INDIA

ഇന്ത്യയേയും പാകിസ്ഥാനേയും ബംഗ്ലാദേശിനേയുംചേര്‍ത്ത ഒരു രാജ്യമാക്കാനുള്ള നടപടി ബിജെപി സ്വീകരിച്ചാല്‍ അതിനെ സ്വാഗതം ചെയ്യും: നവാബ് മാലിക്ക്

മുംബൈ: ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ചേര്‍ത്ത ഒറ്റ രാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക്. ഇന്ത്യയേയും പാകിസ്ഥാനേയും ബംഗ്ലാദേശിനേയും കൂട്ടി യോജിപ്പിച്ച് ഒരു രാജ്യമാക്കാനുള്ള നടപടി ബിജെപി സ്വീകരിച്ചാല്‍ താന്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് നവാബ് മാലിക്ക് പറഞ്ഞു. ബി.ജെ.പി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.”കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന കാലം വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ജി പറഞ്ഞിരുന്നു. ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇന്ത്യയും പാകിസ്ഥാനും ബംഗ്ളാദേശും ഒരു രാജ്യമായി മാറണമെന്നാണ്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഈ മൂന്ന് രാജ്യങ്ങള്‍ക്കും ഒന്നായിക്കൂടാ” നവാബ് മാലിക്ക് ചോദിച്ചു. ബിജെപി ഇത്തരമൊരു കാര്യം ചെയ്യാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും നവാബ് മാലിക്ക് പറഞ്ഞു.ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേന, കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പെടുന്ന മഹാവികാസ് അഗാഡി സര്‍ക്കാരിനൊപ്പം എന്‍.സി.പി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാലിക് പറഞ്ഞു. ബി.എം.സി തിരഞ്ഞെടുപ്പിന് 15 മാസം മാത്രമാണ് ഇനിയുള്ളത്. ഓരോ പാര്‍ട്ടിയും അവരവരുടെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ഞങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. മൂന്നു പാര്‍ട്ടികളും ഒരുമിച്ച് ചേര്‍ന്ന് മത്സരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മാലിക് പറഞ്ഞു.അവിഭക്ത ഇന്ത്യയിലാണ് വിശ്വസിക്കുന്നതെന്നും ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നും കഴിഞ്ഞദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. മുംബൈയില്‍ മധുരപലഹാരക്കടയുടെ പേരില്‍ നിന്ന് കറാച്ചി ഒഴിവാക്കണമെന്ന് ശിവസേന പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close