
ന്യുഡല്‍ഹി:ഈ വര്‍ഷം ഡിസംബറില്‍ 21 ഇരട്ട എന്‍ജിനുള്ള മിഗ് -29 ജെറ്റുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഒരുങ്ങി ഇന്ത്യന്‍ വ്യോമസേന. 1980-90 കാലഘട്ടങ്ങളില്‍ മികച്ച യുദ്ധവിമാനങ്ങളില്‍ ഒന്നായിരുന്ന മിഗ് 29 ജെറ്റുകളുടെ ഉത്പാദനം നിലവില്‍ നടത്തുന്നില്ലെങ്കിലും ഇവയുടെ എയര്‍ഫ്രെയിമുകള്‍ ഇപ്പോഴും റഷ്യയുടെ കൈയില്‍ ഉണ്ട്.അതിനാല്‍ ജെറ്റുകള്‍ വാങ്ങി ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്തതിനു ശേഷം ആയിരിക്കും ഇന്ത്യയില്‍ എത്തിക്കുക എന്നാണ് സുരക്ഷാ, പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്.
വ്യോമസേന ആദ്യം റഷ്യയില്‍ നിന്നും മിഗ് -29 വിമാനങ്ങള്‍ക്കും പിന്നീട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിക്കുന്ന 12 സു-30 എംകെഐ വിമാനങ്ങള്‍ക്കും ആയിരിക്കും ഓര്‍ഡര്‍ നല്‍കുക. ഇതിന് പുറമെ തദ്ദേശമായി വികസിപ്പിച്ചെടുത്ത 83 ലൈറ്റ് കോമ്പാക്ട് തെജസ് മാര്‍ക്ക് 1 യുദ്ധവിമാനങ്ങള്‍ക്കും ഉടന്‍ തന്നെ ഓര്‍ഡര്‍ നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.1980ലാണ് അവസാനമായി മിഗ് -29 സേവനത്തിന് ഉപയോഗിച്ചത്. എയര്ഫ്രെയിമുകളില് നടത്തിയ പുതിയ പഠനത്തില്‍ അവ മെച്ചപ്പെട്ട നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.അപ്ഗ്രേഡ് ചെയ്ത വിമാനത്തിന് ഡിജിറ്റല്‍ സ്ക്രീനുകളുള്ള ഗ്ലാസ് കോക്ക്പിറ്റ് ഉള്‍പ്പെടെ ഏറ്റവും പുതിയ സവിശേഷതകളാണ് ഉള്ളത്. കൂടാതെ എയര്‍-ടു-ഗ്രൗണ്ട്, എയര്‍-ടു-എയര്‍, ആന്റി ഷിപ്പിംഗ് ഓപ്പറേഷനുകളിലും ഈ വിമാനങ്ങളെ ഉപയോഗിക്കാന്‍ കഴിയും.