ഇന്ന് സംസ്ഥാനത്ത് ഒൻപത് പേർക്ക് കൊവിഡ് രോഗം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ കാസർകോട്ട് നിന്നും, മൂന്ന് പേർ കണ്ണൂരിൽ നിന്നും ഉള്ളവരാണ്. കൊല്ലത്തും മലപ്പുറത്തും ഒരോ ആൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗം മൂലം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 263 ആയി ഉയർന്നിട്ടുണ്ട്. 18,238 പേരുടെ സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. 12 പേരുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്.
ലോക്ക്ഡൗൺ ലഘൂകരണത്തിനുള്ള വിദഗ്ദ സമിതി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഭക്ഷണ സാധനങ്ങളുടെ സ്റ്റോക്കിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഴ്സുമാരുടെ സേവനങ്ങളെയും, കോട്ടയത്തെ നഴ്സ് രേഷ്മയുടെ കാര്യം എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം പ്രശംസിച്ചു.
എം.പി ഫണ്ട് നിർത്തലാക്കിയത് ന്യായമല്ലെന്നും ഇത് പ്രാദേശിക വികസനത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എം.പി ഫണ്ട് ജനങ്ങൾക്ക് അർഹതപ്പെട്ട പണമാണെന്നും അത് കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിനായി ഉപയോഗിക്കരുത്. അത് ഫെഡറൽ തത്വങ്ങൾക്ക് എതിരായ തീരുമാനമാണ്. എം.പി ഫണ്ട് കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാൻ അനുമതി നൽകണം.
വിൽപ്പനയ്ക്കുള്ള മത്സ്യങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയെന്നും കേടായ മത്സ്യങ്ങൾ വിൽക്കുന്നത് തടയാനായി കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കാം. വർക്ക് ഷോപ്പുകൾ ഞായറും വ്യാഴവും തുറക്കാം. സ്പെയർപാർട്സ് കടകളും ഞായറും വ്യാഴവും തുറക്കാം. ഇലക്ട്രീഷ്യന്മാർക്ക് വീടുകളിൽ റിപ്പയറിംഗ് നടത്താനായി പോകാം. മുഖ്യമന്ത്രി വ്യക്തമാക്കി.
മൃഗശാലകൾ അണുവിമുക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക അടുക്കളയുടെ പേരിൽ മത്സര ബുദ്ധിയോടെ ചിലർ പെരുമാറുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അക്കാര്യത്തിൽ മത്സരം വേണ്ടെന്നും അദ്ദേഹം അറിയിച്ചു. മത്സരത്തിനല്ല, ആവശ്യത്തിനാണ് അടുക്കളകൾ. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഇടപെടണം. കുട്ടികൾക്കായി ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിക്കണം. നടൻ മോഹൻലാൽ 50 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. അദ്ദേഹം അറിയിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ 238 ജനകീയ ഹോട്ടലുകൾ തുറന്നുവെന്നും മലബാർ ദേവസ്വത്തിലെ ജീവനക്കാർക്ക് ക്ഷേമനിധി വഴി സഹായമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. എം.എൽ.എ ഫണ്ട് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കാനായി ഉപയോഗിക്കണം. സംസ്ഥാനത്ത് 1,46,686 പേർ നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ 752 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.