ഇലക്ടറല്‍ കോളജ് വോട്ടിങ് സംവിധാനം

ഇലക്ടറല്‍ കോളജ് ആണ് ജനകീയ വോട്ടുകളേക്കാള്‍ നിര്‍ണായകം ആവുന്നത് എന്നത് കൊണ്ട് ഈ സംവിധാനം എന്താണ് എന്ന് മനസിലാക്കാന്‍ അമേരിക്കയുടെ സ്ഥാപക നേതാക്കളുടെ കാഴ്ചപ്പാടു നമ്മള് തെരയേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ വലുപ്പവും ജനസംഖ്യയും കണക്കിലെടുത്താണ് ഇലക്ടറല്‍ കോളജില്‍ അവരുടെ അംഗസംഖ്യ നിശ്ചയിക്കുന്നത്. ജനസംഖ്യ കൊണ്ടും സമ്പത്തു കൊണ്ടും വലുതെന്നു വിശേഷിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ അധികാരം കൈയ്യില്‍ ഒതുക്കുന്നത് തടയാനാണ് ഈ ഏര്‍പ്പാടുണ്ടാക്കിയത് എന്നാണ് വാദം. ഈ സംവിധാനത്തില്‍ വോട്ട് കുറവുള്ള ‘കൊച്ചു’ സംസ്ഥാനങ്ങളുടെയും ശബ്ദം പ്രസിഡന്റ് കേള്‍ക്കേണ്ടി വരും. എന്നാല്‍ ജനകീയ തീരുമാനം അതില്‍ അട്ടിമറിക്കപ്പെടുന്നു എന്ന വിമര്‍ശനവുമുണ്ട്. 2000 ല്‍ ബുഷിന്റെയും 2016 ല്‍ ഡൊണാള്‍ഡ് ട്രംപിന്റെയും വിജയം തന്നെ ഉദാഹരണം. എതിരാളികള്‍ ആയിരുന്നു ജനകീയ വോട്ടില്‍ മുന്നിലെത്തിയത്. പക്ഷെ അവര്‍ ഇലക്ടറല്‍ കോളജില്‍ തോറ്റു. അങ്ങിനെ വരുമ്പോള്‍ അന്‍പതു സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡി സിയിലും ജനങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ അപ്രസക്തമാകുന്നു എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്ടറല്‍ കോളജ് അംഗങ്ങളെ സംസ്ഥാനങ്ങള്‍ ആണ് തെരഞ്ഞടുക്കുക. ഗവര്‍ണര്‍മാര്‍ അവരുടെ പേരുകള്‍ പ്രഖ്യാപിക്കും. മെയ്ന്‍, നെബ്രാസ്ക എന്നിവ ഒഴികെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ള നിയമം അനുസരിച്ച്, സംസ്ഥാനം ജയിച്ച സ്ഥാനാര്‍ഥിക്കു അവിടന്നുള്ള ഇലക്ടറല്‍ അംഗങ്ങള്‍ വോട്ട് ചെയ്യണം.
ഓരോ സംസ്ഥാനത്തിനും ഹൗസിലെ അംഗങ്ങള്‍ക്ക് ആനുപാതികമായാണ് ഇലക്ടറല്‍ കോളജിലെ അംഗത്വം. ഓരോ സംസ്ഥാനത്തെയും രണ്ടു സെനറ്റര്‍മാര്‍ക്ക് തുല്യമായി രണ്ടു അംഗങ്ങളും ഉണ്ടാവും. ഇലക്ടറല്‍ കോളജ് ഒരിക്കലും ഒന്നിച്ചു സമ്മേളിക്കാറില്ല. ഡിസംബറിലെ രണ്ടാം ബുധനാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ച അംഗങ്ങള്‍ സ്വന്തം സംസ്ഥാനത്തു വോട്ട് ചെയ്യുന്നു.
കലിഫോണിയ സംസ്ഥാനത്തിനാണ് ഏറ്റവും അധികം ഇലക്ടറല്‍ വോട്ട്: 55. ഇത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച കോട്ടയാണ്. രണ്ടാം സ്ഥാനത്തു 38 ഉള്ള ടെക്സസ് റിപ്പബ്ലിക്കന്‍ കോട്ടയാണെന്നു പറയാം. എന്നാല്‍ ഇരുവര്‍ക്കും ഉറപ്പാക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളുണ്ട്. ഇരു വശത്തേക്കും മറിയാവുന്ന ഈ സംസ്ഥാനങ്ങളെ പോര്‍ക്കളങ്ങള്‍ എന്ന് വിളിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ വിജയം ആണ് സ്ഥാനാര്‍ഥിക്കു നിര്‍ണ്ണായകമാവുക. സാധാരണ ഗതിയില്‍ ഫ്ളോറിഡയ്ക്ക് പുറമെ മിഷിഗണ്‍, വിസ്കോണ്‍സിന്‍, പെന്‍സില്‍വേനിയ, ഒഹായോ, നോര്‍ത്ത് കാരോലിന ഇവയൊക്കെയാണ് ഈ മാറിമറിയാവുന്ന സംസ്ഥാനങ്ങള്‍. ഇക്കുറി റിപ്പബ്ലിക്കന്‍ ചായ്വുള്ള അരിസോണയെയും ഉള്‍പ്പെടുത്തി നിരീക്ഷകര്‍.
ഇലക്ടറല്‍ വോട്ടുകളുടെ നില ഇങ്ങിനെയാണ്:
കലിഫോണിയ 55
ടെക്സസ് 38
ഫ്ളോറിഡ 29
ന്യു യോര്‍ക്ക് 29
ഇലനോയ് 20
പെന്‍സില്‍വേനിയ 20
ഒഹായോ 18
ജോര്‍ജിയ 16
മിഷിഗണ്‍ 16
നോര്‍ത്ത് കാരോലിന 15
ന്യു ജേഴ്സി 14
വിര്‍ജീനിയ 13
വാഷിംഗ്ടണ്‍ 12
അരിസോണ, ഇന്ത്യാന, മാസച്യുസെറ്സ് , ടെനസി 11 വീതം
മേരിലാന്‍ഡ്, മിനസോട്ട, മിസൂറി, വിസ്കോണ്‍സിന്‍ 10 വീതം
അലബാമ, കൊളറാഡോ, സൗത്ത് കാരോലിന 9 വീതം
കെന്റക്കി, ലൂസിനായ 8 വീതം
കണക്ടിക്കട്ട്, ഒക്ലഹോമ, ഒറിഗണ്‍ 7 വീതം
അര്‍ക്കന്‍സോ, അയോവ, കന്‍സാസ്, മിസിസിപ്പി, നെവാഡ, യൂട്ടാ 6 വീതം
നെബ്രാസ്ക, ന്യു മെക്സിക്കോ, വെസ്റ്റ് വിര്‍ജീനിയ 5 വീതം
ഹവായ്, ഇഡാഹോ, മെയ്ന്‍, ന്യു ഹാംപ്ഷയര്‍, റോഡ് ഐലന്‍ഡ് 4 വീതം
അലാസ്ക, ഡെലവെര്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വെര്‍മണ്ട്, വ്യോമിംഗ് 3 വീതം.
മൊത്തം 538.
ഇലക്ടറല്‍ കോളജ് സംവിധാനം അവസാനിപ്പിച്ച് ജനകീയ വോട്ടുകള്‍ മാത്രം കണക്കിലെടുക്കണമെന്നു പ്രസിഡന്റായിരിക്കെ ജിമ്മി കാര്‍ട്ടര്‍ 1977 ല്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിക്കയുണ്ടായി. ജനകീയമായ പിന്‍ബലം അതിനു കിട്ടി. പക്ഷെ അമേരിക്കന്‍ കോണ്‍ഗ്രസ് അങ്ങിനെ പിടികൊടുക്കുന്ന സംഭവമല്ല. ഒട്ടേറെ നിക്ഷിപ്ത താല്പര്യങ്ങള് കൈ വിടേണ്ടി വരും എന്ന് ഉറപ്പായതിനാല്‍ അവര്‍ കാര്‍ട്ടറുടെ നിര്‍ദേശം തട്ടിന് പുറത്തു വച്ചു.