KERALANEWS

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി

കോട്ടയം: പാലാരിവട്ടം കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇബ്രാഹിംകുഞ്ഞിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം മാത്രമാണ്. അറസ്റ്റ് ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഇബ്രാഹിം കുഞ്ഞ് നിര്‍മ്മാണ കരാര്‍ കമ്പനിക്ക് ഫണ്ട് അഡ്വാന്‍സ് ചെയ്തുവെന്നാണ് പ്രധാന ആരോപണം.

താഴേത്തട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പാസാക്കി അയച്ച ഫയലില്‍ മന്ത്രി ഒപ്പുവച്ചതാണ് കുറ്റമെങ്കില്‍ അത് എത്രയോ കാലമായി നടക്കുന്ന രീതിയാണ്. ഈ സര്‍ക്കാരിന്റെ കാലത്തും ഫണ്ട് അഡ്വാന്‍സ് നടക്കുന്നുണ്ട്. മാത്രമല്ല, മാനദണ്ഡങ്ങള്‍ പാലിച്ച് പലിശ് ഈടാക്കിയാണ് ഫണ്ട് അഡ്വാന്‍സ് ചെയ്തത്.നിര്‍മ്മാണ പാളിച്ചയുണ്ടായിയെന്ന് കമ്പനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ അതേ കമ്പനിക്ക് കരാറുകള്‍ നല്‍കുന്നു. പരാതിയുണ്ടെങ്കില്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയാണ് വേണ്ടത്. ഇതേ കമ്പനിക്ക് തിരുവനന്തപുരത്ത് മാത്രം ആയിരം കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.പാലാരിവട്ടം പാലത്തിന്റെ 70% നിര്‍മ്മാണമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്. അവസാന 30% ജോലികളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. പാലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമായാണ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി എടുത്തുകാണിച്ചത്. പാലത്തിന്റെ ടാറിംഗും കോണ്‍ക്രീറ്റും ഇളകിയെന്നാണ് ആക്ഷേപം. അത് നടത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്.പാലത്തില്‍ സുരക്ഷ പരിശോധന നടത്തിയ ചെന്നൈ ഐഐടി റോഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചാണ് സര്‍ക്കാര്‍ സുരക്ഷ പരിശോധന ഒഴിവാക്കിയതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയപ്രേരിത നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകും.

2017 ഒക്ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞടുപ്പ് നടക്കുമ്പോഴാണ് സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു.

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണികള്‍ പൂര്‍ത്തിയാക്കി 2016 ഒക്ടോബറില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പിണറായി സര്‍ക്കാരാണ്. അന്നില്ലാത്ത പരാതിയാണ് പിന്നീട് ഉയര്‍ന്നത്പാലത്തിന്റെ നിര്‍മാണത്തില്‍ പോരായ്മ ഉണ്ടായാല്‍ അത് ആര്‍ബിഡിസികെ കമ്പനിയുടെ ചെലവില്‍ പരിഹരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിന് അവര്‍ തയാറായിരുന്നു. പാലം പരിശോധിച്ച ചെന്നൈ ഐഐടി 7 കോടി രൂപയുടെ അറ്റകുറ്റപ്പണി നിര്‍ദേശിച്ചു. എന്നാല്‍, 20 കോടി രൂപയ്ക്ക് ടെണ്ടറില്ലാതെയാണ് ഈ പണി നല്കിയത്. പാലത്തിന്റെ റോഡ് ടെസ്റ്റ് നടത്തണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടത്തിയില്ല.

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെങ്കില്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനു പകരം അവര്‍ക്ക് തിരുവനന്തപുരത്തുമാത്രം 1000 കോടി രൂപയുടെ പ്രവൃത്തികള്‍ നല്കി. മലബാറില്‍ കെഎസ്ടിപിയുടെ രണ്ടു പ്രധാനപ്പെട്ട റോഡ് പണി ഉള്‍പ്പെടെ നിരവധി പ്രവൃത്തികള്‍ ലഭിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച 1500 കെട്ടിടങ്ങളും 2000 കോടി രൂപ മുടക്കി നിര്‍മിച്ച 245 പാലങ്ങളും ഒരു കുഴപ്പവുമില്ലാതെ തലയെടുപ്പോടെ നിലനില്‍ക്കുമ്പോഴാണ് ഒരു പാലത്തിന്റെ പേരില്‍ മന്ത്രിയെ രാഷ്ട്രീയപ്രേരിതമായി ക്രൂശിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close