KERALANEWS

ഇല്ലാതാകുന്നു കല്ലാറും

തണ്ണിത്തോട് : രൂക്ഷമായ പ്ലാസ്റ്റിക് മാലിന്യങ്ങളും തോട്ട ഉള്‍പ്പടെ ഉപയോഗിച്ചുള്ള മീന്‍ പിടുത്തവും മൂലം കല്ലാറ്റിലെ മത്സ്യ സമ്പത്തും മറ്റു ജീവജാലങ്ങളും വന്‍ ഭീഷണിയാണ് നേരിടുന്നത്. കല്ലാറ്റിലെ തട്ടാത്തി കയം, മുണ്ടോംമൂഴിക്കും ഇലവുങ്കല്‍ തോടിനും ഇടയ്ക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് മാലിന്യങ്ങള്‍ കൂടുതലായും ഉള്ളത്. തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള മാലിന്യാവശിഷ്ടങ്ങള്‍ കല്ലാറ്റിലേക്ക് എത്തിച്ചേരുന്ന ചെറുതും വലുതുമായ തോടുകളിലേക്കാണ് ഉപേക്ഷിക്കുന്നത്.മഴക്കാലത്ത് ഇവ ഒഴുകി കല്ലാറ്റിലേക്ക് എത്തുകയും ചെയ്യുന്നു. രാസമാലിന്യങ്ങള്‍ കലര്‍ന്ന കുപ്പികള്‍ വരെ ഈ കൂട്ടത്തിലുണ്ട്. മാലിന്യങ്ങള്‍ തോടുകളിലേക്ക് വലിച്ചെറിയാതെ ഇത് സംസ്‌കരിക്കുവാനുള്ള നടപടികളും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. തണ്ണിത്തോട് റോഡിലൂടെ പോകുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളും മറ്റും കല്ലാറ്റിലേക്ക് വലിച്ചെറിയുന്നുമുണ്ട്.
മുണ്ടോംമൂഴി ഭാഗത്തെ ആനത്താരകളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നു. ശീതള പാനീയങ്ങളുടെ കുപ്പികള്‍ ഉള്‍പ്പെടെ ആനകള്‍ ഭക്ഷിക്കുന്നതിനും സാധ്യതയേറെയാണ്. പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെ നദിയിലൂടെ ഒഴുകി വന്ന് നദീതീരത്തെ മര കൊമ്പുകളില്‍ തട്ടി നില്‍ക്കുന്നതും പതിവ് കാഴ്ച്ചയാണ്. രാസവസ്തുകള്‍ അടങ്ങിയ കുപ്പികള്‍ നദിയിലെ മത്സ്യങ്ങളുടെ ജീവനും ഭീഷണിയാകുന്നു.ഇരട്ടകല്ലാര്‍ പദ്ധതിപ്രദേശമായ രണ്ടാറ്റുമൂഴിയിലെ മേടുകളില്‍ നിന്ന് ഉത്ഭവിക്കുന്ന കല്ലാറ് വടശേരിക്കരയില്‍ വച്ച് പമ്പയിലാണ് ചേരുന്നത്. നദിയൊഴുകുന്ന ഭൂരിഭാഗം പ്രദേശങ്ങളും വനമേഖലയാണ്. ഇതുമൂലം മത്സ്യങ്ങള്‍ ഇഷ്ടം പോലെയാണ് കല്ലാറ്റില്‍ നിന്ന് ലഭിക്കുന്നത്. ഏഴാന്തല, തണ്ണിത്തോട്, അടവി, പേരുവാലി, കൊച്ചുതടിപ്പന, വലിയ തടിപ്പന, കുറുവ , ചേറുവാള, മക്കുവള്ളി, കടവുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ കല്ലാറ്റില്‍ നിന്നുള്ള മീന്‍ പിടുത്തം സാധാരണ കാഴ്ചയാണ്.
വ്യത്യസ്ത തരത്തിലുള്ള നിരവധി മത്സ്യങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഇതില്‍ ചേറുമീന്‍, കല്ലേമുട്ടി, വ്‌ളാഞ്ഞില്‍, ആരകന്‍, പള്ളത്തി, കൂരല്‍, വരാല്‍, പരല്‍ തുടങ്ങിയവയുമുണ്ട് . ഇവിടെയുള്ള മത്സ്യ സമ്പത്തിനെ കുറിച്ചറിഞ്ഞ് മീന്‍ പിടിക്കാനായി ഈ പ്രദേശത്തേക്ക് പുറത്തുനിന്നും നിരവധി ആളുകള്‍ വന്നു തുടങ്ങി. നഞ്ചും തുരിശും കലക്കിയും തോട്ടപൊട്ടിച്ചുമാണ് ഇവര്‍ ഇവിടെ മീന്‍ പിടിക്കുന്നത്. പറങ്കിമാവിന് തളിക്കുന്ന കീടനാശിനി വെള്ളത്തില്‍ കലര്‍ത്തി മീന്‍ പിടിക്കുന്ന രീതിയും അടുത്തകാലത്ത് തുടങ്ങി. ഇതുമൂലം നദിയിലെ ജീവജാലങ്ങളും ചത്തൊടുങ്ങി തുടങ്ങി.ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിലെ സെന്‍ട്രിഫ്യൂജഡ് ലാറ്റക്‌സ് ഫാക്ടറിയിലെ മലിനജലം കല്ലാറ്റിലേക്ക് ഒഴുക്കി വിടുന്നതും കല്ലാറ്റിലെ നന്നായി ബാധിച്ചിരിക്കുകയാണ്. പച്ഛിമഘട്ട പുഴകളുടെ സ്വന്തം മത്സ്യമെന്ന് അറിയപ്പെട്ടിരുന്ന മിസ് കേരള എന്ന മത്സ്യം മുന്‍പ് കല്ലാറ്റില്‍ സുലഭമായിരുന്നെങ്കിലും ഇന്ന് അവയ്ക്ക് നാശം സംഭവിച്ചിരിക്കുകയാണ്. മൂന്നടി നീളമുള്ള തലമീന്‍ പാമ്പിനെ പോലെയുള്ള ബ്ലാഞ്ഞില്‍ രണ്ടിഞ്ച് നീളമുള്ള കരിമീന്റെ പതിപ്പായ പള്ളത്തി , കരയില്‍ ഇട്ടാല്‍ പെട്ടെന്ന് ചാകാത്ത കല്ലേമുട്ടി ഇവയെല്ലാം കല്ലാറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ഇതു കൂടാതെ തവള, ആമ, ഞണ്ട്, എന്നിവയും ഭീഷണി നേരിടുകയാണ്. പ്രദേശ വാസികള്‍ പലപ്പോഴായി ഈ പ്രശ്‌നം അധികൃതരുടെ മുന്‍പില്‍ എത്തിച്ചെങ്കിലും അവര്‍ വേണ്ട നടപടികള്‍ എടുക്കാതെ നിസ്സംഗഭാവം നടിക്കുകയാണ് എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. കല്ലാറ്റിലെ ജീവജാലങ്ങളുടെയും മത്സ്യങ്ങളുടെയും സംരക്ഷണത്തിന് അധികൃതര്‍ ഉടനെ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close