KERALANEWSTrending

ഇന്ധനവില കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 16 ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന്‌ 2.12 രൂപയും ഡീസല്‍ 3.05 രൂപയും വര്‍ധിച്ചു. ഇന്നലെ മാത്രം വര്‍ധന പെട്രോള്‍-27 പൈസ, ഡീസല്‍-26 പൈസ.

സംസ്ഥാനത്ത് പെട്രോള്‍ വില 85 രൂപയായി കൂടി. ഡീസല്‍ വില 80നോടടുത്തു.ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 83.41 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുംബൈയില്‍ പെട്രോള്‍ വില 90.05 രൂപയിലെത്തി. ഡീസലിന് 80.23 രൂപയാണ് വില. ചെന്നൈയില്‍ പെട്രോള്‍ 86.25 രൂപ, ഡീസല്‍ 78.97 രൂപ. കൊല്‍ക്കത്തയില്‍ പെട്രോള്‍ 84.90 രൂപ, ഡീസല്‍ 77.18 രൂപ.ഇടവേളയ്‌ക്കുശേഷം നവംബര്‍ 21 മുതലാണ്‌ ഇന്ധനവില വീണ്ടും ഉയര്‍ത്തിത്തുടങ്ങിയത്‌. നവംബര്‍ 21-ന്‌ പെട്രോള്‍ 81.26 രൂപയും ഡീസല്‍ 74.38 രൂപയുമായിരുന്നു.

രാജ്യാന്തര ക്രൂഡ്‌ ഓയില്‍ വിലയില്‍ വലിയ വര്‍ധനയില്ലാതിരുന്നിട്ടും ആഭ്യന്തരവിപണിയില്‍ ഇന്ധനവിലയുയര്‍ത്തി എണ്ണക്കമ്പനികള്‍ ജനത്തെ കൊള്ളയടിക്കുകയാണ്‌. എക്‌സൈസ്‌ നികുതി കൂട്ടി കേന്ദ്രസര്‍ക്കാരും മൂല്യവര്‍ധിതനികുതി കൂട്ടി സംസ്‌ഥാനസര്‍ക്കാരും എരിതീയില്‍ എണ്ണയൊഴിക്കുന്നു.അസംസ്‌കൃത എണ്ണവിലയില്‍ വന്‍ഇടിവുണ്ടായപ്പോഴും ഇന്ധനവില താഴാതിരുന്നത്‌ നികുതി കൂട്ടിയതുമൂലമാണ്‌. നിലവില്‍ 49.5 ഡോളറാണ്‌ ഒരു ബാരല്‍ അസംസ്‌കൃത എണ്ണവില.

ഒക്‌ടോബര്‍ 30-നു ബ്രെന്റ്‌ ക്രൂഡ്‌ വില ബാരലിന്‌ 36.9 ഡോളറായിരുന്നു. ഈ വ്യത്യാസമാണ്‌ അനുദിനം വില കൂട്ടാന്‍ കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്‌. യൂറോപ്പില്‍ ശൈത്യകാലം തുടങ്ങിയതും കോവിഡ്‌ വാക്‌സിന്‍ കണ്ടെത്തിയതോടെ വ്യവസായവളര്‍ച്ച ഉണ്ടാകുമെന്ന പ്രതീക്ഷയും എണ്ണവിലവര്‍ധനയെ സ്വാധീനിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close