KERALANEWS

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് സ്വര്‍ണക്കടത്ത് ബാലന്‍സ് ചെയ്യാന്‍: കുഞ്ഞാലികുട്ടി


കൊച്ചി: പാലാരിവട്ടം പാലം കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്ന് കുഞ്ഞാലികുട്ടി. മുന്‍കൂട്ടി പ്രഖ്യാപിച്ച് യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്യുന്ന സ്ഥിതിവിശേഷമാണെന്നാണ് ലീഗ് നിലപാട്. ഇബ്രാഹിം കുഞ്ഞിനെതിരായ കേസില്‍ അന്വേഷണം നേരത്തെ പൂര്‍ത്തിയായതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസ് ബാലന്‍സ് ചെയ്യാന്‍ സര്‍ക്കാര്‍ കളിക്കുന്ന നാടകമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.’അറസ്റ്റ് ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് വിവരമുണ്ടായിരുന്നു. അറസ്റ്റിനായി രണ്ടു മൂന്നു ദിവസങ്ങളായി യോഗങ്ങള്‍ നടന്നു. നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നത്.ഇടതുമുന്നണിക്ക് ഇത് വലിയ നഷ്ടമുണ്ടാക്കും. അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ അപ്പോള്‍ ചെയ്യണമായിരുന്നു. തോന്നുമ്പോള്‍ പറ്റില്ല.പാലം പൊളിഞ്ഞതിന് മന്ത്രിയെ എന്തിന് കുറ്റപ്പെടുത്തുന്നുവെന്നും’ കുഞ്ഞാലികുട്ടി ചോദിച്ചു. രാഷ്ട്രീയമായും നിയമപരമായും ഈ അറസ്റ്റിനെ നേരിടുമെന്നും മുസ്ലീം ലീഗ് പ്രതികരിച്ചു.അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റേയും പ്രതികരണം. ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. ഇന്നലെ രാത്രി 7 ഓടെയായിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്താലും അദ്ദേഹത്തിന് ചികിത്സ തുടരും. ഇബ്രാഹിം കുഞ്ഞ് കാന്‍സര്‍ ചികിത്സയിലായിരുന്നുവെന്നാണ് ലേക്ക്ഷോര്‍ ആശുപത്രി ഡോക്ടര്‍ വ്യക്തമാക്കിയത്. ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കുന്ന ഡോക്ടര്‍ ഗംഗാധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇബ്രാഹിം കുഞ്ഞിനെ പുറത്ത് കൊണ്ട് പോയാല്‍ അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍ പ്രതികരിച്ചു.അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടര്‍മാരും വിജിലന്‍സ് സംഘവും കൂടിക്കാഴ്ച നടത്തിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതി കേസില്‍ നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് സംഘം ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് സംഘത്തിനൊപ്പമായിരുന്നു വിജിലന്‍സ് സംഘം എത്തിയത്.ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നാണ് കുടുബം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം വീട്ടില്‍ പരിശോധന നടത്തി. ഡിവൈഎസ്പി അടക്കം പത്ത് പേരായിരുന്നു വീട്ടിലെത്തിയത്. കേസില്‍ ഇ ശ്രീധരനെ സാക്ഷിയാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close