INDIAINSIGHT

ഇന്ദ്രപ്രസ്ഥത്തില്‍ പ്രകമ്പനം സൃഷ്ടിക്കുന്ന ആ ട്വീറ്റുകള്‍ ആരുടെയൊക്കെ ഉറക്കം കെടുത്തുന്നു ! വേരുകളുടെ ബലമില്ലാത്ത പാരമ്പര്യത്തിന്റെ താങ്ങില്ലാത്ത ഗോഡ്ഫാദര്‍മാരുടെ പിന്‍ബലമില്ലാത്ത തരൂരിനെ രാജ്യദ്രോഹക്കേസ് തളര്‍ത്തുമോ !

അശ്വതി ബാലചന്ദ്രന്‍


‘ഹിന്ദു ആചാരങ്ങളെ ചോദ്യംചെയ്തതിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അംബേദ്കര്‍ അഴിക്കുള്ളിലാകുന്നത്. ന്യായാധിപന്‍മാരെ വിമര്‍ശിച്ചതിന്റെ പേരില്‍ വിചാരണ കാത്ത് കഴിയുകയാണ് മഹാത്മാ ഗാന്ധി. മതദേശീയതയെ എതിര്‍ത്തതിന്റെ പേരില്‍ ശത്രുത പരത്തുന്നു എന്ന കുറ്റമാണ് മൗലാനാ ആസാദിന്റെ പേരില്‍ ചാര്‍ത്തിയിരിക്കുന്നത്.വിപ്ലവാത്മകമായ കവിതകള്‍ എഴുതിയതിന് യുഎപിഎ ചുമത്തി ഭീകരവാദക്കുറ്റത്തിന് വിചാരണ കാത്തു കിടക്കുകയാണ് സരോജിനി നായിഡു. പ്രത്യേകിച്ച് ഒരു കാരണവും കാണിക്കാതെ ദേശീയ സുരക്ഷാ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ് ഭഗത് സിങ്. ദുര്‍നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തതിന് രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യംനിഷേധിക്കപ്പെട്ട് തടവില്‍ കഴിയുകയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്’. ഭരണകൂടത്
ഇത്രമനോഹരമായി ഇതാരാണ് ട്രോളിയത്. ? മാസങ്ങള്‍ക്ക് മുമ്പാണ് ഇത്തരമൊരു ട്രോള്‍ ട്വീറ്റ് ആയി പുറത്തുവന്നത്.

ഏതെങ്കിലും ക്ഷുഭിതയൗവ്വനത്തിന്റെ ധീരമായ വാക്കുകളാണോ എന്നു സംശയിക്കേണ്ട. പറഞ്ഞത് നമ്മുടെ സ്വന്തം ശശി തരൂരാണ്. ഇതദ്ദേഹം പറഞ്ഞത് ഗാന്ധിജയന്തിക്കാണെങ്കിലും പറഞ്ഞത് ഇന്നു പ്രസക്തമാകുകയാണ്. ഇന്നു ആ ട്രോളിന് വലിയ പ്രാധാന്യമുണ്ട്.

രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് കാലം കുറച്ചായി. അവരുടെ അവസ്ഥയും പ്രതിഷേധവും കണ്ട് പലരും പ്രതികരിച്ചെങ്കിലും റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രശ്നങ്ങളില്‍ ഒരു കര്‍ഷകന്റെ ജീവന്‍ പൊലിഞ്ഞത് തരൂരെന്നല്ല അന്നം കഴിക്കുന്ന ആര്‍ക്കും സഹിക്കില്ല. ഒരു ഇന്ത്യന്‍ പൗരന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാന്‍ ആരോടും സമ്മതം ചോദിക്കേണ്ടകാര്യമില്ലല്ലോ. അങ്ങനെ ആണല്ലോ സര്‍ക്കാരും നിയമങ്ങളും ഉറപ്പു പറയുന്നത്.

അതുകൊണ്ട് തരൂര്‍ അവര്‍ക്കൊപ്പമെന്ന് സൂചിപ്പിച്ചൊരു പോസ്റ്റ് ട്വീറ്റ് ചെയ്തു. മറ്റു ചിലര്‍ സമരത്തിന് ട്രാക്ടര്‍ ഓടിച്ചതും അതിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞതും കാണാതെ പോയ നിയമത്തിന്റെ വെളിച്ചം തരൂരിനെ കണ്ടു. അതിന്റെ ഭാഗമായി കയ്യില്‍ അടിച്ചു കിട്ടിയത് വീരശൃംഖലയല്ല രാജ്യദ്രോഹി എന്ന പട്ടമാണെന്നു മാത്രം. അഭിപ്രായപ്രകടനം പൗരന് പതിച്ചു നല്‍കാന്‍ സന്മനസ്സു കാണിച്ച ഭരണഘടനയിലെ പൂട്ടുകള്‍ പോര തന്നെ പൂട്ടാനെന്നുറച്ച തരൂര്‍ വീണ്ടു വീണ്ടും പ്രതികരിച്ചു. കാരണം ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒതുങ്ങാതെ നിന്ന് ശബ്ദിക്കുന്നതല്ലേ ഹീറോയിസം.

പ്രതികരണം അവിടെ കൊണ്ടും നിര്‍ത്തിയില്ല. കേന്ദ്ര ബജറ്റിനെ കളിയാക്കാനും തരൂരെത്തി. ‘എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്’ എന്നായിരുന്നു തരൂരിന്റെ ബജറ്റ് ട്രോള്‍. അതിനു മുമ്പേ ഇന്ധന വില റോക്കറ്റു പോലെ ഉയരുന്നതു കണ്ടപ്പോഴും തരൂര്‍ സര്‍ക്കാരിനെ പരിഹസിച്ചിരുന്നു. ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്നതു കണ്ട തരൂര്‍ തന്റെ പ്രതികരണം ഭീഷണികള്‍ക്കിടയിലും തുടര്‍ന്നു.

ഇന്ധന വിലവര്‍ധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കൊള്ളയുടെ വിശദാംശങ്ങള്‍ അടങ്ങിയ രസകരമായ പട്ടിക പട്ടികയായിരുന്നു അതിനായി അവതരിപ്പിച്ചത്. വെള്ളാരം കണ്ണുള്ള സുന്ദരമായ ചിരിയോടെ സംസാരിക്കുന്ന തരൂരിന്റെ പ്രതികരണങ്ങള്‍ ട്രോളുകള്‍ക്ക് വഴിമാറാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പ്രതികരണങ്ങളെപോലും രാഷ്ട്രീയ ആയുധമാക്കി തരൂരിനെതിരെ തൊടുക്കാനും അതുവഴി ഒതുക്കാനും ശ്രമിച്ചവര്‍ക്ക് തെറ്റി. കുറച്ചുകാലം മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനൊരു വിഷയം എന്നതിനപ്പുറം പ്രസക്തി പലതിനും ലഭിച്ചില്ല.

ഇന്ത്യയില്‍ നിന്നൊരാള്‍ അന്താരാഷ്ട്ര വേദിയില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഐക്യരാഷ്ട്ര സംഘടനയില്‍ പോലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കില്‍ പുലബന്ധം മാത്രമുള്ള നാട്ടിലെത്തി സാധാരണക്കാരുടെ ഇടയില്‍ പോലും സ്വന്തം സ്ഥാനം ഉറപ്പിച്ച് എംപി ആയിട്ടുണ്ടെങ്കില്‍ ആ വ്യക്തി ഒരു ചില്ലറക്കാരനല്ല. ‘തല നരയ്കുവതല്ലെന്റെ വൃദ്ധത്വം-തല നരയ്കാത്തതല്ലെന്റെ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനമെന്ന്
പണ്ട് ടി എസ് തിരമുമ്പ് പാടിയിട്ടുള്ളത് ഒരു പക്ഷെ കുറ്റിയറ്റു പോകാത്ത ഇത്തരത്തിലുള്ള ചിലരെ ഓര്‍ത്താകാം.

യുവരക്തം ഒരു കാലത്ത് തിളച്ചത് തെരുവില്‍ ബസ്സിനു കല്ലെറിഞ്ഞും പോടാ പുല്ലേ പോലീസെ എന്നുറക്കെ വിളിച്ചുമായിരുന്നെങ്കില്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളിയും കമന്റില്‍ കസര്‍ത്തുകാണിച്ചുമാണ്. പക്ഷെ തരൂരിന്റെ ട്വീറ്റ് സൃഷ്ടിക്കുന്ന പ്രകമ്പനം ചില്ലറയല്ല. ആ കമ്പനം ഇല്ലാതെയാക്കാന്‍ സര്‍ക്കാരിനാകുകയുമില്ലെന്ന് ഉറച്ചു പറയുകയുമാണ് തരൂര്‍. ആരും കേള്‍ക്കാതെ പോകുകയോ അല്ലെങ്കില്‍ ചര്‍ച്ചകള്‍ക്കപ്പുറം മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടാക്കാത്ത ചാപിള്ള പോസ്റ്റുകള്‍ കാട്ടി കയ്യടി നേടുന്ന ഈര്‍ക്കിലി നേതാക്കന്മാരെ പേടിപ്പിക്കാന്‍ ഒരുപക്ഷെ രാജ്യദ്രോഹക്കേസുകള്‍ക്ക് ആകുമായിരിക്കും. പക്ഷെ തരൂരും പ്രശാന്ത് ഭൂഷണും അതിനപ്പുറം നിയമ പരിരക്ഷ സ്വയം ഉറപ്പാക്കാന്‍ കെല്‍പുള്ളവര്‍തന്നെയാണ്. അറിവും അധ്വാനവും ഒരു പടിമുന്നില്‍ നില്‍ക്കുമ്പോള്‍ ഒതുക്കലുകളെ ഭയക്കാതെ അവര്‍ വീണ്ടും വീണ്ടും സത്യങ്ങള്‍ വിളിച്ചു പറയും. ശിക്ഷിക്കാന്‍ നിയമത്തിന്റെ കയറുമായി എത്തുന്നവര്‍ക്കുമുന്നിലും ഒരു പരിധിവരെ വഴങ്ങാന്‍ ഇവര്‍ തയ്യാറുവുകയുമില്ല.

യുഎന്‍ എന്ന സമുദ്രത്തില്‍ നിന്ന് ഇന്ത്യ എന്ന കായലിലേക്ക് എത്തിയ തരൂര്‍ ലക്ഷണമൊത്ത ഒരു രാഷ്ടീയക്കാരനും നയതന്ത്രഞ്ജനുമാണെന്ന് അക്ഷരം തെറ്റാതെ പറയാം. കാരണം വേരുകളുടെ ബലമില്ലാതെ പാരമ്പര്യത്തിന്റെ താങ്ങില്ലാതെ ഗോഡ് ഫാദര്‍മാരുടെ വളമില്ലാതെ കടന്നു വന്ന വ്യക്തിയാണ് തരൂര്‍. മോദിയക്ക് പറ്റിയ എതിരാളി എന്ന് ലോകം വിശ്വസിക്കുന്ന ഇന്ത്യ അംഗീകരിക്കാത്ത സത്യം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കുറ്റം ചുമത്തലുകള്‍ കാണുമ്പോള്‍ ഒന്നേ പറയാനുള്ളു രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയക്കല്ലേ മക്കളേ ……….നാസിക്കില്‍ നോട്ടടിക്കുന്ന കമ്മട്ടം കൊണ്ടുവന്നു തൂക്കിയാലും തരൂരിരിക്കുന്ന തട്ട് താണുതന്നെയിരിക്കും.Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close