
കോവിഡ് വ്യാപനം കൊണ്ട് രാജ്യം പൊറുതിമുട്ടുമ്പോള്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്ന ദീര്‍ഘകാല ആവശ്യമാണ് അഖിലേന്ത്യാതലത്തില്‍ ഒരു മെഡിക്കല്‍ സര്‍വീസിന് തുടക്കമിടുക എന്നത്. ആരോഗ്യമേഖല സംസ്ഥാന വിഷയമായതിനാല്‍ തന്നെ കോവിഡ് പോലുള്ള മഹാമാരിയെ നേരിടുന്നതില്‍ ദേശീയ തല ഏകോപനം സാധ്യമാക്കണമെങ്കില്‍ ഭാവിയിലും ഇത്തരമൊരു സര്‍വീസ് കൂടിയേ തീരൂ എന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് എന്ന ആശയത്തിന്റെ നാള്‍വഴികളിലേക്ക്.
ബ്രിട്ടീഷ് – ഇന്ത്യൻ കാലത്ത് ഇന്ത്യൻ മെഡിക്കൽ സർവ്വീസ് എന്ന ഒരു പ്രത്യേക കേഡർ ഉണ്ടായിരുന്നു. 1763- 64 കാലത്ത് ബംഗാൾ ,ബോംബെ ,മദ്രാസ് പ്രവിശ്യകളിൽ മെഡിക്കൽ സർവ്വീസ് ആരംഭിച്ചു. 1857 ന് ശേഷം ഈ മൂന്ന് പ്രവിശ്യകളിലേയും മെഡിക്കൽ സർവ്വീസിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു കുടക്കീഴിൽ കൊണ്ട് വരുകയും ഇന്ത്യൻ മെഡിക്കൽ സർവ്വീസ് രൂപീകരിക്കുകയും ചെയ്തു. എന്നാൽ പൊതുജനാരോഗ്യം എന്നതിലുപരി സൈനിക സേവനങ്ങൾക്കാണ് ഈ സംവിധാനം കൂടുതൽ പ്രാധാന്യം നൽകിയത്.
1902 ൽ മെഡിസിനിൽ നൊബേൽ’ സമ്മാനം നേടിയ സർ. ഡൊണാൾഡ് റോസ്സ്, വിക്ടോറിയ രാജ്ഞിയെ പരിശോധിച്ചിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ, മദ്രാസ് മെഡിക്കൽ കോളേജിലെ അധ്യാപകനും ബ്ലാക്ക് ഫീവറിന് കാരണമായ രോഗാണുവിനെ കണ്ടെത്തിയ ചാൾസ് ഡൊണോവൻ തുടങ്ങിയവർ ഇന്ത്യൻ മെഡിക്കൽ സർവ്വീസ് അംഗങ്ങൾ ആയിരുന്നു. 1947 ൽ ഇന്ത്യ സ്വതന്ത്രമായതോടെ ഈ സർവ്വീസ് ഇല്ലാതായി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ മെഡിക്കൽ സർവ്വീസ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് 1959ൽ രൂപീകരിച്ച ഹെൽത്ത് സർവ്വേ ആൻഡ് പ്ലാനിങ്ങ് കമ്മിറ്റി അഥവാ മുതലിയാർ കമ്മിറ്റി 1961 ൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ആണ്. തുടർന്ന് 1968ൽ ഓൾ ഇന്ത്യ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവ്വീസ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.പക്ഷേ അത് എങ്ങുമെത്തിയില്ല .
1973 ൽ കർത്താർ സിങ്ങ് കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചു. ആരോഗ്യ രംഗത്തെ വൈദ്യശാസ്ത്ര രംഗവുമായി ഒന്നിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് ഉണ്ടാക്കുകയായിരുന്നു കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. സാംക്രമിക രോഗ നിയന്ത്രണം-നിരീക്ഷണം, വിവരണ ശേഖരണം – അതിൻ്റെ കൈകാര്യം ചെയ്യൽ ,സാമൂഹ്യ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ,നേതൃത്വ – ആശയ വിനിമയ പാടവം തുടങ്ങിയവയിൽ ഡോക്ടർമാർക്ക് യാതൊരു തരത്തിലുമുള്ള പ്രത്യേക പരിശീലനവും നൽകുന്നില്ല എന്ന പ്രശ്നം കമ്മിറ്റി ഉയർത്തിക്കാട്ടി. കർത്താർ സിങ്ങ് ചൂണ്ടിക്കാട്ടിയ ഈ കാര്യം ഇന്നും ആരോഗ്യ രംഗത്തെ ഒരു പ്രധാന പോരായ്മയായി നിലനിൽക്കുന്നു.
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജിൻ്റെ 1995ലെ റിപ്പോർട്ടിലും 2005 ലെ നാഷണൽ കമ്മീഷൻ ഫോർ മാക്രോ എക്കണോമിക്സ് ആൻഡ് ഹെൽത്ത് റിപ്പോർട്ടിലും ഇതേ ആവിശ്യം ഉയർന്നു വന്നു.
ഏറ്റവും ഒടുവിൽ 2017ൽ ആരോഗ്യ രംഗത്ത് പ്രത്യേക കേഡർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അഭിപ്രായമാരാഞ്ഞ് കത്തെഴുതിയിരുന്നു. അതിനും പിന്നീട് ഒരു നീക്കുപോക്ക് ഉണ്ടായില്ല.
വീണ്ടും “ഇന്ത്യൻ മെഡിക്കൽ സർവ്വീസ് ” എന്ന ആവശ്യം ഉയർന്ന് വരുന്നതിന് പിന്നിൽ ഈ കൊവിഡ് കാലത്ത് നമ്മുടെ ആരോഗ്യ രംഗം നേരിടുന്ന വെല്ലുവിളികൾ തന്നെ ആണ്. ആരോഗ്യ സംവിധാനങ്ങൾക്ക് ജനതയെ എത്രത്തോളം ഉൾക്കൊള്ളാൻ കഴിയും എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തൊട്ട് ആവിശ്യത്തിന് ഡോക്ടർമാരുടെ സേവനം പോലും ലഭിക്കാത്ത ഒരവസ്ഥയിൽ ആണ് രാജ്യം കൊവിഡ് – 19 എന്ന മഹാമാരിയെ നേരിടുന്നത്
ഈ ഒരു സാഹചര്യത്തിലാണ് “ഇന്ത്യൻ മെഡിക്കൽ സർവ്വീസ്” എന്ന ആശയവും അതുണ്ടാക്കുന്ന നേട്ടങ്ങളും നമ്മൾ ചർച്ച ചെയ്യേണ്ടത്. ആരോഗ്യം സംസ്ഥാന പട്ടികയിൽ പെടുന്ന വിഷയമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ തൊട്ട് ആരോഗ്യ സംവിധാനങ്ങളുടെ നടത്തിപ്പിലും ആശയ രൂപീകരണത്തിലും പങ്കാളികളാ കുന്നവരെ സംസ്ഥാന ഗവൺമെന്റ് ആണ് നിയമിക്കുന്നത്. ഇന്ത്യ ഒട്ടാകെ ഇത്തരത്തിൽ ജോലി ചെയ്യുന്നവർക്ക് പൊതുവായ ഒരു പരിശീലന രീതിയോ നിശ്ചിത നിലവാരമോ തീരുമാനിക്കപ്പെട്ടിട്ടില്ല.
ആരോഗ്യ മേഖലയെ ഒരു പ്രത്യേക കേഡറിന് കീഴിലാക്കിയാൽ രാജ്യത്തുടനീളം ഒരേ രീതിയിലുള്ള പരിശീലനം നൽകാൻ സാധിക്കും. ഒരു എം.ബി.ബി.എസ് ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും മേഖലയിലുള്ള സ്പെഷ്യലൈസേഷനോ ഉപരി ഇന്ത്യൻ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും ഓരോ പ്രദേശത്തും അവ എത്രത്തോളം വിഭിന്നമാണെന്നും പ്രാഥമിക ആരോഗ്യ രംഗം തൊട്ട് ക്ലിനിക്കൽ ഹെൽത്ത് വരെ ഉള്ള മേഖലകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കാനും ഇത്തരം പരിശീലനങ്ങൾ ഈ മേഖലയിലേക്ക് എത്തുന്നവരെ സഹായിക്കും.ഇതിലൂടെ ഗ്രാമതലം മുതൽ സർക്കാർ നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇത്തരം കേഡർ സംവിധാനം എത്രത്തോളം ഗുണം ചെയ്യും എന്നതിന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് തന്നെ വലിയൊരു ഉദാഹരണം ആണ്.
“ഇന്ത്യൻ മെഡിക്കൽ സർവ്വീസ് പോലൊരു കേഡർ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യ രംഗത്തെ നയ രൂപീകരണത്തിൽ, പൊതു ഭരണ കാര്യങ്ങളിൽ പരിശീലനം ലഭിച്ച ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ മികച്ച സംഭാവനകൾ ഡോക്ടേഴ്സിന് നൽകാനാവും .ഇന്ത്യൻ മെഡിക്കൽ സർവ്വീസിലൂടെ പരിശീലനം ലഭിച്ചെത്തുന്ന ഡോക്ടർമാർക്ക് ആരോഗ്യരംഗത്തെ ദൈനംദിന കാര്യങ്ങളിൽ ഗവൺമെൻ്റിനെ സഹായിക്കാനും കൊവിഡ് പോലുള്ള അസാധാരണ ഘട്ടങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സാധിക്കും.” ഐ എം എ സംസ്ഥാന പ്രസിഡൻ്റ് ഡോ. എബ്രഹാം വർഗ്ഗീസ് പറയുന്നന്നു. നിലവിൽ ഇന്ത്യയിൽ ഡോക്ടേഴ്സിന് ക്ഷാമം നേരിടുന്നുണ്ട്. ഡബ്ല്യൂ .എച്ച്.ഒ നിർദ്ദേശിക്കുന്നത് 1000 പേർക്ക് ഒരു ഡോക്ടർ എന്നതാണെങ്കിൽ ഇന്ത്യയിൽ ഇത് 1445 പേർക്ക് ഒരു ഡോക്ടർ എന്നതാണ്. ഐ.എ.എസ് പോലൊരു കേഡർ സംവിധാനം ഏർപ്പെടുത്തുകയാണെങ്കിൽ കൂടുതൽ ഡോക്ടേഴ്സിനെ പൊതുജനാരോഗ്യ രംഗത്തേക്കും ,ഭരണ നയ രൂപീകരണത്തിലേക്കും ആകർഷിക്കാനാവും.”അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കൊവിഡാനന്തര കാലം ലോകരാജ്യങ്ങളുടെ ആരോഗ്യ മേഖലയോടുള്ള നിലവിലുള്ള സമീപനത്തിൽ കാതലായ മാറ്റങ്ങൾ തീർച്ചയാണ്. ഗ്രാമ – നഗര വ്യത്യാസമില്ലാതെ എല്ലാ ജനങ്ങൾക്കും ഒരേ നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുക എന്നതായിരിക്കും ഇന്ത്യ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. ഇന്ത്യൻ മെഡിക്കൽ സർവ്വീസിലൂടെ പരിശീലനം ലഭിച്ചെത്തുന്ന ഡോക്ടർമാരെ രാജ്യത്തെവിടെ വേണമെങ്കിലും നിയമിക്കാം എന്നുള്ളത് ഭാവിയിൽ ഈ വെല്ലുവിളിയെ നേരിടാൻ സഹായിക്കും. ആരോഗ്യ മേഖലയ്ക്ക് നിലവിൽ നമ്മുടെ ജി.ഡി.പി യുടെ
1.2 % മാത്രം ആണ് മാറ്റി വയ്ക്കുന്നത്. ഇത് കുറഞ്ഞത് 5% എങ്കിലും ആക്കണമെന്നാണ് വിവിധ മേഖലകളിൽ നിന്ന് ഉയരുന്ന ആവശ്യം. തീർച്ചയായും വരും വർഷങ്ങളിൽ ജി.ഡി പി വിഹിതത്തിൽ ഉയർച്ചയും ആരോഗ്യ രംഗത്ത് കാതലായ മാറ്റങ്ങളും ഉണ്ടാകും. ആ മാറ്റങ്ങളുടെ കൂടെ ഇന്ത്യൻ മെഡിക്കൽ സർവ്വീസ് എന്ന ആശയവും നടപ്പിലാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം