KERALANEWS

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും, കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നാല് ദിവസം കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. നേരത്തെ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്തിരുന്നു. കര്‍ശന നിബന്ധനകളോടെയാണ് വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നത്. ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. അതേസമയം, തന്റെ ജാമ്യഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.

കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിന് ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വി.കെ. ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുമായി വന്നതുകൊണ്ടാണ് മുന്‍കൂര്‍ തുക ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയത്. കൂടാതെ ഗുരുതര രോഗത്തിനാണ് ചികിത്സയിലുള്ളത്. മികച്ച ചികിത്സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. പാലം നിര്‍മാണ ചുമതലയുള്ള ആര്‍ഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം അനുവദിച്ചുവെന്നതാണ് മുന്‍മന്ത്രിക്കെതിരെയുള്ള കുറ്റം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close