ഇ-ലൈംഗികത സജീവമാകുന്നു…

ചെന്നൈ നഗരം മെല്ലെ തിരക്കൊഴിഞ്ഞ് ശാന്തമായി. ഉറങ്ങിക്കിടക്കുന്ന കുട്ടികളെ ഒന്നുകൂടി നോക്കിയിട്ട് ലക്ഷ്മി പുറത്തേക്കിറങ്ങി. പതിവുപോലെ കടുംചായങ്ങള്‍ മുഖത്തു പുരട്ടി ഫോണിലേക്ക് നോക്കിയപ്പോള്‍ മാസങ്ങള്‍ക്കു മുന്‍പ് വരെ വഴിയരികിലുള്ള കാത്തിരിപ്പിന്റെ ഓര്‍മ്മകള്‍ പൊതിയുന്നുണ്ടായിരുന്നു. പതിവ് ഇടപാടുകാരുടെ വിളികള്‍ ഫോണിലേക്കെത്തിത്തുടങ്ങിയപ്പോള് അന്നത്തെ ജോലിയിലേക്ക് കടന്നു.
ഈ ലോക്ഡൗണ്‍കാലം എല്ലാ തൊഴില്‍ മേഖലകളിലും പരിണാമമുണ്ടാക്കുന്നുണ്ട്. ഇത് ലൈംഗികത്തൊഴിലാളികളെയും പുതിയ രീതികളിലേക്ക് നയിക്കുന്നു. രാത്രിയുടെകൂട്ടുപിടിച്ച് വഴിയരികിലും ബസ് സ്റ്റോപ്പിലും ആവശ്യക്കാരെ കാത്തുനില്ക്കാന് ഇന്നവര്‍ തയ്യാറല്ല. കോവിഡ് ഭീതിയില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണിവര്‍.
യാദൃശ്ചികമായി ഏതെങ്കിലും ഇടപാടുകാരെ കിട്ടിയാല്‍ത്തന്നെ മാസ്കിന്റെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയില്ല. അവര്‍ മടങ്ങിയശേഷം പലവട്ടം വീടും മുറിയും ശുചിയാക്കുകയും എല്ലാവിധ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. സുരക്ഷിതത്വം മുന്നില്‍ക്കണ്ട് സ്വന്തം തൊഴിലിനെ ഫോണിലേക്കു പറിച്ചു നടാനുള്ള ശ്രമത്തിലാണിവര്‍. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പ്രതിഫലം സ്വീകരിക്കുകയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന പുതിയ രീതികള്‍ ഇന്ന് നിലവിലുണ്ട്. ഒഴിവുസമയങ്ങളില്‍ ഇവര്‍ ലൈംഗിക ചാറ്റിലും സംഭാഷണങ്ങളിലും എങ്ങനെ നിപുണരാകാം എന്നും പഠിക്കുന്നു. ഇടപാടുകാരില്‍ നിന്ന് പല വിചിത്രമായ അഭ്യര്‍ത്ഥനകളും ലഭിക്കാറുണ്ടെന്ന് സോനഗച്ചിയിലുള്ള ഇരുപത്തഞ്ചുകാരിയായ ലൈല പറയുന്നു. നഗ്നഫോട്ടോകള്ക്കുപുറമെ കൊല്‍ക്കത്തയുടെ തനതായ ചുവപ്പു ബോര്‍ഡറുള്ള വെള്ളസാരിയുടുത്തു കാണാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നവരുമുണ്ട്.
ലൈംഗികത്തെരിവുകള് ഇല്ലാത്ത നഗരങ്ങളിലും ഇ-ലൈംഗികത സജീവമാണ്. നൂതനസാങ്കേതിക വിദ്യക്ക് ആവശ്യക്കാരേറെയാണെന്നും സ്ത്രീകള്‍ ഇത് നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് ചില സാമൂഹ്യ സംഘടനകള്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞത്. തമിഴ്നാട്ടിലും മറ്റും ലൈംഗികത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക സ്ഥലമില്ലാത്തതിനാല്‍ ഈ സൗകര്യം അവര്‍ ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്. പലപ്പോഴും വാട്സാപ്പ് വീഡിയോകോള്‍ വഴിയാണ് ഇടപാടുകള്‍ നടക്കുന്നത്. ആളെ ഇഷ്ടമായാല്‍ വിലപേശലിനുശേഷം തുകയുറപ്പിക്കുകയും ഇ-വാലറ്റുകള്‍ വഴിയോ മറ്റേതെങ്കിലും ഡിജിറ്റല്‍ വഴികളിലൂടെയോ പണമടക്കുകയും ചെയ്യുന്നു.
ദേവന്റെദാസിയായി കുടിയിരുത്തി ഒടുവില്‍ കലങ്ങിയമിഴികളും ഉടഞ്ഞവളപ്പൊട്ടുകളുമായി തെരിവിലേക്കിറങ്ങിയവരെ കാലം ഇന്ന് ഒരു മരീചികപോലെ മാറ്റിയിരിക്കുയാണ്. ഒരു സ്ക്രീനിനുമുന്നില്‍ വാത്സ്യായനപാഠവം പരീക്ഷിക്കുമ്പോള്‍ കാലം അതിനെ ഏറ്റെടുക്കുന്നത് ചുരുങ്ങിയ ഈ അടച്ചിടല്‍ കാലത്തേക്ക് മാത്രമാകുമോ എന്ന ചോദ്യമാണുയരുന്നത്. എല്ലാം പഴയരീതിയിലേക്ക് തിരികെ എത്തിയാലും ഇല്ലെങ്കിലും കാലത്തിനൊപ്പം ഈ കൂട്ടരും ഉയര്‍ന്നു കഴിഞ്ഞു എന്നത് സുവ്യക്തമാണ്.