
ദീപ പ്രദീപ്
നമ്മുടെ നാടിന്റെ സാംസ്കാരിക സമ്പത്തിനെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വവും കടമയും ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട് ഒരു ലോക നാട്ടറിവ് ദിനം കൂടി വന്നിരിക്കുന്നു.1846 ഓഗസ്റ്റ് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപർക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്തിലാണ് ‘ഫോക്ലോർ’ എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്. ആ ദിനത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്റ്റ് 22 അന്താരാഷ്ട്ര നാട്ടറിവ് ദിനമായി ആചരിച്ചുപോരുന്നത്.
ഫോക്ക്, ലോർ എന്നീ പദങ്ങളുടെ സംയോജനമാണ് ഫോക്ലോർ.ഫോക് എന്നാൽ ജനസമൂഹം എന്നും ലോർ എന്നാൽ അറിവ് എന്നും അർത്ഥം. ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കുന്ന ഈ പദം “നാടോടിവിജ്ഞാനീയം, നാട്ടറിവ്” എന്നീ പദങ്ങളാൽ മലയാളത്തിൽ ഉപയോഗിക്കുന്നു.
ഗ്രാമീണ ജനതയ്ക്ക് പാരമ്പര്യമായി കിട്ടിയ അറിവാണ് നാട്ടറിവുകൾ. തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്ന ഈ അറിവുകൾ പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കുന്നു. ഫോക്ലോർ എന്ന വിജ്ഞാനശാഖയുടെ ഉപവിഷയം എന്ന നിലയിലാണ് നാട്ടറിവ് കണക്കാക്കുന്നത്. സാഹിത്യവും കലാരൂപങ്ങളും ചികിത്സാരീതികളും വളർന്നതും വികസിച്ചതും നാട്ടറിവിന്റെ ചുവടുപിടിച്ചാണ് .ഗ്രാമീണ ജനതയുടെ ജീവിതരീതി,ഐതിഹ്യങ്ങൾ, നാടൻപാട്ടുകളും വാമൊഴി ചരിത്രവും, കലാപൈതൃകം,മഴഅറിവുകൾ,നാടോടികഥകൾ, നാടൻ ഭക്ഷണവും ചികിത്സയും, കൃഷി അറിവുകൾ,ചൊല്ലി പതിഞ്ഞ വാങ്മയ രൂപങ്ങൾ എന്നിവയെല്ലാം നാട്ടറിവുകളുടെ ഭാഗമാണ്.
ആദിവാസി ജനതയുടെ അനുഭവത്തിന്റെയും അറിവിന്റെയും വെളിച്ചത്തിൽ ഉപയോഗത്തിലുണ്ടായിരുന്ന ചികിത്സാരീതികളും നാടോടിപ്പാട്ടുകളുടെ ഈണവും ചാരുതയും എല്ലാം ആധുനികതയിൽ പുതിയ നിറഞ്ഞു നിൽക്കുമ്പോഴും, അവയുടെ താഴ് വേര് ഉറച്ചുനിൽക്കുന്ന ഭൂമികയെ വിസ്മരിക്കാനാകില്ല. നാട്ടറിവിലൂടെ ആർജ്ജിച്ച ഒരു ഭക്ഷ്യസംസ്കാരം കേരളീയ ജനതയുടെ കൈത്താങ്ങ് ആയിരുന്നു.
ഗുണ്ടർട്ട്, ലോഗൻ തുടങ്ങിയ ചില വിദേശ പണ്ഡിതർ മലയാള ഭാഷയുടെ പഠനത്തിനായി നാടോടിപ്പാട്ടുകളും പഴഞ്ചൊല്ലുകളും ഉൾപ്പെടുത്തിയതാണ് കേരളത്തിലെ പഴമയുടെ പഠനത്തിൻറെ ആദ്യ ചുവടുവെപ്പ്. വാമൊഴിയായി പ്രചരിച്ചിരുന്നവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പലതിനും വരമൊഴി രൂപങ്ങൾ ഉണ്ടായി.
വിപുലമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിജ്ഞാനശാഖയായി കേരളത്തിന്റെ നാടോടി വിജ്ഞാനീയം മാറിയിരിക്കുന്നു.