
1995 ജൂലൈ 31
ഹലോ ജ്യോതി ബസുവല്ലേ…
അതേ…
ഞാന്‍ സുഖ് റാമാണ്. സുഖമല്ലേ…
സുഖം തന്നെ…
ഇന്ത്യന്‍ ടെലികോം ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട വാക്കുകളായിരുന്നു ഇത്. ആ ഒരു കോള്‍ ഇന്ത്യയുടെ ടെലികോം ചരിത്രം തന്നെ തിരുത്തിയെഴുതപ്പെട്ടു. ഇന്ത്യയിലെ ആദ്യ മൊബൈല്‍ ഫോണ്‍ വിളി സംസാരമായിരുന്നു അവിടെ നടന്നത്. ആ കോളിന് ഇന്ന് 25 വയസ് പൂര്‍ത്തിയായി. അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവായിരുന്നു ഒരു തലയ്ക്കല്‍ എങ്കില്‍ അങ്ങേ തലയ്ക്കല്‍ ഉണ്ടായിരുന്നത് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാം.
കൊല്‍ക്കത്തയിലെ റൈറ്റേര്‍സ് ബില്‍ഡിംഗിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡല്‍ഹിയിലെ ടെലികോം മന്ത്രാലയത്തിന്റെ ഓഫീസായ സഞ്ചാര്‍ ഭവനിലേക്കായിരുന്നു ആ കോള്‍. ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കായി മൊബൈല്‍ നെറ്റിന്റെ ഉദ്ഘാടന കോള്‍ ആയിരുന്നു അത്. മോഡി ടെല്‍സ്ട്ര ആയിരുന്നു ഈ മൊബൈല്‍ നെറ്റ്വര്‍ക്ക് സ്ഥാപിച്ചത്. കൊല്‍ക്കത്തയില്‍ മാത്രമായിരുന്നു പ്രവര്‍ത്തനം. ഇന്ത്യയിലെ മോഡി ഗ്രൂപ്പും, ഓസ്ട്രേലിയന്‍ ടെലികോം കമ്പനി ടെല്‍സ്ട്രയും ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമായിരുന്നു അത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനം നടത്താന്‍ ലൈസന്‍സ് ലഭിച്ച 8 കമ്പനികളില്‍ ഒന്നായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ നാല് മെട്രോപോളിറ്റന്‍ നഗങ്ങളില് രണ്ട് മൊബൈല്‍ ടെലികോം ലൈസന്‍സ് വീതമാണ് നല്‍കിയത്.
ഇതില്‍ ആദ്യം സര്‍വീസ് ആരംഭിച്ചത് കൊല്‍ക്കത്തയില്‍ മോഡി ടെല്‍സ്ട്രയായിരുന്നു. 1995 ലെ ജ്യോതി ബസുവിന്റെ ആദ്യ കോളില്‍ നിന്നും ഇന്ന് ഇന്ത്യ ഏറെ മുന്നേറി. മൊബൈല്‍ ടെക്നോളജി ഇന്ത്യയില്‍ അതിന്റെ അഞ്ചാം തലമുറ മാറ്റത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. 448.2 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.

1996 സെപ്തംബര്‍ 17നായിരുന്നു കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് തകഴി ശിവശങ്കരപ്പിള്ള അന്നത്തെ ദക്ഷിണമേഖലാ കമാന്‍ഡന്റ് എ. ആര് ടണ്ഡനുമായി സംസാരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. 1973 ഏപ്രില്‍ 3നാണ് ലോകത്തെ ആദ്യത്തെ മൊബൈല്‍ ഫോണ്‍വിളി. മോട്ടറോള കമ്പനിയിലെ ഡോ. മാര്ട്ടിന് കൂപ്പര്‍ രൂപകല്‍പ്പന ചെയ്ത മൊബൈലില്‍ നിന്ന് അദ്ദേഹം തന്നെയാണ് ആദ്യമായി സംസാരിച്ചത്.