്ക് ലഭിച്ചത്.1995 ല്‍ തന്നെ ആയിരുന്നു ആമിര്‍ ഖാന്‍ നായകന്‍ ആയ രാം ഗോപാല്‍ വര്‍മ ചിത്രം രംഗീലയും റിലീസ് ആയതു. അതിലെ ആമിറിന്റെ അഭിനയത്തിന് അവാര്‍ഡ് കിട്ടും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ 95ന്റെ അവസാനം എത്തിയ DDLJയിലെ SRK യുടെ അഭിനയവും അവാര്‍ഡിനായി പരിഗണിക്കയുണ്ടായി. ഫലം ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് ഷാരൂഖിന്. തുടര്‍ച്ചയായി 3 വര്‍ഷം നോമിനേറ്റ് ചെയ്യപ്പെടുകയും 2 വര്‍ഷം SRK യോട് തന്നെ തോല്‍ക്കുകയും ചെയ്ത ദേഷ്യത്തില്‍ പിന്നീടൊരു ഫിലിം ഫെയര്‍ അവാര്‍ഡും ആമീര്‍ ഖാന്‍ പങ്കെടുക്കുക ഉണ്ടായിട്ടില്ല.പക്ഷെ കാലാ കാലങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിവിധ കാറ്റഗറികളില്‍ പരിഗണിക്കപെടുക ഉണ്ടായി.ദില്‍ വാലേ ദുല്‍ ഹനിയാ ലേ ജാംയേഗ’ അഥവാ കാലത്തെ അതിജീവിച്ച കരുത്ത്.ശെരിക്കും അതിജീവനം തന്നെ ആയിരുന്നു ആ സിനിമ.20 വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം ആയിരുന്നു മുംബൈയിലെ മറാത്താ മന്ദിര്‍ എന്ന തീറ്ററെയില്‍ ഉണ്ടായിരുന്നത്.2015യിലാണ് ഈ പ്രദര്‍ശനം അവസാനിപ്പിച്ചത്.എങ്കിലും ‘ദില്‍ വാലെ ദുല്‍ ഹനിയാ ലേ ജാംയേഗ’ എന്ന ഹിന്ദി ചിത്രം ആരാധകരുടെ മനസില്‍ അവശേഷിച്ചുപോയ കഥയും കഥാപാത്രങ്ങളും എന്നും നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.എന്തുകൊണ്ട് ഒരു തലമുറയുടെ പ്രണയ കാവ്യം കാലാതീതമായി നിലനിന്നുവെന്നു ചോദ്യം ബാക്കി വച്ചാണ് ഷാരുഖ്- കാജോള്‍ പ്രണയജോഡികളുടെ പ്രണയസ്വപ്നങ്ങളുടെ നിറം ചാര്‍ത്തിയ ‘ദില്‍വാലെ ദുല്‍ഹനിയാ ലേ ജാംയേഗ’തീയേറ്റര്‍ വിട്ടത്. അതിനുള്ള ഒരേയൊരു ഉത്തരം എല്ലാ കാലത്തെയും പ്രണയങ്ങള്‍ തമ്മില്‍ എവിടെയോ ഒരു സാമ്യം നിലനില്‍ക്കുന്നുവെന്നത് തന്നെയാണ്.ആ മഹത്തായ അനുഭൂതിയെ അതേ രീതിയില്‍ ഇന്ത്യയ്ക്കു മുന്നിലെത്തിക്കാന്‍ സാധിച്ചുവെന്നുള്ളത് കൊണ്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഒന്ന് എന്ന ബഹുമതി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയെ തേടിയെത്തിയത്. ഒരു തിയേറ്ററില്‍ തന്നെ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഓടിയെന്ന ഖ്യാതിയും ഷാരൂഖ്- കാജോള്‍ താരജോഡികള്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിന് സ്വന്തം. മുംബൈയിലെ മിനല്‍വ തീയേറ്ററായിരുന്നു ചിത്രത്തിന്റെ ഈ നേട്ടത്തിന് സാക്ഷ്യം വഹിച്ചത്.1995ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നീണ്ട 20 വര്‍ഷത്തെ ജൈത്രയാത്രയ്ക്കാണ് മറാത്ത മന്ദിര്‍ തിയറ്ററിലെ പ്രദര്‍ശനത്തോടെ വിരാമമായത്. 210 പേരടങ്ങുന്ന സംഘമായിരുന്നു ചിത്രത്തിന്റെ അവസാന പ്രദര്‍ശനം കാണുവാന്‍ തിയറ്ററുകളില്‍ എത്തിയിരുന്നത്.ട്രെയിന്‍ യാത്രയ്ക്കിടയില്‍ ലണ്ടനില്‍ വച്ച് കണ്ടുമുട്ടുന്ന ഇന്ത്യക്കാരായ രണ്ടുപേരുടെ പ്രണയത്തിന്റെയും അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും ആവിഷ്‌കരണമാണ് ദില്‍ വാലെ ദുല്‍ ഹനിയ ലേ ജായേംഗെനിരവധി പേരാണ് സിനിമ കാണുന്നതിനായി തിയേറ്ററുകളില്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, നിലവില്‍ ചിത്രം കാണാന്‍ വരുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് പ്രദര്‍ശനം അവസാനിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.1998ല്‍ ഇറങ്ങിയ ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന സിനിമയിലൂടെ അദ്ദേഹം ബോളിവുഡ് ബാദ്ഷായില്‍ നിന്ന് കിങ് ഖാനിലേക്കു വളരുക ആയിരുന്നു. അതായിരുന്നു ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കളെക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ. 2001ല്‍ ഇറങ്ങിയ ‘കഭി ഖുഷി കഭി ഗം’ ആണ് ആ റെക്കോര്‍ഡ് തിരുത്തിയത്.

1999 അവസാനിക്കുമ്പോള്‍ തന്റെ കരിയറിലെ 30ഓളം ചിത്രങ്ങള്‍ പൂര്‍ത്തി ആക്കി കഴിഞ്ഞിരുന്നു SRK. അവയില്‍ ഏറിയ പങ്കും സൂപ്പര്‍ ഹിറ്റുകളും. അഭിനയത്തിന് പുറമെ ഗായകനായും, നിര്‍മാതാവായും തിളങ്ങിയ അദ്ദേഹം, കോന്‍ ബനേഗാ ക്രോര്‍പതിയുടെയും അവതാരകനും ആയി.1999 ല്‍ ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയ അദ്ദേഹം പിന്നീട് 2003ല്‍ അത് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് എന്നാക്കി. റെഡ്ചില്ലീസ് VFX എന്ന സ്റ്റുഡിയോ ബോളിവുഡിലെ മികച്ച VFX സ്റ്റുഡിയോകളില്‍ ഒന്നാണ്. 2007ല്‍ ക്രിക്കറ്റ് ലോകത്തേക്കും കൈവച്ച റെഡ് ചില്ലീസിന്റെ ഉടമസ്ഥതയില്‍ ഇന്ന് KOLKKATTA KNIGHT RIDERS (KKR) എന്ന ക്രിക്കറ്റ് ടീമടക്കം മൂന്ന് ക്രിക്കറ്റ് ടീമുകള്‍ ഉണ്ട് (CAPETOWN KNIGHT RIDERS , TRINBAGO KNIGHT RIDERS). ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ക്രിക്കറ്റ് ടീമുകളില്‍ ഒന്നാണ് KKR. ക്രിക്കറ്റ് ആരാധകരേക്കാള്‍ കൂടുതല്‍ കിങ് ഖാന്റെ ആരാധകര്‍ ആണതില്‍ ഏറിയ പങ്കും എന്നതാണ് രസകരം.1998 ല്‍ ‘ദില്‍സേ’ എന്ന ചിത്രത്തിലൂടെ കലാമൂല്യം ഉള്ള ചിത്രങ്ങളിലേക്ക് ശ്രദ്ധിച്ച അദ്ദേഹം 2000 മുതല്‍ തന്റെ പ്രശസ്തിയെ മാറ്റി നിര്‍ത്തി കലാമൂല്യമുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രദ്ധിച്ചു. അങ്ങനെ ഇറങ്ങിയ ഒരുപറ്റം സിനിമകള്‍ ഇന്നും സിനിമ ആസ്വാദകരുടെ ആള്‍ ടൈം ഫേവറൈറ്റുകള്‍ ആണ്. (ഹേയ് റാം, മൊഹബതൈന്‍, അശോകാ, ദേവ്ദാസ്, വീര്‍-സാറാ, സ്വദേശ്, കല്‍ ഹോ നാ ഹോ, ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം, റബ്ബ് നെ ബനാദി ജോഡി). എങ്കിലും പുട്ടിനു തേങ്ങ പീര പോലെ പതിവ് ബോളിവുഡ് ചേരുവകള്‍ ഉള്ള സിനിമയും ഇക്കാലയളവില്‍ ഇറങ്ങിയിരുന്നു.ആ കാലയളവില്‍ 2006 ല്‍ ആണ് ഫര്‍ഹാന്‍ അക്തര്‍ 1978 ലെ അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രം SRKയെ വച്ച് remake ചെയ്യുന്നതും. ബോളിവുഡ് അത് വരെ കാണാത്ത രീതിയില്‍ ഉള്ള ഒരു മേക്കിങ് തന്നെ ആയിരുന്നു ഡോണിന്റെത്. തീര്‍ത്തും സ്റ്റൈലിഷ് ആയുള്ള ഡോണ്‍ എന്ന കഥാപാത്രം പുതു തലമുറയിലെ ചെറുപ്പക്കാരുടെ ആരാധനയും പിടിച്ചു പറ്റി. ഡോണ്‍ ഉണ്ടാക്കിയ തരംഗം തെന്നിന്ത്യന്‍ സിനിമ മേഖലയിലും വീശിയടിച്ചതിന്റെ ഫലം ആയിരുന്നു രജനികാന്തിന്റെ 1980 ലെ ബില്ല എന്ന ചിത്രം വീണ്ടും അജിതിനെ വച്ച് തമിഴിലും, പ്രഭാസിനെ നായകനാക്കി തെലുങ്കിലും remake ചെയ്യാന്‍ ഉണ്ടായ പ്രചോദനം. ഡോണിന്റെ രണ്ടാം ഭാഗമായ ഡോണ്‍ 2, 2011ല്‍ ഇറങ്ങിയപ്പോള്‍ മൂന്നാം ഭാഗത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് അവസാനിക്കുന്നത്. മൂന്നാം ഭാഗത്തെ പറ്റി ഡോണ്‍ 2വിന്റെ വിജയാഘോഷത്തില്‍ ഖാന്‍ പറഞ്ഞത് എനിക്കും ഫര്‍ഹാനും പതിവ് ജോലികളില്‍ ബോറടിക്കുമ്പോള്‍ ഞങ്ങള്‍ ഡോണിന്റെ 3rd പാര്‍ട്ടിനെ പറ്റി ചിന്തിക്കും എന്നാണ് അവര്‍ക്ക് എത്രയും പെട്ടെന്ന് ബോറടിക്കട്ടെ.

2010 മുതല്‍ പരീക്ഷണ ചിത്രങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ച അദ്ദേഹം അങ്ങനെ ഏറ്റെടുത്ത ചിത്രങ്ങള്‍ ആണ് മൈ നെയിം ഈസ് ഖാന്‍, ഫാന്‍, റയീസ് എന്നിവ. അവസാനം പുറത്തിറങ്ങിയ സീറോയിലും അത്തരം ഒരു വേഷം തന്നെയാണ് അദ്ദേഹം ചെയ്തത് കുള്ളന്‍. ഇക്കാലയളവില്‍ 2012ല്‍ ആണ് തന്റെ ഗോഡ്ഫാദര്‍ ആയ യാഷ് ചോപ്രയുടെ അവസാന ചിത്രം ആയ ‘ജബ് തക് ഹേ ജാന്‍’ എന്ന സിനിമയും റിലീസ് ആകുന്നത്. സ്‌ക്രിപ്റ്റ് പോലും നോക്കാതെ 8 വര്‍ഷത്തിന് ശേഷം യാഷ് ചോപ്രയുടെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന അദ്ദേഹത്തോട് ഒരു അഭിമുഖത്തില്‍ കഥാപാത്രത്തെ പറ്റി ചോദിക്കയുണ്ടായി. അതിന് ഖാന്റെ മറുപടി യാഷ് ജിയുടെ മുന്നില്‍ ഞാന്‍ ഷാരൂഖ് അല്ല ഒരു നഗ്നനായ മനുഷ്യന്‍ ആണ്. എനിക്ക് പാകമായ വസ്ത്രം അദ്ദേഹം എന്നേ ധരിപ്പിക്കും എന്നാണ്.കാലാ കാലങ്ങളില്‍ ചില പ്രത്യേക കഥാപാത്ര ചട്ടകൂടില്‍ തളക്കപ്പെടുമ്പോഴും യാഷ് ചോപ്രയുടെ സിനിമയോ യാഷ് രാജ് ഫിലിംസിന്റെ സിനിമയോ ആണ് ഷാരൂഖിന് ഒരു മാറ്റം നല്‍കിയിട്ടുള്ളതും.ബോളിവുഡിനെ പ്രണയിക്കാന്‍ പഠിപ്പിച്ചത് യഷ് ചോപ്രയാണെന്ന് ബി ടൗണില്‍ ചൊല്ലുണ്ട്. ബോളിവുഡില്‍ വമ്പന്‍ പ്രണയ സിനിമകള്‍ നിര്‍മ്മിച്ച് ആരാധകരെ കീഴടക്കിയ യഷിന്റെ പ്രിയപ്പെട്ട ഇടം സ്വിറ്റ്‌സര്‍ലന്‍ഡായിരുന്നു.വന്‍ പ്രതീക്ഷയില്‍ വന്ന ZEERO എന്ന ചിത്രവും ബോക്സ് ഓഫീസില്‍ വീണതോടെ പുതിയ പ്രൊജെക്ടുകള്‍ ഒന്നും തന്നെ SRK പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പൂര്‍വാധികം ശക്തിയോടെ അദ്ദേഹം തിരിച്ചു വരും എന്ന് ഉറപ്പാണ്. ഒരു മികച്ച തിരക്കഥയും SRK യുടെ സാനിധ്യവും അത് മാത്രം മതി ഇന്ത്യയില്‍ ഇന്നുള്ള ഏത് വലിയ റെക്കോര്‍ഡുകളും കടപുഴക്കി എറിയാന്‍.അഭിനയ ജീവിതത്തിലെ 28 വര്‍ഷങ്ങള്‍ തികച്ച ഖാന്‍ ഏകദേശം 87ഓളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഇക്കാലയളവില്‍ മികച്ച നടനുള്ള 8 അവാര്‍ഡുള്‍ അടക്കം 15 ഫിലിം ഫെയര്‍ അവാര്‍ഡുകളും, 17 സ്‌ക്രീന്‍ അവാര്‍ഡുകളും, 6 IIFA അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി. 2014ഫ്രഞ്ച് ഗവണ്മെന്റിന്റെ ‘Knight of the Legion of Honour’ എന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.ഇന്ന് 55 ഇന്റെ നിറവില്‍ നില്‍ക്കുകയാണ് ഷാരൂഖ് ഖാന്‍ എന്ന ഈ അതുല്യപ്രതിഭ.ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളിലും ഈ അതുല്യ പ്രതിഭ ബിഗ് സ്‌ക്രീനിലൂടെ നമ്മെ വിസ്മയിപ്പിക്കും എന്ന കാര്യത്തില് സംശയമില്ല.നമുക്ക് നേരം ഷാരുഖ് ഖാന്‍ എന്ന പ്രതിഭയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close