INDIA

ഇന്ത്യയുടെ കൊവാക്‌സിന്‍ ഈ വര്‍ഷം അവസാനം വന്നേക്കും: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗവ്യാപനം തടയാനായി ലോകമെമ്പാടുമുള്ള ഗവേഷകര്‍ കഠിനപ്രയത്‌നം തുടരുന്നതിനിടെ പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഐസിഎംആറിന്റെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. ഐസിഎംആറും ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാവായ ഭാരത് ബയോടെക്കും ചേര്‍ന്നാണ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ വാക്‌സിന്‍ ഗവേഷണവുമായി മുന്നോട്ടു പോകുകയാണെങ്കിലും രാജ്യത്ത് ആദ്യം ലഭ്യമാകുന്നത് ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിനായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ വാക്‌സിന്‍ ഓക്‌സ്ഫഡിന്റേതായിരിക്കുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് തദ്ദേശീയ വാക്‌സിനായ കൊവാക്‌സിനും 2020 അവസാനത്തോടെ പുറത്തിറങ്ങിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞത്.
ഇന്ത്യന്‍ നിര്‍മികത വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ തീരുമെന്നും ഇതോടെ ഇവയുടെ ഫലപ്രാപ്തി മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനു സമാന്തരമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണവും നടക്കുന്നുണ്ട്. അതുകൊണ്ട് ഈ വാക്‌സിനുകള്‍ വിപണിയിലെത്തിക്കാനുള്ള സമയം വളരെയേറെ ലാഭിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.’മറ്റു രണ്ടു വാക്‌സിനുകളും ഉത്പാദിപ്പിച്ച് ഘട്ടം ഘട്ടമായി വിപണിയിലെത്തിക്കാന്‍ ഒരു മാസം കൂടി സമയമെടുക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നന്നായി നടന്നെന്നു പ്രതീക്ഷിച്ചാല്‍ 2021 ആദ്യ പാദത്തില്‍ തന്നെ വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ നമുക്ക് തയ്യാറാകാം.’ എന്നാല്‍ ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം രണ്ടാഴ്ചമുന്‍പ് തുടങ്ങിയിട്ടുണ്ട്. ‘ഈ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായേക്കും’. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കൊവാക്‌സിനു പുറമെ സൈഡസ് കാഡില വികസിപ്പിക്കുന്ന സൈകോവ് – ഡി, ഓക്‌സ്ഫഡ് സര്‍വകലാശാലയും യുകെ വാക്‌സിന്‍ കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന വാക്‌സിനും രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുകയാണ്. ആദ്യഘട്ടത്തില്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കുമായി സര്‍ക്കാര്‍ 50 ലക്ഷം ഡോസോളം വാക്‌സിന് കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .ഇതിനിടെ റഷ്യ അംഗീകരിച്ച ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി ഇന്ത്യയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close