SPORTSTrending

ഇന്ത്യയില്‍ വീണ്ടും കായിക വസന്തത്തിന്റെ കേളികൊട്ട്

വസന്ത് കുമാര്‍

കൊറോണവൈറസ് ബാധയും ലോക്ക്ഡൗണും കാരണം നിര്‍ത്തിവച്ചിരുന്ന കായിക മത്സരങ്ങള്‍ വിവിധ രാജ്യങ്ങളിലായി പുനരാരംഭിച്ചപ്പോഴും മാറി നില്‍ക്കാന്‍ തന്നെയായിരുന്നു ഇന്ത്യയുടെ നിയോഗം. ഒടുവില്‍ ഇന്ത്യന്‍ കായിക വസന്തവും തിരിച്ചുവരുകയാണ്, ഐപിഎല്ലിലൂടെ. ഇക്കുറി ഇന്ത്യയിലല്ല മത്സരങ്ങള്‍ എന്നൊരു പ്രത്യേകതയുണ്ട്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയാണ് മത്സരങ്ങള്‍ക്ക് വേദിയാകുക. നിയന്ത്രിതമായി കാണികള്‍ക്കും പ്രവേശനം ലഭിക്കുമെന്നാണ് സൂചന. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കളിക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള മാനദണ്ഡങ്ങളും തയാറായിക്കഴിഞ്ഞു. കോവിഡ് പരിശോധനയില്‍ രണ്ടു തവണ നെഗറ്റീവായ കളിക്കാരെ മാത്രമേ യുഎഇയിലേക്ക് കൊണ്ടുപോകൂ. അവിടെയെത്തിയ ശേഷവും രണ്ടു വട്ടം പരിശോധന നടത്തും. അതും നെഗറ്റീവായ ശേഷമേ കളിക്കാരെ തമ്മില്‍ ബന്ധിപ്പിക്കൂ. ടൂര്‍ണമെന്റിനിടെ ഓരോരുത്തര്‍ക്കും ആറു വട്ടം കൂടി കോവിഡ് പരിശോധന ഉറപ്പാക്കും. താരങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം ലഭിക്കില്ല. അവരവരുടെ മുറികളില്‍ ഭക്ഷണം എത്തിക്കും. കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിന് അനുമതിയുണ്ട്. എന്നാല്‍, ടീം ബസില്‍ കളിക്കാരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മത്സര വിലക്ക് തന്നെ നല്‍കും. ടീം മീറ്റിങ് അടച്ചിട്ടു മുറിയില്‍ നിന്ന് തുറന്ന ഗ്യാലറിയിലേക്കു മാറും. അതേസമയം, ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനത്തു നിന്ന് വിവോയെ മാറ്റിയ ബിസിസിഐ നടപടി തത്കാലത്തേക്കെങ്കിലും ഐപിഎല്‍ നടത്തിപ്പിനു മേല്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടിയോളം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറാണ് വിവോയുമായി ഉണ്ടായിരുന്നത്. ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്നങ്ങളെത്തുടര്‍ന്നാണ് ചൈനീസ് കമ്പനിയായ വിവോയെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പകരം ആമസോണ്‍ അല്ലെങ്കില്‍ ഇന്ത്യന്‍ കമ്പനികളായ ബൈജൂസ് ആപ്പ്, ജിയോ എന്നിവയെയാണ് പരിഗണിക്കുന്നത്.


ഐപിഎല്ലില്‍ സ്പോണ്‍സര്‍ഷിപ്പാണ് ആശങ്കയെങ്കില്‍ ബിസിസിഐയില്‍ ഇന്ത്യന്‍ താരങ്ങളുടെ ശമ്പളക്കുടിശികയാണ് പ്രശ്നം. ലോകത്തെ ഏറ്റവും സമ്പന്നമായ സംഘടനയായിട്ടും ബിസിസിഐ പത്തു മാസമായി താരങ്ങള്‍ക്കു കരാര്‍ പ്രകാരമുള്ള പ്രതിഫലം നല്‍കിയിട്ടില്ല. വാര്‍ഷിക കരാര്‍ പ്രകാരം മൂന്നു മാസം കൂടുമ്പോള്‍ നല്‍കേണ്ട തുക കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആര്‍ക്കും കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ മാച്ച് ഫീസ് ഇനത്തില്‍ നല്‍കേണ്ട തുകയും ജനുവരി മുതല്‍ നല്‍കിയിട്ടില്ല. നൂറു കോടിയോളം രൂപയാണ് ഈയിനത്തില്‍ ബിസിസിഐ കളിക്കാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള കുടിശിക. എന്നാല്‍, സംഘടനയ്ക്കു സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്നും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ പോസ്റ്റ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഒഴിഞ്ഞു കിടക്കുന്നതാണ് സങ്കീര്‍ണതകള്‍ക്കു കാരണമെന്നുമാണ് അനൗദ്യോഗിക വിശദീകരണം. ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് വസന്തം ആദ്യം വിടര്‍ന്ന് ഗെയിമിന്റെ ജന്മനാടായ ഇംഗ്ലണ്ടില്‍ തന്നെയായിരുന്നു. ഇപ്പോഴിതാ കൊറോണക്കാലത്തെ രണ്ടാമത്തെ പരമ്പരയ്ക്കും അവര്‍ ആതിഥ്യം വഹിക്കുന്നു. വെസ്റ്റിന്‍ഡീസിനു ശേഷം പാക്കിസ്ഥാനാണ് ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയിട്ടുള്ളത്. ആദ്യ ഇന്നിങ്സില്‍ ഷാന്‍ മസൂദിന്റെ സെഞ്ചുറിക്കരുത്തില്‍ 326 റണ്‍സെടുത്ത പാക്കിസ്ഥാന്‍ പുകഴ്പെറ്റ് ഇംഗ്ലീഷ് ബൗളിങ് നിരയ്ക്കെതിരേ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയും ചെയ്തു. ഇതിനിടെ ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് ഒരിക്കല്‍ക്കൂടി വിസ്മയം തീര്‍ക്കുകയും ചെയ്തു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് മൂന്നാം മത്സരത്തില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മുന്നൂറു കടന്നെങ്കിലും, പോള്‍ സ്റ്റിര്‍ലിങ്ങിന്റെയും ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബിര്‍നിയുടെയും സെഞ്ചുറികള്‍ അയര്‍ലന്‍ഡിന് ഏഴു വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോഡ് ഈ മത്സരത്തില്‍ മോര്‍ഗന്‍ സ്വന്തം പേരില്‍ കുറിച്ചു. 163 അന്താരാഷ്ട്ര മത്സരങ്ങളില്‍ 212 സിക്സറാണ് മോര്‍ഗന്‍ നേടിയത്. 332 മത്സരങ്ങളില്‍ 211 സിക്സര്‍ നേടിയ എം.എസ്. ധോണിയുടെ പേരിലുള്ള റെക്കോഡാണ് തകര്‍ന്നത്.

ഫുട്ബോളില്‍ പ്രധാന യൂറോപ്യന്‍ ദേശീയ ലീഗുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ചാംപ്യന്‍സ് ലീഗിന്റെ കാലമാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ട് മുതലുള്ള മത്സരങ്ങള്‍ക്ക് പോര്‍ച്ചുഗലാണ് വേദി. അഞ്ച് മാസം പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിന്റെ ആദ്യ പാദത്തില്‍ നിര്‍ത്തിവച്ചതാണ് ചാംപ്യന്‍സ് ലീഗ്. സുരക്ഷ കണക്കിലെടുത്താണ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിനു ശേഷമുള്ള മത്സരങ്ങള്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലേക്കു മാറ്റിയിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് ഇതും പൂര്‍ത്തിയാക്കും. ഓഗസ്റ്റ് 12 മുതല്‍ 15 വരെ തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. 18നും 19നും സെമി, 23ന് ഫൈനല്‍. ക്രിക്കറ്റിനും ഫുട്ബോളിനുമൊക്കെയൊപ്പം ടെന്നിസ് കോര്‍ട്ടുകളും സജീവമാക്കാന്‍ ഇടയ്ക്കൊരു ശ്രമം നടന്നിരുന്നു. എന്നാല്‍, നോവാക് ദ്യോക്കോവിച്ച് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ പങ്കെടുത്ത പലര്‍ക്കും കോവിഡ് ബാധിച്ചതോടെ അതു പാളി. ഇനി യുഎസ് ഓപ്പണാണ് നടക്കാനുള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന റോജര്‍ ഫെഡറര്‍ ഇതില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. കോവിഡ് സുരക്ഷ കണക്കിലെടുത്ത് റാഫേല്‍ നദാല്‍ കൂടി പിന്‍മാറിയതോടെ ഈ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ പകിട്ട് വീണ്ടും മങ്ങി. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. 1999നു ശേഷം ആദ്യമായാണ് ഫെഡററും നദാലുമില്ലാത്ത ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് നടക്കുന്നത്. കോവിഡ് മുക്തനായ നോവാക് ദ്യോക്കോവിച്ചാണ് ടെന്നിസ് ലോകത്തെ ബിഗ് ത്രീയില്‍ നിന്ന് ഫ്ളഷിങ് മെഡോസിലെത്തുന്ന ഒരേയൊരാള്‍. നിക്ക് കിര്‍ഗിയോസ്, സ്റ്റാനിസ്ലാവ് വാവ്റിങ്ക, ആഷ്ലി ബാര്‍ട്ടി തുടങ്ങിയ പ്രമുഖരും ടൂര്‍ണമെന്റിനെത്തില്ല. ഇവരുടെയെല്ലാം പിന്‍മാറ്റം കാരണം മത്സരിക്കാന്‍ അവസരം കിട്ടിയ യുവതാരങ്ങളില്‍ ഇന്ത്യയുടെ സുമിത് നാഗലും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം യോഗ്യതാ റൗണ്ട് കടന്നെത്തിയ നാഗല്‍ ഫെഡററോടു തോറ്റാണ് പുറത്തായത്.
കേരളത്തിലേക്കു വരുമ്പോള്‍ കായിക മേഖല ഇനിയും സജീവമായിട്ടില്ല. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തേണ്ട നെഹ്റു ട്രോഫി ഈ വര്‍ഷവും സമയത്ത് നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷവും പ്രളയം കാണം മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച സിബിഎല്ലിന്റെ തുടക്കം നെഹ്റു ട്രോഫിയിലാണ്. ഇതുകുടാതെ 11 ജലമേകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ചാംപ്യന്‍സ് ബോട്ട് ലീഗ്. ഇത്തവണ വര്‍ഷാവസാനത്തോടെ ഇതു സംഘടിപ്പിക്കാനാണ് ശ്രമം. ഇതിനിടെ, കേരള കായികലോകത്ത് അധികമാരുമറിയാതെ മൂന്നു വിരമിക്കലുകളുമുണ്ടായി. ഇന്ത്യന്‍ വോളിബോള്‍ താരങ്ങളായ എസ്. രേഖ, ഫാത്തിമ റുക്സാന, ഇ. അശ്വതി എന്നിവരാണ് വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. കെഎസ്ഇബി ടീമില്‍ സഹകളിക്കാരായിരുന്നു മൂവരും. രണ്ട് ഏഷ്യന്‍ ഗെയിംസ് അടക്കം പത്ത് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ താരമാണ് രേഖ. ഫാത്തിമ യൂത്ത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ക്ലബ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയ്ക്കായി കളിച്ചു. അശ്വതി ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യയ്ക്കായി കളിച്ചത്. വരും ദിവസങ്ങളില്‍ കായികലോകം കൂടുതല്‍ സജീവമാകുന്ന പ്രതീക്ഷയില്‍ അവസാനിപ്പിക്കാം.

Tags
Show More

Related Articles

Back to top button
Close