AgricultureHEALTHINSIGHTTrending

ഇന്ന് രാജ്യാന്തര ചക്കദിനം: ‘ചക്ക’ദിനത്തിൽ ചില ചക്ക ഗുണങ്ങൾ….

ഒരു കാലത്ത് ആർക്കും വേണ്ടാതെ പഴുത്ത് പോയിരുന്ന ചക്കയ്ക്ക് ലോക്ക്ഡൗൺ തുടങ്ങിയതോടെ ഡിമാൻഡ് ഏറെയാണ്. അടുത്ത കാലത്ത് ഏറെ പ്രിയങ്കരമായ കേരളത്തിന്റെ സ്വന്തം ചക്കകൾക്ക് വേണ്ടിയുള്ള അന്താരഷ്ട്ര ദിനമാണിന്ന്! രാജ്യാന്തര ചക്കദിനം. മൾബറി കുടുംബത്തിൽപ്പെട്ട ചക്കയുടെ പുറംമടൽ ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യം. ഇടിച്ചക്ക, മൂത്ത ചക്ക, പഴം ചക്ക… ഒാരോ ഘട്ടത്തിലും രുചിയുടെ കപ്പലോട്ടം നടത്തും ചക്കവിഭവങ്ങൾ.

രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും ചക്ക ഏറെ ഗുണം ചെയ്യും. എന്നാൽ ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ഫലമായ ചക്കപ്പഴത്തിന്റെ വില മലയാളി മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമാണ്. ‘ഇന്റലിജന്റ് ഫ്രൂട്ട്’ എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ ചക്കയെ വിളിക്കുന്നത്. ഇത്ര ഇന്റലിജന്റ് ആയ ചക്കയുടെ ഇന്റലിജന്റ് ഗുണങ്ങൾ ഒന്ന് നോക്കാം…

കലോറി

ഒരു കപ്പ് ചക്കയിൽ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്ലേവിൻ, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകൾ, കൊളസ്ട്രോൾ ഇവ ചക്കയിൽ വളരെ കുറവാണ്. മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പർ, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയിൽ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങൾക്ക് ആന്റി കാൻസർ, ആന്റി ഏജിങ്ങ്, ആന്റി അൾസറേറ്റീവ് ഗുണങ്ങൾ ഉണ്ട്.

അർബുദം തടയുന്നു

ചക്കയിലടങ്ങിയ ഫൈറ്റോനൂട്രിയന്റ്സിന് അർബുദത്തെ പ്രതിരോധിക്കാനുളള കഴിവുണ്ട്. ഇവ അർബുദകാരണമായ ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളുടെ നാശം സാവധാനത്തിലാക്കുന്നു.

ആസ്ത്മയ്ക്ക്

ആസ്ത്മ ചികിത്സയിൽ ചക്കയ്ക്ക് പ്രാധാന്യമുണ്ട്. പ്ലാവിന്റെ വേരും ചക്കയുടെ സത്തും എല്ലാം ആസ്ത്മ നിയന്ത്രിക്കാൻ ഫലപ്രദമാണ്.

ദഹനത്തിന്

ചക്കപ്പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ജലത്തിൽ ലയിക്കുന്നതും ലയിക്കാത്തതും. 100 ഗ്രാം ചക്കപ്പഴത്തിൽ 1.5 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. ചക്കപ്പഴം മലബന്ധം അകറ്റുന്നു. സുഖവിരോചനം സാധ്യമാക്കുന്നു. ഇത് ശ്ലേഷ്മപാലത്തെ മൃദുലമാക്കുന്നു.‌‌‌‌ ചക്കയിലടങ്ങിയ സോലുബിൾ ഫൈബർ, ദഹനസമയത്ത് ജലത്തെ ഒരു ജൽ രൂപത്തിലാക്കുന്നു. ഇത് കൊളസ്ട്രോൾ ആഗീരണം കുറയ്ക്കുന്നു. ഇൻസോലുബിൾ ഫൈബർ ജലത്തെ ആഗീരണം ചെയ്യുന്നില്ല. മലബന്ധം തടയുന്നു ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നു അൾസറിനും ചക്ക ഫലപ്രദമാണ്.

ഹൃദയാരോഗ്യത്തിന്

ചക്കപ്പഴത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. പൊട്ടാസ്യം കൂടുതലടങ്ങിയ ഭക്ഷണം ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ജീവകം ബി–6 ന്റെ കലവറയാണ് ചക്കപ്പഴം ഇത് ഹൃദയസൗഹൃദ ജീവകമാണ് ചക്കപ്പഴത്തിലടങ്ങിയ റെറ്റ്‍വെറാറ്റോളിന് ഹൃദയത്തെ സംരക്ഷിക്കാനുളള കഴിവുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങളായ ആതറോസ്ക്ലീറോസിസ്, ഹൈപ്പർ ടെൻഷൻ മുതലായവയെ തടയാൻ ഇത് സഹായിക്കുന്നു.

പ്രമേഹം തടയാൻ

പ്രമേഹരോഗികൾക്ക് ചക്കപ്പഴം കഴിക്കാം. കുറഞ്ഞ അളവിൽ ചക്കപ്പഴത്തിൽ അന്നജം അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുളളതിനാൽ പ്രമേഹത്തിന്റെ സങ്കീർണതകളെ കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താൻ ചക്കപ്പഴത്തിനു കഴിയും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്ലാവിലയും പ്രമേഹത്തിന് ഒൗഷധം തന്നെ. പ്ലാവിലയിലടങ്ങിയ ചില രാസപദാർത്ഥങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും എന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനാഗ്രഹിക്കുന്നവർ ചക്കക്കുരു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. സ്റ്റാർച്ചിന്റെയും ‍ഡയറ്ററിഫൈബറിന്റെയും സ്രോതസ്സാണിത്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഇത്തരം ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.

ഊർജ്ജദായകം

ചക്കയിൽ ഫ്രക്ടോസ്, സൂക്രോസ് എന്നീ പഞ്ചസാരകൾ അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരം പെട്ടെന്ന് ആഗീരണം ചെയ്യുന്നതിനാൽ കുറച്ചു കഴിക്കുമ്പോൾ തന്നെ ഊർജ്ജം ലഭിക്കുന്നു. വർക്കൗട്ടിനു ശേഷം ഒരു ബൗൾ തണുത്ത ചക്കപ്പഴം കഴിക്കുന്നത് ക്ഷീണമകറ്റാൻ സഹായിക്കും.

കാഴ്ചശക്തിക്ക്

കണ്ണിന്റെ ആരോഗ്യത്തിന് സഹായകമായ നിരവധി പോഷകങ്ങൾ ചക്കപ്പഴത്തിലുണ്ട് ബീറ്റാ കരോട്ടിൻ , ജീവകം എ, ല്യൂട്ടിൻ, സീസാന്തിൻ എന്നിവയാണവ. കരോട്ടിനോയ്ഡുകളായ ല്യൂട്ടിനും സിയാന്തിനും കൂടിയ അളവിൽ റെറ്റിനയിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഉപദ്രവകരമായ പ്രകാശത്തെ അരിച്ച് കണ്ണിനെ സംരക്ഷിച്ച് ആരോഗ്യകരമായ കോശപ്രവർത്തനത്തെ സഹായിക്കുന്നു. മനുഷ്യശരീരത്തിന് ഈ പോഷണങ്ങളെ സംശ്ലേഷണം ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. തിമിരം, ഗ്ലൂക്കോമ, പേശികളുടെ നാശം ഇവയുടെ സാധ്യതയെ കുറയ്ക്കാൻ ചക്കപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മതി.

വിളർച്ച തടയുന്നു

രക്തം ഉണ്ടാകാൻ ആവശ്യമായ നിരവധി ജീവകങ്ങളും ധാതുക്കളും ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, ജീവകം ഇ കൂടാതെ കോപ്പർ, മാംഗനീസ്, മഗ്‍നീഷ്യം ഇവയും ചക്കപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചക്കപ്പഴത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. വിളർച്ച തടയാന്‍ ചക്കപ്പഴം കഴിച്ചാൽ മതിയാകും.

എല്ലുകളുടെ ആരോഗ്യത്തിന്

ചക്കപ്പഴത്തിൽ കാൽസ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകൾക്ക് ആരോഗ്യമേകുന്നു. അസ്ഥിസംബന്ധമായ അസുഖങ്ങളെ തടയാൻ സഹായിക്കുന്നു. സന്ധിവാതം, ഒാസ്റ്റിയോപോറോസിസ് ഇവയെല്ലാം വരാതെ തടയുന്നു.

ചക്കപ്പഴത്തിലടങ്ങിയ പൊട്ടാസ്യം, കാൽസ്യം നഷ്ടപ്പെടുന്നതിനെ തടയുക വഴി എല്ലുകളുടെ സാന്ദ്രത കൂട്ടി എല്ലുകളെ ശക്തിയും ആരോഗ്യവും ഉളളതാക്കി മാറ്റുന്നു. മഗ്നീഷ്യം ശരീരത്തിലെ കാൽസ്യത്തിന്റെ ആഗീരണത്തെ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ മാംഗനീസ്, ഫോസ്ഫറസ്, സിങ്ക് എന്നീ ധാതുക്കളും ചക്കപ്പഴത്തിലുണ്ട്.

എയ്ഡ്സിനെതിരെ

എയ്ഡ്സ് ബാധ വർദ്ധിക്കുന്നതു തടയാൻ ചക്കപ്പഴത്തിൽ അടങ്ങിയ ജാക്കലൈൻ എന്ന ഘടകത്തിനു കഴിയും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

തൈറോയ്ഡ് പ്രശ്നങ്ങൾക്ക്

ഹോർമോണുകളുടെ ഉൽപ്പാദനവും ആഗീരണവും നിയന്ത്രിച്ച് തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന കോപ്പർ ചക്കയിലുണ്ട്.

ചക്കക്കയ്ക്ക് ഇത്രയും ഗുണങ്ങളോ എന്നാവും നിങ്ങളുടെ ചിന്ത. ചക്കയെന്നാൽ അടിമുടി ആരോഗ്യം എന്നാണർത്ഥം. ഇനി താമസിക്കേണ്ട, അൽപം മിനക്കെട്ടാലും ചക്കവിഭവങ്ങൾ ആസ്വദിക്കൂ, ആരോഗ്യം കൂടെ വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close