ഇസ്രായേല്‍- യു എ ഇ: മധ്യേഷ്യന്‍ ഇന്ത്യന്‍ രാഷ്ട്രീയം മാറ്റിമറിക്കുന്ന നയതന്ത്രം

ദീപ പ്രദീപ്
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് കാരണമായേക്കാം എന്ന് വിലയിരുത്തപ്പെടുന്ന ചരിത്ര തീരുമാനത്തന്റെ ഭാഗമായാണ് യുഎഇയും ഇസ്രായേലും എത്തിച്ചേര്‍ന്നിരിക്കുന്നത്. 1979ല്‍ ഈജിപ്തും 1994ല്‍ ജോര്‍ദനും ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചിരുന്നെങ്കിലും യു എ ഇഉള്പെടുന്ന അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കുവാനും അവരുമായി ഔപചാരിക നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ പുലര്‍ത്തുവാനും തയാറായിരുന്നില്ല.ഈ ഒരു പശ്ചാത്തലത്തില്‍ എങ്ങനെയാണ് ഇരു രാജ്യങ്ങളും ഒരു നയതന്ത്ര ഉടമ്പടിയുടെ ഭാഗമായിത്തീര്ന്നതെന്നും ഇവര്‍ക്കിടയില്‍ നിലനിന്ന പ്രേശ്നങ്ങള്‍ എന്തെല്ലാമെന്നും അറിയേണ്ടത് അത്യാവശ്യമാണ്.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും സമാധാനപരമായി കൈകാര്യം ചെയ്യുന്ന രീതിയാണ് ‘നയതന്ത്രം’.ആധുനിക കാലത്ത് വളരെയധികം വ്യവസ്ഥാപിതമായിരുന്നു ഇത്. വിദേശനയം നടപ്പിലാകുന്നത് നയതന്ത്രത്തിലൂടെ ആയതുകൊണ്ട് തന്നെ ഇത് രാഷ്ട്രത്തിന്റെ ഉപകരണം മാത്രമല്ല, രാഷ്ട്ര വ്യവസ്ഥിതിയുടെ സ്ഥാപനങ്ങളില്‍ ഒന്നു കൂടിയാണ്.
ഇസ്ലാമിക സംസ്കാരവും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ്- ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്ക് അടിസ്ഥാനം എന്നു വാദിക്കുന്നവരും, ഈ പൊരുത്തമില്ലായ്മ കളെക്കാള്‍ കൂടുതലായി മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാര്‍ത്ഥ കാരണമെന്നു വിശ്വസിക്കുന്ന രണ്ടു വിഭാഗം ഇന്നും നിലനില്ക്കുന്നു. എന്തായാലും ലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച അറബ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമം സംഭവിച്ചിരിക്കുന്നത്. ഒരു സ്വതന്ത്ര യഹൂദരാജ്യം പാലസ്തീനില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സയണിസ്റ്റുകള്‍ ബ്രിട്ടന്റെ മേല്‍ ചെലുത്തിയ സമ്മര്‍ദ്ദമാണ് പാലസ്തീന് ഒരു പ്രശ്നമായി ഉയരുന്നതിന് പ്രധാന കാരണമായത്. ഒരു യഹൂദ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ യൂറോപ്പിലും റഷ്യയിലും മറ്റു രാജ്യങ്ങളിലുമുള്ള യഹൂദജനത അനുഭവിച്ചിരുന്ന മര്‍ദ്ദനങ്ങള്‍ക്ക് അറുതി വരുത്തുക എന്നതായിരുന്നു ഈ ലക്ഷ്യത്തിന് കാരണം. ബ്രിട്ടന് യഹൂദന്മാരുടെ സഹായം ആവശ്യമായിരുന്നത് കൊണ്ട് അവര്‍ അറബികളുടെ അറിവില്ലാതെ പാലസ്തീനില്‍ യഹൂദന്മാര്ക്ക് ഒരു മാതൃരാജ്യം വാഗ്ദാനം ചെയ്തു.
1946 ജൂണ്‍ മുതല്‍ ഭീകരമായ ആഭ്യന്തര സമരം പൊട്ടിപ്പുറപ്പെട്ടു. യഹൂദ -ബ്രിട്ടീഷ് സംഘട്ടനത്തിന്റെ ഫലമായി നിയമസംവിധാനം തകര്‍ന്നു. 1948 മെയ് 14ന് ബ്രിട്ടീഷുകാര്‍ പാലസ്തീന് വിട്ടതോടെ സിയോണിസ്റ്റ് പ്രസ്ഥാനക്കാര്‍ ടെല്‍ അവിവില്‍ സമ്മേളിച്ച സ്വതന്ത്ര ഇസ്രായേല്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും, അന്നുതന്നെ യുഎസ് താല്‍ക്കാലിക ഗവണ്മെ ന്റിനെ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ജോര്‍ദാന്‍ ,ഈജിപ്ത് സിറിയ ,ലബനാന് എന്നീ രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയുമുണ്ടായി. ഇറാഖിനും ലേബനനിനും എതിരെ ഇസ്രായേല്‍ നടത്തിയ കടന്നാക്രമണങ്ങളും അതേതുടര്ന്ന് പാലസ്തീന് മേഖലയിലാകെ ഇസ്രായേലിനെതിരെ വ്യാപകമായി വളര്‍ന്ന രോഷവും ചെറുത്തുനില്‍പ്പും 1987 ല്‍ ‘ഇന്‍തിഫാദ’ (ഇന്‍തിഫാദ എന്നാല്‍ ഉയര്‍ത്തെഴുന്നേല്‍പ്പ്, ചെറുത്തുനില്‍പ്പ് എന്നര്‍ത്ഥം) എന്ന സംഘടിത ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തില്‍ ചെന്നെത്തി.ഇന്‍തിഫാദയുടെ വ്യാപ്തിയും ശക്തിയും ലോക രാഷ്ട്ര സമൂഹത്തെ ഉണര്‍ത്തുകയും, ഐക്യരാഷ്ട്രസഭയും ചില സമാധാന വാദികളായ രാഷ്ട്രങ്ങളും മധ്യസ്ഥതയ്ക്ക് തയ്യാറാവുകയും ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന അറബ് -ഇസ്രായേല്‍ പ്രശ്നങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിരാമം കുറിച്ചത്. ചരിത്രപരമായ ഒരു നയതന്ത്ര ബന്ധത്തിനാണ് ട്രംപിന്റെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും ഒപ്പു വെച്ചിരിക്കുന്നത്.