
ന്യൂഡല്‍ഹി:പിടിച്ചുകെട്ടാനാവാത്ത വിധം ഇന്ത്യയില്‍ കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഇത് പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്ധന്. മൂന്ന് ‘ടി’കള്‍ അഥവാ ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്ക്കു പ്രധാന്യം നല്കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ഒരു വലിയ രാജ്യമായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കുന്ന വൈറസിന്റെ സ്വഭാവം വ്യത്യസ്ഥമാണെന്നും അതിനാല്‍ അത് നിയന്ത്രണ വിധേയമാകാന്‍ കാലതാമസമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രോഗനിരക്ക് കുറയാന്‍ കാല താമസമെടുക്കുമെന്നും എപ്പോള്‍ കുറയുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന് സാധാരണ നിലയിലേക്ക് പോകണമെങ്കില്‍ വാക്സിന് വളരെ ആവശ്യമാണെന്നും കോവിഡ് -19 നെതിരായ വാക്സിന് പരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ അതിവേഗം പുരോഗമിക്കുകയാണെന്നും വര്ധന് പറഞ്ഞു. ഇന്ത്യ നിര്‍മ്മിച്ച വാക്സിനുകളുടെ ഫലപ്രാപ്തി വര്‍ഷാവസാനത്തോടെ അറിയാനാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ഓക്സ്ഫോര്‍ഡ് വാക്സിന് രാജ്യത്ത് ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രണ്ട് വാക്സിനുകള്‍ക്കും കുറഞ്ഞത് ഒരു മാസമെങ്കിലും അധികമായി ആവശ്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിന് വിപണിയില്‍ ഘട്ടം ഘട്ടമായി എത്തിക്കും. വാക്സിന് ട്രയല്‍ ഫലങ്ങള്‍ വിജയകരമാണെങ്കില്‍, 2021 ന്റെ ആദ്യ പാദത്തോടെ ഇത് ഉപയോഗിക്കാന്‍ തയ്യാറാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ‘കോവാക്സിന്’ന്റെ മനുഷരില്‍ പരീക്ഷിക്കുന്നത് രണ്ടാഴ്ച മുമ്പ് ആരംഭിച്ചു. 2020 അവസാനത്തോടെ ഇത് ലഭ്യമാകുമെന്ന് വര്ധന് പറഞ്ഞു. ഈ മാസം ഇന്ത്യയില്‍ മനുഷ്യ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചതായും വര്‍ഷാവസാനത്തോടെ ആസ്ട്രാസെനെക്ക വാക്സിന് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച, യൂറോപ്യന്‍ യൂണിയന് ഇന്ത്യയുടെ കോവിഡ് വാക്സിന് അസ്ട്രാസെനെക്കയുടെ 300 ദശലക്ഷം ഡോസുകള്‍ വാങ്ങാന്‍ താല്പര്യമറിച്ചിട്ടുണ്ട്. ലോകത്തെ വാക്സിന് നിര്‍മ്മാണത്തിന്റെ വ്യാവസായിക അടിത്തറയായി രാജ്യം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഭാരത് ബയോടെക്കുമായി സഹകരിക്കുന്നുണ്ടെന്നും ഇതിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു. വാക്സിനുകള്‍ വിജയകരമാണെങ്കില്‍ അവ മിതമായ തുകയില്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രസ്താവിച്ചു.