KERALANEWS

ഇന്ധനവില വർധനവിനെതിരെ സമരം ചെയ്ത കേരള കോൺ​ഗ്രസ് (എം) പ്രവർത്തകർക്കെതിരെ കേസെടുത്തത് ട്രിപ്പിൾ ലോക് ഡൗണിന്റെ പേര് പറഞ്ഞ്; ജില്ലാ സ്റ്റിയറിം​ഗ് കമ്മിറ്റി അം​ഗത്തെ അറസ്റ്റ് ചെയ്തത് കാറ് വളഞ്ഞും; സ്റ്റേഷനിലെത്തിയതോടെ കളിമാറി; ക്ലീറ്റസിനെ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്

കൊല്ലം: പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയെന്ന പേരിൽ പോലീസ് അറസ്റ്റ് ചെയ്ത കേരള കോൺ​ഗ്രസ് എം നേതാവ് ക്ലീറ്റസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിന്റെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള കുറ്റം ചുമത്തിയാണ് ക്ലീറ്റസിനെ അറസ്റ്റ് ചെയ്തത്. ഇന്ധന വില വർധനവിനെതിരെ കേരള കോൺ​ഗ്രസ് എം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ പേരിലാണ് പ്രശ്നങ്ങളുടെ തുടക്കം.

ക്ലീറ്റസിന്റെ പ്രദേശമായ കിഴക്കേ കല്ലടയിൽ കഴിഞ്ഞ ദിവസം ട്രിപ്പിൾ ലോക്ഡൗണായിരുന്നു. അതിനാൽ പരിപാടി നടത്താനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, പൊലീസിന്റെ നിർ‌ദ്ദേശം ലംഘിച്ച് കേരള കോൺ​ഗ്രസ് ജില്ലാ സ്റ്റിയറിം​ഗ് കമ്മിറ്റിയം​ഗമായ ക്ലീറ്റസിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതോടെ പൊലീസ് കേസെടുക്കുകയും ഇത് സംബന്ധിച്ച് സംസാരിക്കാൻ ക്ലീറ്റസ് സ്റ്റേഷനിൽ എത്തിയതോടെ സംഘർഷം ഉടലെടുക്കുകയുമായിരുന്നു.

കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റായ ക്ലീറ്റസാണ് കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിൽ അക്രമം കാട്ടിയത്. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് കേസെടുത്തതിൽ പ്രകോപിതനായിട്ടായിരുന്നു അക്രമം. മുമ്പ് സിപിഐ നേതാവായിരുന്ന ക്ലീറ്റസ് അടുത്തിടെയാണ് കേരള കോൺ​ഗ്രസിൽ ചേർന്നത്. പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ക്ലീറ്റസിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) ചിറ്റുമല പെട്രോൾ പമ്പിനുമുന്നിൽ സമരം നടത്തിയിരുന്നു. അധികനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നിടത്ത് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ക്ലീറ്റസ് ഉൾപ്പെടെ അഞ്ചുപേർക്കെതിരേ കിഴക്കേ കല്ലട പോലീസ് കേസെടുത്തു.

കാർ കുറുകേയിട്ട് വഴിതടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ക്ലീറ്റസിനെ കിഴക്കേ കല്ലട പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. പ്രകോപിതനായ ക്ലീറ്റസ് കസേരകളും മറ്റും അടിച്ചുതകർക്കുകയായിരുന്നു. ക്ലീറ്റസ് മദ്യലഹരിയിലായിരുന്നെന്നും കാറിൽനിന്ന് വാറ്റുചാരായത്തിന്റെ കുപ്പി കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. സി.പി.ഐ.മുൻ നേതാവും കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് ക്ലീറ്റസ്. സി.പി.ഐ.യുടെ ഓഫീസ് അടിച്ചുതകർത്തതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തത്. അതേസമയം, കസേരകൾ അടിച്ചുതകർത്തത് പൊലീസാണെന്ന് ക്ലീറ്റസ് ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close