
തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി ദിനം. നന്മയുടെ വിജയത്തിന്റെയും ധര്‍മ സംരക്ഷണത്തിന്റെയും സന്ദേശം കൂടിയാണ് വിജയദശമി നല്‍കുന്നത്. ത്രിലോകങ്ങള്‍ കയ്യടക്കിയ അസുര രാജാവായ മഹിഷാസുരന് എന്ന തിന്മയെ ദുര്‍ഗാ ദേവി നിഗ്രഹിക്കുകയും നന്മയുടെ ലോകം വീണ്ടെടുക്കുകയും ചെയ്തു. അതിനാല്‍ തന്നെ സര്‍വ്വ ശക്തയായ ദേവിയുടെ വിവിധ ഭാവങ്ങളെയാണ് വിജയ ദശമിയുടെ ഭാഗമായുള്ള ഒന്‍പത് ദിവസങ്ങളില്‍ ആചരിയ്ക്കുന്നത്. ആദ്യ മൂന്നു നാള് പാര്‍വതീ ദേവിയായും അടുത്ത മൂന്നു നാള് മഹാലക്ഷ്മിയായും, ഒടുവിലത്തെ മൂന്നു നാള് സരസ്വതിയായുമാണ് സങ്കല്‍പ്പിക്കുന്നത്.
എന്നാല്‍ വടക്കേ ഇന്ത്യയിലെ വിശ്വാസ പ്രകാരം രാവണന് മേല്‍ ശ്രീരാമന് വിജയം നേടിയതിന്റെ ആഘോഷമാണ് വിജയ ദശമി. ഐതിഹ്യപരമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും തിന്മയുടെ നിഗ്രഹം തന്നെയാണ് പ്രധാന ആശയം. കുഞ്ഞുങ്ങള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്കുള്ള യാത്ര ആരംഭിയ്ക്കുന്നതും വിജയ ദശമി ദിനത്തില്‍ തന്നെയാണ്. കൂടാതെ കര്‍മ രംഗത്തെ ഉയര്‍ച്ചയ്ക്കായി ആയുധപൂജ നടത്തുന്നതും പതിവാണ്. വിദ്യയും അറിവും കഴിവും മെച്ചപ്പെടുന്നതിന് ദേവീ പ്രീതി നേടാനായി ഈ ദിവസങ്ങളില്‍ പുസ്തകങ്ങളും ജോലിയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ പൂജിയ്ക്കുന്നതുമായ രീതി വിശ്വാസികള്‍ അനുഷ്ടിച്ചു പോരുന്നു. മഹാനവമി ദിനത്തില്‍ പൂജയ്ക്കായി സമര്‍പ്പിച്ച പുസ്തകങ്ങളും ആയുധങ്ങളും വിജയദശമി ദിനത്തിലെ പൂജയ്ക്ക് ശേഷമാണ് തിരിച്ചെടുക്കുന്നത്. പൂജ കഴിഞ്ഞ് എടുത്ത പുസ്തകങ്ങളും ആയുധങ്ങളും അല്പ നേരമെങ്കിലും പ്രാര്‍ഥനാപൂര്‍വ്വം ഉപയോഗിക്കണമെന്നാണ് വിശ്വാസം.
അറിവിന്റെ വെളിച്ചത്തിലേക്കെന്ന പ്രാര്‍ഥനകളോടെ പതിവ് ആഘോഷങ്ങളില്ലാതെയായിരുന്നു ഇത്തവണത്തെ വിദ്യാരംഭം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മിക്ക കുരുന്നുകളും ആദ്യാക്ഷരമധുരം നുണയുന്നത് വീടുകളില്‍നിന്നു തന്നെയാണെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. വിജയദശമി ദിനത്തില്‍ പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭം കുറിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശവും. അതേസമയം, വിദ്യാരംഭം നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഴുത്തിനിരുത്ത്. വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്താനായി കുഞ്ഞിങ്ങളുമായി രക്ഷിതാക്കള്‍ എത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കര്‍ശനനിയന്ത്രണങ്ങളാണ് ഇത്തവണ. അപ്നാ ക്യൂ ആപ്പിലൂടെ മുന്‍കൂട്ടി പേരുനല്‍കിയവര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തിരക്കില്ലാതെ വിദ്യാരംഭത്തില്‍ പങ്കെടുക്കാം. വിഷ്ണുനടയില്‍ പുരുഷസൂക്താര്‍ച്ചന, സരസ്വതിനടയില്‍ സാരസ്വതസൂക്താര്‍ച്ചന എന്നിവയോടെ വിദ്യാരംഭദിന പൂജകള്‍ ആരംഭിച്ചു. പുലര്‍ച്ചെ സരസ്വതിമണ്ഡപത്തില്‍ തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് പൂജയെടുക്കുന്നതോടെ എഴുത്തിനിരുത്താരംഭിച്ചു. ഒരേ സമയം പതിനഞ്ചു കുട്ടികളെ രക്ഷിതാക്കള്‍ അക്ഷരമെഴുതിക്കുന്നത്. സമ്പര്‍ക്കം ഒഴിവാക്കാന്‍ എഴുതാനുള്ള അരിയും തളികയും അവരവര്‍ തന്നെ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.